Quantcast

അവസാന അഞ്ച് പന്തിലും സിക്‌സ്; റിങ്കു തീക്കാറ്റിൽ എരിഞ്ഞമർന്ന് ​ഗുജറാത്ത്

റിങ്കു സിങ്ങിന്റെ തീപ്പൊരി ഇന്നിങ്‌സാണ് കൊൽക്കത്തയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. 21 ബോളിൽ 48 റൺസെടുത്ത സിങ്ങിന്റെ ബാറ്റിൽ നിന്നും ആറ് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് പിറന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-09 16:05:19.0

Published:

9 April 2023 2:46 PM GMT

kolkata knight riders beats gujarat
X

അഹമ്മദാബാദ്: റൺമല ഉയർത്തി മടങ്ങിയ റാഷിദ് ഖാൻ പടയെ റിങ്കു സിങ്ങിന്റെ അതിമാരക ബാറ്റിങ്ങിലൂടെ കെട്ടുകെട്ടിച്ച് കൊൽക്കത്ത. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസോടെ നിലവിലെ ചാമ്പ്യൻമാരെ പരാജയപ്പെടുത്തി. ജയിക്കാൻ 29 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ‍ ഒടുവിലെ അഞ്ച് പന്തുകളിലും സിക്‌സർ പറത്തിയാണ് റിങ്കു സിങ് ടീമിന്റെ വിജയ ശിൽപിയായത്.

റിങ്കു സിങ്ങിന്റെ തീപ്പൊരി ഇന്നിങ്‌സാണ് കൊൽക്കത്തയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. 21 ബോളിൽ 48 റൺസെടുത്ത സിങ്ങിന്റെ ബാറ്റിൽ നിന്നും ആറ് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് പിറന്നത്. ഇംപാക്ട് പ്ലയറായിറങ്ങിയ വെങ്കിടേഷ് അയ്യറുടെ തകർപ്പൻ ബാറ്റിങ്ങാണ് തുടക്കത്തിൽ രണ്ടിന് 28 എന്ന നിലയിൽ തകർന്നുകിടന്ന ടീമിനെ മുന്നോട്ടുനയിച്ചത്. 20 റണ്ണായപ്പോൾ തന്നെ കൊൽക്കത്ത നിരയിൽ ആദ്യ വിക്കറ്റും 28ൽ രണ്ടാം വിക്കറ്റും വീണു. ഓപണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുല്ല ഗുർബാസാണ് ആദ്യം പുറത്തായത്. 12 പന്തിൽ 15 റണ്ണെടുത്ത ഗുർബാസ് ഒരു സിക്‌സറും ബൗണ്ടറിയും പറത്തി. എട്ട് പന്തിൽ ആറ് റൺസെടുത്ത സഹ ഓപണർ നാരായൺ ജഗദീശനാണ് പിന്നീട് പുറത്തായത്.

പിന്നീട് വന്ന വെങ്കിടേഷ് അയ്യർ 40 പന്തിൽ 83 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ അഞ്ച് സിക്‌സറുകൾ പറത്തി. എട്ട് ബൗണ്ടറികളും പായിച്ചു. കൂടെയുള്ള ക്യാപ്റ്റൻ നിതീഷ് റാണയും മികച്ച പ്രകടനം കാഴ്ചവച്ചു. അൽസാരി ജോസഫിന്റെ തന്നെ പന്തിൽ ഷാമി അഹമ്മദ് പിടിച്ച് പുറത്താവുമ്പോൾ നാല് ഫോറുകളും മൂന്ന് സിക്‌സറും ഉൾപ്പെടെ 29 പന്തിൽ 45 റൺസായിരുന്നു താരം സ്‌കോർ ബോർഡിൽ ചേർത്തത്. പുറത്താവുമ്പോൾ സ്‌കോർബോർഡിൽ 128. തുടർന്ന് ടീം സ്‌കോർ 154ൽ എത്തിനിൽക്കെ അൽസാരി ജോസഫിന്റെ പന്തിൽ ശുഭ്മാൻ ഗിൽ പിടിച്ചാണ് അയ്യർ പുറത്താവുന്നത്.

തുടർന്നായിരുന്നു റിങ്കു സിങ്ങിന്റെ മാസ് വരവ്. ഒരു വശത്ത് റിങ്കു അടി തുടരുമ്പോൾ മറുവശത്ത് തുടർച്ചയായി വിക്കറ്റുകളും പൊഴിഞ്ഞുകൊണ്ടിരുന്നു. റാഷിദ് ഖാന്റെ പന്തിൽ ഇംപാക്ട് പ്ലയറായ ശ്രീകർ ഭരത് പിടിച്ച് ആന്ദ്രെ റസൽ (1), തൊട്ടടുത്ത പന്തിൽ മറ്റൊരു പകരക്കാരനായ ജയന്ത് യാദവ് (0), അടുത്ത പന്തിൽ എൽബിഡബ്ല്യു ആയി ശർദുൽ താക്കൂർ എന്നിവരാണ് അടുപ്പിച്ച് കൂടാരം കയറിയത്. എന്നാൽ റിങ്കു സിങ് ഒറ്റയ്ക്ക് സ്‌കോർബോർഡ് നീക്കി. ഒടുവിൽ നിർണായകമായ അവസാന ഓവറിൽ തോൽവിയുറപ്പായ സന്ദർഭത്തിൽ റിങ്കുവിന്റെ ബാറ്റിൽ നിന്നും തീപ്പൊരി പാറി. ജയിക്കാൻ 29 റൺസ് വേണ്ടിയിരുന്ന യാഷ് ദയാലിന്റെ അവസാന ഓവറിൽ ആദ്യ പന്തിൽ ഒരു റൺ. രണ്ടാം പന്തിൽ സിക്‌സ്. പിന്നീടങ്ങോട്ടുള്ള നാലു പന്തുകളും സിക്‌സർ പറത്തിയപ്പോൾ ടീമിന് അതിഗംഭീര വിജയം. ​റിങ്കു സിങ്ങാണ് കളിയിലെ താരം.

ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അൽരാസി ജോസഫ് രണ്ടും ജോഷ്വ ലിറ്റിലും ഷാമി അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ, വിജയ് ശങ്കറുടേയും സായ് സുദർശന്റേയും ഫിഫ്റ്റി മികവിലാണ് ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തത്. മത്സരത്തിൽ ഓപണറായി ഇറങ്ങിയ വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. 17 പന്തിൽ 17 റണ്ണെടുത്ത സാഹ സുനിൽ നരൈന്റെ പന്തിൽ നാരായൺ ജഗദീഷൻ പിടിച്ച് പുറത്താവുകയായിരുന്നു.

തുടർന്ന് സഹ ഓപണറായ ശുഭ്മാൻ ഗില്ലും മൂന്നാമനായെത്തിയ സായ് സുദർശനും ചേർന്ന് റൺ വേഗം കൂട്ടി. ടീം സ്‌കോർ സെഞ്ച്വറിയെത്തിയതോടെ ഗിൽ വീണു. 31 ബോളുകളിൽ 39 റൺസായിരുന്നു സമ്പാദ്യം. പിന്നാലെയെത്തിയ അഭിനവ് മനോഹർ എട്ട് പന്തിൽ 14 റൺസെടുത്തു നിൽക്കെ ബൗൾഡ്. തുടർന്ന് ടീം അക്കൗണ്ടിൽ 153 റൺ ആയിരിക്കെ 17.3 ഓവറിൽ സുദർശൻ പുറത്തേക്ക്. വിജയ് ശങ്കർ കൂറ്റനടികൾ തുടർന്നു. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ 24 പന്തിൽ നിന്ന് പുറത്താവാതെ 63 റൺസായിരുന്നു വിജയ് ശങ്കറുടെ ബാറ്റിൽ നിന്നും പിറന്നത്. ഡേവിഡ് മില്ലർ മൂന്ന് പന്തിൽ പുറത്താവാതെ രണ്ട് റണ്ണെടുത്തു.

നാലിൽ മൂന്ന് വിക്കറ്റുകൾ കൈക്കലാക്കി സുനിൽ നരൈനാണ് കൊൽക്കത്ത നിരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽ. സുയാഷ് ശർമയ്ക്കാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്. അസുഖബാധിതനായ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദ് ഖാന്റെ നായകത്വത്തിലാണ് മൂന്നാം വിജയം ലക്ഷ്യമിട്ട് ഗുജറാത്ത് ഇന്ന് കളിക്കിറങ്ങിയത്. എന്നാൽ നിരാശയായിരുന്നു ഫലം. നേരത്തെ, ചെന്നൈ സൂപ്പർ കിങ്‌സിനേയും ഡൽഹി ക്യാപിറ്റൽസിനെയുമാണ് ഗുജറാത്ത് തോൽപ്പിച്ചത്. മറുവശത്ത്, രണ്ടാം വിജയം ലക്ഷ്യമിട്ടാണ് നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള കൊൽക്കത്ത ഇന്ന് ഇറങ്ങിയത്. കൊൽക്കത്ത ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ ആർസിബിക്കെതിരെ വമ്പൻ ജയം നേടുകയും ചെയ്തിരുന്നു.

TAGS :

Next Story