പ്രീമിയർലീഗിൽ കിരീടത്തിനരികെ ലിവർപൂൾ; ചെൽസിയെ കുരുക്കി ഇപ്‌സ്വിച്, ടോട്ടനത്തിന് തോൽവി
രണ്ടാംസ്ഥാനത്തുള്ള ആർസനലിനേക്കാൾ 13 പോയന്റ് ലീഡാണ് ലിവർപൂളിനുള്ളത്

ലണ്ടൻ: പ്രീമിയർലീഗിൽ കിരീടത്തോട് ഒരുപടികൂടി അടുത്ത് ലിവർപൂൾ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെസ്റ്റ്ഹാമിനെയാണ് തോൽപിച്ചത്. ലൂയിസ് ഡയസ്(18), വിർജിൽ വാൻഡെക്(89) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ലിവർപൂൾ താരം റോബെർട്ട്‌സണിന്റെ സെൽഫ്‌ഗോളിലൂടെയാണ്(86) വെസ്റ്റ്ഹാം ഏകഗോൾനേടിയത്. ജയത്തോടെ 32 മാച്ചിൽ 76 പോയന്റുമായി ചെമ്പട കിരീടത്തോട് അടുത്തു. രണ്ടാമതുള്ള ആർസനലിനേക്കാൾ 13 പോയന്റ് ലീഡാണ് ലിവർപൂളിനുള്ളത്.
സീസണിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഇപ്‌സ്‌വിച് ടൗണിനോട് സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സമനിലയിൽ കുരുങ്ങി ചെൽസി. ആദ്യ പകുതിയിൽ ജൂലിയോ എൻസിസോ (19), ബെൻ ജോൺസൻ(31) എന്നിവരുടെ ഗോളിൽ മുന്നിൽ നിന്ന ഇപ്‌സ്‌വിചിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി ആദ്യ ഗോൾ മടക്കി. 79ാം മിനിറ്റിൽ ജേഡൻ സാഞ്ചോയിലൂടെ സമനില പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ടോട്ടൻഹാമിനെ വോൾവ്‌സ് കീഴടക്കി. സീസണിൽ മോശം ഫോമിൽ തുടരുന്ന സ്‌പേഴ്‌സ് ടേബിളിൽ 15ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Adjust Story Font
16

