Quantcast

വുമൻസ് അണ്ടർ 19 ട്വന്റി 20; ഹൈദരാബാദിനെതിരെ കേരളത്തിന് തോൽവി

മഴമൂലം 10 ഓവറിൽ 58 റൺസായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെയാണ് ഹൈദരാബാദ് മറികടന്നത്.

MediaOne Logo

Sports Desk

  • Published:

    26 Oct 2025 6:34 PM IST

Womens Under-19 Twenty20; Kerala loses to Hyderabad
X

മുംബൈ: വുമൻസ് അണ്ടർ 19 ട്വന്റി 20 ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി. ഹൈദരാബാദിനോട് ഏഴ് വിക്കറ്റിനാണ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. ഹൈദരാബാദിന്റെ മറുപടി ബാറ്റിങ്ങിനിടെ മഴ കളി തടസ്സപ്പെടുത്തി. തുടർന്ന് വിജെഡി നിയമപ്രകാരം വിജയലക്ഷ്യം പത്ത് ഓവറിൽ 58 റൺസായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഹൈദരാബാദ് 9.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ തുടക്കം മോശമായിരുന്നു. 26 റൺസെടുക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ലെക്ഷിത ജയൻ ആറും ശ്രദ്ധ സുമേഷ് 14ഉം ശ്രേയ പി സിജു പൂജ്യത്തിനും പുറത്തായി. തുടർന്നെത്തിയവരിൽ 20 റൺസെടുത്ത ആര്യനന്ദ മാത്രമാണ് പിടിച്ചു നിന്നത്. കളിയുടെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ കഴിയാതെ വന്നതോടെ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് മാത്രമാണ് നേടാനായത്. ഹൈദരാബാദിന് വേണ്ടി ബബിത മൂന്നും സരയു, പാർവതി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മത്സരം അഞ്ചോവർ പിന്നിട്ടപ്പോൾ മഴയെത്തി. തുടർന്ന് വിജെഡി നിയമപ്രകാരം വിജയലക്ഷ്യം പത്തോവറിൽ 58 റൺസായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ബാറ്റിങ് പുനരാരംഭിച്ച ഹൈദരാബാദ് മൂന്ന് പന്തുകൾ ബാക്കി നില്‌ക്കെ അനായാസം ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി നിയതി ആർ മഹേഷ് രണ്ടും അക്‌സ എ ആർ ഒരു വിക്കറ്റും വീഴ്ത്തി.

TAGS :

Next Story