അർദ്ധ സെഞ്ച്വറിയുമായി അഭിഷേക് നായർ ; ട്രിവാൻഡ്രത്തിനെതിരെ കൊല്ലത്തിന് ഏഴ് വിക്കറ്റ് ജയം
ഏഴാം തോൽവിയോടെ ട്രിവാൻഡ്രം റോയൽസ് പ്ലേയോഫിൽ നിന്നും പുറത്ത്

തിരുവനന്തപുരം : ഓപ്പണർ അഭിഷേക് നായരുടെ അർദ്ധ സെഞ്ച്വറി മികവിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴ് വിക്കറ്റിന് പരാജപ്പെടുത്തി കൊല്ലം സെയ്‌ലേഴ്‌സ്. ട്രിവാൻഡ്രം ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം കൊല്ലം 17.2 ഓവറിൽ മറികടന്നു. 8 ബോളിൽ 23 റൺസുമായി ആഷിക്ക് മുഹമ്മദും 6 ബോളിൽ 15 റൺസുമായി അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ കൊല്ലം അതിവേഗം വിജയം കണ്ടു. നായകൻ സച്ചിൻ ബേബി 46 ഉം വിഷ്ണു വിനോദ് 33 റൺസും നേടി.
ടോസ് നേടിയ കൊല്ലം ട്രിവാൻഡ്രത്തെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകൻ കൃഷ്ണ പ്രസാദും വിഷ്ണു രാജും ചേർന്ന് ട്രിവാൻഡ്രത്തിന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. പിന്നാലെയെത്തിയ നിഖിൽ നായകൻ മികച്ച പിന്തുണ നൽകിയെങ്കിലും വിജയ് വിശ്വനാഥ് കൃഷ്ണ പ്രസാദിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ കൂട്ടുക്കെട്ട് പിളർന്നു. നാലാമനായി ഇറങ്ങിയ അബ്ദുൽ ബാസിത്തിനെ 2 റൺസിന് മടക്കി വിട്ട് വിജയ് മത്സത്തിലെ തന്റെ മൂന്നാം വിക്കറ്റ് കണ്ടെത്തി. അവസാന ഓവറുകളിൽ സഞ്ജീവ് സതീശനും അഭിജിത് പ്രവീണും നടത്തിയ ചെറുത്തുനിൽപ്പാണ് ട്രിവാൻഡ്രത്തെ പൊരുതാവുന്ന ടോട്ടലിൽ എത്തിച്ചത്.
നാലാം ജയത്തോടെ കൊല്ലം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. എട്ട് മത്സരങ്ങളിൽ ഏഴിലും തോറ്റ ട്രിവാൻഡ്രം റോയൽസിന്റെ പ്ലേയോഫ് മോഹങ്ങൾ അവസാനിച്ചു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ആലപ്പി റിപ്പിൽസുമാണ് ബാക്കി ഇനിയുള്ള മത്സരങ്ങളിൽ ട്രിവാൻഡ്രത്തിന്റെ എതിരാളികൾ.
Adjust Story Font
16

