'നിനക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ ഓർമയിലുണ്ട്'; മകളുടെ പിറന്നാളിൽ വികാരഭരിതമായ കുറിപ്പുമായി ഷമി
മുൻഭാര്യ ഹസിൻ ജഹാനും മകൾക്കുമായി പ്രതിമാസം നാല് ലക്ഷം രൂപ ഷമി നൽകണമെന്ന് അടുത്തിടെ കൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു

ന്യൂഡൽഹി: കുടുംബജീവിതത്തിൽ വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കടന്നുപോകുന്നത്. മുൻ ഭാര്യ ഹസിൻ ജഹാനുമായി നിയമപോരാട്ടത്തിലാണ് ഷമി. കഴിഞ്ഞദിവസം ഹസിൻ ജഹാനും മകൾ ഐറക്കും ചെലവിനായി ഷമി പ്രതിമാസം 4 ലക്ഷം രൂപ നൽകണമെന്ന് കൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമപോരാട്ടം തുടരുന്നതിനിടെ മകൾ ഐറയുടെ പത്താം പിറന്നാളിൽ ആശംസയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം.
'നമ്മൾ സംസാരിച്ചു,ചിരിച്ചു, നിന്റെ നൃത്തം എല്ലാം എനിക്ക് ഓർമയുണ്ട്. നീ എത്ര വേഗത്തിലാണ് വളർന്നത്. ജീവിതത്തിൽ നിനന്ക്ക് എല്ലാ നന്മകളും നേരുന്നു' - ഇൻസ്റ്റഗ്രാം കുറിപ്പിൽ ഷമി പറഞ്ഞു. മകൾക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചു.
വിവാഹബന്ധം വേർപെടുത്തിയതോടെ മുൻഭാര്യ ഹസിൻ ജഹാനൊപ്പമാണ് മകൾ ഐറ താമസിക്കുന്നത്. 2014ലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാഹമോചനം തേടുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ ഷമി ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നതായി പിന്നീട് സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16

