തകർത്തടിച്ച് രോഹനും സൽമാൻ നിസാറും; മുംബൈക്കെതിരെ കേരളത്തിന് 43 റൺസിന്റെ കൂറ്റൻ ജയം
കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസെടുത്ത് പുറത്തായി
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ കേരളത്തിന് തകർപ്പൻ ജയം. കരുത്തരായ മുംബൈയെ 43 റൺസിനാണ് അട്ടിമറിച്ചത്. കേരളം ഉയർത്തിയ 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയുടെ പോരാട്ടം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു. 35 പന്തിൽ 68 റൺസെടുത്ത അജിൻക്യ രഹാനെയാണ് ടോപ് സ്‌കോറർ. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 18 പന്തിൽ 32 റൺസും പൃഥ്വിഷാ 13 പന്തിൽ 23 റൺസും നേടി.
നേരത്തെ സൽമാൻ നിസാറിന്റേയും രോഹൻ എസ് കുന്നുമ്മലിന്റേയും ബാറ്റിങ് കരുത്തിലാണ് കേരളം 234 റൺസ് പടുത്തുയർത്തിയത്. 49 പന്തിൽ എട്ട് സിക്‌സറും അഞ്ച് ഫോറും സഹിതം 99 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു. ഷർദുൽ ഠാക്കൂർ എറിഞ്ഞ 20ാം ഓവറിൽ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തിയാണ് കേരളത്തെ വമ്പൻ സ്‌കോറിലെത്തിച്ചത്.
മുംബൈക്കെതിരെ കേരളത്തിന്റെ തുടക്കം മികച്ചതായില്ല. മികച്ച ഫോമിലുള്ള കേരള ക്യാപ്റ്റൻ സഞ്ജു സാംസണെ(4)പുറത്താക്കി ഷർദുൽ ഠാക്കൂർ മുംബൈക്ക് മികച്ച തുടക്കം നൽകി. എന്നാൽ ഒരുവശത്ത് നിലയുറപ്പിച്ച രോഹൻ എസ് കുന്നുമ്മൽ സ്‌കോറിംഗ് ഉയർത്തി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രോഹൻ-സൽമാൻ സഖ്യം അതിവേഗം റൺസ് നേടി. മുംബൈ ബൗളർമാരെ ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും പറത്തിയ ഇരുവരും വലിയ ടോട്ടലിലേക്ക് നയിച്ചു. രോഹൻ പുറത്തായെങ്കിലും ഡെത്ത് ഓവറുകളിൽ തകർത്തടിച്ച് സൽമാൻ കേരളത്തെ വലിയ ടോട്ടലിലെത്തിച്ചു
Adjust Story Font
16