രഞ്ജി ട്രോഫിയിൽ വിദർഭ ആദ്യ ഇന്നിങ്‌സിൽ 379ന് പുറത്ത്; കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം
ഓപ്പണർമാരായ അക്ഷയ് ചന്ദ്രന്റേയും രോഹൻ എസ് കുന്നുമ്മലിന്റേയും വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ ഒന്നാം ഇന്നിങ്‌സിൽ 379ന് പുറത്ത്. 254-4 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച വിദർഭയെ സന്ദർശക പേസർമാർ എറിഞ്ഞുവീഴ്ത്തി. 153 റൺസെടുത്ത ഡാനിഷ് മലേവാറാണ് വിദർഭയുടെ ടോപ് സ്‌കോറർ. കേരളത്തിനായി എം ഡി നിധീഷും ഈഡൻ ടോമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിൽ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ അക്ഷൻ ചന്ദ്രൻ(14), രോഹൻ എസ് കുന്നുമ്മൽ(0) എന്നിവരാണ് മടങ്ങിയത്. ധർഷൻ നാൽകണ്ഡെക്കാണ് വിക്കറ്റ്. ആദിത്യ സർവാതേയും(4) അഹമ്മദ് ഇമ്രാനുമാണ്(2) ക്രീസിൽ.
ആദ്യദിനം സെഞ്ച്വറി നേടിയ ഡാനിഷ് മാലേവാറിനെ ക്ലീൻബൗൾഡാക്കി എൻ ബേസിൽ രണ്ടാംദിനം കേരളത്തിന് നിർണായക ബ്രേക്ക്ത്രൂ നൽകി. 285 പന്തിൽ 15 ഫോറും മൂന്ന് സിക്‌സറും സഹിതം 153 റൺസെടുത്താണ് മലേവാർ മടങ്ങിയത്. തൊട്ടുപിന്നാലെ, നൈറ്റ് വാച്ച്മാനായെത്തിയ യാഷ് താക്കൂറിനെ വിക്കറ്റിന് മുന്നിൽകുരുക്കി ബേസിൽ രണ്ടാം വിക്കറ്റും സ്വന്തമാക്കി. സ്‌കോർ ബോർഡിൽ രണ്ട് റൺസ് ചേർക്കുമ്പോഴേക്ക് യാഷ് റാത്തോഡിനേയും വിദർഭക്ക് നഷ്ടമായി. ഈഡൻ ആപ്പിൾ ടോമിന്റെ ഓവറിൽ സ്ലിപ്പിൽ രോഹൻ എസ് കുന്നുമ്മലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിദർഭയുടെ തുടക്കം മികച്ചതായിരുന്നു. ഡാനിഷ് മലേവാറും യാഷ് താക്കൂറും ചേർന്ന് സ്‌കോറിംഗ് ഉയർത്തി. എന്നാൽ പിച്ചിന്റെ പേസ് ആനുകൂല്യം മുതലെടുത്ത് ബേസിൽ നിർണായക വിക്കറ്റ് നേടുകയായിരുന്നു. വിദർഭയുടെ വാലറ്റതാരങ്ങൾ ചെറുത്ത് നിൽപ്പ് നടത്തിയതോടെയാണ് സ്‌കോർ 379ലെത്തിയത്. അവസാന ബാറ്ററായി ക്രീസിലെത്തിയ ബൂട്ടെ 32 റൺസെടുത്തു.
നേരത്തെ വിദർഭക്കെതിരെ ടോസ് നേടിയ കേരളം ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. വിദർഭ ഓപ്പണർ പാർത്ത് രേഖാഡെയെ പൂജ്യത്തിനും ദർഷൻ നാൽകണ്ഡെയെ ഒരു റൺസിനും പുറത്താക്കി നിതീഷ് തുടക്കത്തിൽ സന്ദർശക്ക് അനുകൂലമാക്കി. ധ്രുവ് ഷോറിയെ(16) ഈഡൻ ആപ്പിൾ ടോം വിക്കറ്റ്കീപ്പർ അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചതോടെ ഒരുഘട്ടത്തിൽ 24-3 എന്ന നിലയിലായി ആതിഥേയർ. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന കരുൺ നായർ-ഡാനിഷ് മലേവാർ കൂട്ടുകെട്ട് വിദർഭക്ക് പ്രതീക്ഷയേകി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് വലിയ സ്‌കോറിലേക്ക് നയിച്ചു
Adjust Story Font
16

