അണ്ടർ 23 വനിതാ ട്വന്റി 20; ജാർഖണ്ഡിനെതിരെ കേരളത്തിന് ത്രില്ലർ ജയം
നാല് പന്തുകൾ ബാക്കിനിൽക്കെയാണ് കേരളം ലക്ഷ്യം മറികടന്നത്

റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് വിജയം. ക്യാപ്റ്റൻ ജോഷിതയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് കേരളത്തിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡിന് 29 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം വിക്കറ്റിൽ പ്രിയങ്ക ലൂത്രയും ശിഖ സിങ്ങും ചേർന്ന് കൂട്ടിച്ചേർത്ത 54 റൺസാണ് ജാർഖണ്ഡിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പ്രിയങ്ക ലൂത്ര 54 റൺസും ശിഖ സിങ് 33 റൺസും നേടി. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ, സി.വി. അനുഷ്‌ക, നിയതി ആർ. മഹേഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ അമീറ ബീഗവും ശ്രേയ സിജുവും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ കേരളത്തെ വി.ജെ. ജോഷിതയും ശ്രേയ സിജുവും ചേർന്നാണ് വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ജോഷിത 26 പന്തുകളിൽ 53 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ജോഷിതയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി അമീറ ബീഗം 39-ഉം ശ്രേയ സിജു 36-ഉം റൺസ് നേടി.
Adjust Story Font
16

