Quantcast

പേസ് ബൗളിങ്ങിലെ സ്വിങ് സുൽത്താന്മാര്‍

സർഫറാസ് നവാസ്, അലൻ ലാമ്പ്, ക്രാഗ് വൈറ്റ്, ഡാരൻ ഗോ, വസീം അക്രം, വഖാർ യൂനീസ്, ഇമ്രാൻ ഖാൻ, സൈമൺ ജോൺസ്, ഉമർ ഗുൽ, ജെയിംസ് ആൻഡേഴ്സൺ, ആൻഡ്രൂ ഫ്ളിന്റോഫ്, ഡേൽ സ്റ്റെയിൻ, സഹീർ ഖാൻ, ഇർഫാൻ പത്താൻ തുടങ്ങിയ പേസ് ബൗളേഴ്‌സ് ഒക്കെ തന്നെ റിവേഴ്സ് സ്വിങ് വളരെ ഫലപ്രഥമായി ഉപയോഗിച്ചിരുന്നു

MediaOne Logo

ജിബിന്‍ തോമസ്

  • Updated:

    2024-06-21 15:17:53.0

Published:

21 Jun 2024 2:46 PM GMT

പേസ് ബൗളിങ്ങിലെ സ്വിങ് സുൽത്താന്മാര്‍
X

പാകിസ്താന്റെ 1979 ലെ ഓസ്ട്രേലിയ സന്ദർശനത്തിലെ മാർച്ച്‌ 10 മുതൽ 15 വരെ നടന്ന ആദ്യ ടെസ്റ്റ്‌ മൽസരം ആയിരുന്നു ലോക ക്രിക്കറ്റ്‌ ശ്രദ്ധ മുഴുവൻ മെൽബൻ സ്റ്റേഡിയത്തിലേക്ക് തിരിച്ചത്. ടോസ്സ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 62 ഓവറിൽ പാകിസ്താനെ 196 ൽ ഒതുക്കി. റോഡ്‌നി ഹോഗിന്റെ 4 വിക്കറ്റ് പ്രകടനവും, അലൻ ഹസ്റ്റിന്റെ 3 വിക്കറ്റ് പ്രകടനവും പാക്ക് നിരയെ തളർത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ, ഇമ്രാൻ ഖാന്റെ 4 വിക്കറ്റ്, സർഫ്രാസ് നവാസിന്റെയും വസീം രാജയുടെയും 3 വിക്കറ്റ് വീതമുള്ള പ്രകടനത്തിലും തകർന്ന് വീണ് 168 ൽ ബാറ്റിങ് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത പാകിസ്താൻ മജിദ് ഖാന്റെ 108 റൺസ് സെഞ്ച്വറിയുടെയും സഹീർ അബ്ബാസിന്റെ അർദ്ധ സെഞ്ച്വറിയുടെയും മികവിൽ 353 റൺസിന് 9 വിക്കറ്റിന് ഡിക്ലയർ ചെയ്തു.382 റൺസ് ടാർഗറ്റ്‌ പിന്തുടർന്ന് രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഓസ്ട്രേലിയ അലൻ ബോർഡറിന്റെ 105 റൺസ് സെഞ്ച്വറി യുടെയും, കിം ഹ്യൂസിന്റ 84 റൺസ്, ആൻട്രു ഹിഡ്റ്റിച്ചിന്റെ 62 റൺസ് പ്രകടനത്തിലും തകർത്തടിച്ചു. 305 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ വിജയത്തിലേക്ക് 77 റൺസും 7 വിക്കറ്റും കൈയിൽ ഉള്ളപ്പോൾ വിജയം അനായാസം ആണെന്ന് കരുതിയ ആ സാഹചര്യത്തിൽ യഥാർത്ഥ കഥ ആരംഭിച്ചു.


സർഫ്രാസ് നവാസ്

2 വിക്കറ്റ് എടുത്ത സർഫറസ് നവാസ് അടുത്ത സ്പ്പെൽ ബോൾ ചെയ്യാനായി വന്നു. 305 ന് 3 എന്ന നിലയിൽ നിന്ന് സെഞ്ച്വറിയുമായി മികച്ച ഫോമിൽ നിന്ന അലൻ ബോർഡറെ ബൗളഡ് ആക്കി സർഫറാസ് ഓസ്ട്രേലിയയെ വിറപ്പിച്ചു. തുടർന്ന് വന്ന ഗ്രേയിം വുഡിനെ വസീം ബാരിയുടെ കൈകളിൽ എത്തിച്ചു ഗോൾഡൻ ഡക്ക് ആക്കി. തുടർന്ന് വന്ന പീറ്റർ സ്ലീപ്പിനെയും 0 റൺസിന് ബൗൾഡ് ആക്കി. 84 റൺസ്സുമായി പ്രതിരോധിച്ചു കളിച്ച കിം ഹ്യുസിനെ മോസിൻ ഖാന്റെ കൈയിൽ ക്യാച്ച് ആയി എത്തിച്ചു പുറത്താക്കി. തുടർന്ന് വന്ന വയൻ ക്ലാർക്കിനെ ഗോൾഡൻ ഡക്ക് ആക്കി ബൗളഡ് ആക്കി. തുടർന്ന് വന്ന റോഡ്‌നി ഹോഗിനെ LBW യിൽ കുരുക്കി 0 റൺസിന് പുറത്താക്കി. അവസാന ബാറ്റ്‌സ്മാൻ ആയി പതിനൊന്നാമനായി ഇറങ്ങിയ അലൻ ഹർസ്റ്റിനെ വസിം ബാരിയുടെ കരങ്ങളിൽ ക്യാച്ച് ആയി എത്തിച്ചു 0 റൺസിന് പുറത്താക്കി. 305 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ വിജയത്തിലേക്ക് കുതിച്ചു നിന്ന ഓസ്ട്രേലിയ 310 റൺസിന് എല്ലാവരും പുറത്തായി പാകിസ്താനോട് 71 റൺസിന്റെ കനത്ത പരാജയം ഏറ്റ് വാങ്ങി. 5 റൺസ് എടുക്കുന്നതിന് ഇടയിൽ ഓസിസിന് നഷ്ടമായത് 7 വിക്കറ്റുകൾ. അതിൽ 5 ബാറ്റ്‌സ്മാന്മാർ റൺസ് ഒന്നും എടുക്കാതെ മടങ്ങി.

ക്രിക്കറ്റ് ലോകം മുഴുവൻ സർഫറസ് നവാസിനെ ഉറ്റുനോക്കി. അദ്ദേഹത്തിന്റെ ബൗളിംഗ് രീതിയിൽ വന്ന വ്യത്യാസങ്ങൾ ക്രിക്കറ്റ്‌ വിദ​ഗ്ദർ സൂക്ഷ്മമായി നിരീക്ഷിച്ചു. ആ സ്പെല്ലിൽ സർഫാറസ് എറിഞ്ഞ 33 പന്തിൽ നിന്ന് 1 റൺസ് മാത്രം വിട്ട് കൊടുത്ത് 7 വിക്കറ്റ് പ്രകടനം. അദ്ദേഹം പഴകിയ ബോളിന്റെ ഒരു വശം പരുക്കനായി തന്നെ വെച്ചു. മറുവശത്തു ഉമിനീരും വിയർപ്പും കൊണ്ട് മിനുസപ്പെടുത്തി ഭാരം കൂട്ടികൊണ്ടേയിരുന്നു. ഈ പ്രക്രിയ അദ്ദേഹം തുടർന്ന് കൊണ്ടേയിരുന്നു. ഭാരമേറിയ ഭാഗത്തേക്ക്‌ പന്ത് വശം തിരിയാൻ തുടങ്ങി. ബാറ്റ്സ്മാൻ പ്രതീക്ഷിക്കാതെ ഓഫ്‌ സ്റ്റമ്പിന് പുറത്തേക്ക് ഒരു ഔട്ട് സ്വിങ് എന്ന് തോന്നുന്ന പന്തുകൾ അന്തരീക്ഷത്തിൽ വെച്ചുതന്നെ ക്രീസിനു അടുത്തേക്ക് യോർക്കർ ആയി ലെഗ് സ്റ്റമ്പിലേക്ക് ഇൻസ്വിങ് ആയി വരാനും നേരെ തിരിച്ചും. ലെഗ് സ്റ്റമ്പിലേക്ക് ഒരു ഇൻസ്വിങ് എന്ന് തോന്നുന്ന പന്തുകൾ പെട്ടന്ന് ഓഫ്‌ സ്റ്റമ്പിന് പുറത്തേക്ക് പോയി ഔട്ട്‌സ്വിങ് ആയി മാറും. ഈ മാജിക്കിനെ ക്രിക്കറ്റ്‌ ലോകം റിവേഴ്‌സ് സ്വിങ് എന്ന് വിളിച്ചു.

ഒരു ക്രിക്കറ്റ്‌ പന്ത് പുതിയതായിരിക്കുമ്പോൾ, തിളക്കം കാരണം അത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യുന്നു. എന്നാൽ പന്ത് 30-35 ഓവറുകൾ എറിഞ്ഞ ശേഷം പഴയത് ആകുമ്പോൾ അതിൻ്റെ തിളക്കം നഷ്ടപ്പെടുകയും സ്വിംഗ് ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നു. പഴയ പന്ത് സ്വിംഗ് ആക്കുന്നതിന്, കളിക്കാർ പന്തിൻ്റെ ഒരു വശം തിളങ്ങുന്ന രീതിയിൽ ഉമ്മുനീർ വിയർപ്പ് തുടങ്ങിയവ ഉപയോഗിച്ച് മിനുസപ്പെടുത്തികൊണ്ടേയിരിക്കും.മറ്റേവശം ഒന്നും ചെയ്യാതെ പരുക്കൻ ആക്കി തന്നെ വെക്കുന്നു.

പരമ്പരാഗത സ്വിംഗിനേക്കാൾ പഴയ പന്തിൻ്റെ തിളങ്ങുന്ന ഭാഗത്തേക്ക് ബൗളർക്ക് ലഭിക്കുന്ന സ്വിംഗാണ് റിവേഴ്സ് സ്വിംഗ്. ഒരു ബൗളർ ഒരു ഔട്ട്‌സ്വിംഗർ ബോൾ ആണ് ചെയ്യുന്നതെങ്കിൽ, ഉമ്മുനീരും വിയർപ്പും കൊണ്ട് മിനുസപെടുത്തിയ വശമുള്ള പഴകിയ ബോളിൽ റിവേഴ്‌സ് സ്വിംഗ് ആ മിനുസമുള്ള വശത്തേക്കു സ്വിങ് മാറി അതിനെ ഇൻ സ്വിങ്ങർ ആക്കുന്നു. ക്രിക്കറ്റിൽ വർഷങ്ങളായി ബാറ്റ്സ്മാൻമാരെ പുറത്താക്കാൻ ഫാസ്റ്റ് ബൗളർമാർ ശക്തമായ ആയുധമായി റിവേഴ്സ് സ്വിംഗ് ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ പാകിസ്ഥാൻ പേസർമാർ റിവേഴ്സ് സ്വിംഗ് ബൗളിംഗ് കലയിൽ മികവ് പുലർത്തിയിരുന്നു. പിന്നീട്, മിക്ക ഫാസ്റ്റ് ബൗളർമാരും ഈ ബൗളിംഗ് രീതി പിന്തുടർന്നു.

വസീം അക്രം, വഖാർ യൂനീസ്

സർഫറാസ് നവാസ്, അലൻ ലാമ്പ്, ക്രാഗ് വൈറ്റ്, ഡാരൻ ഗോ, വസീം അക്രം, വഖാർ യൂനീസ്, ഇമ്രാൻ ഖാൻ, സൈമൺ ജോൺസ്, ഉമർ ഗുൽ, ജെയിംസ് ആൻഡേഴ്സൺ, ആൻഡ്രൂ ഫ്ളിന്റോഫ്, ഡേൽ സ്റ്റെയിൻ, സഹീർ ഖാൻ, ഇർഫാൻ പത്താൻ തുടങ്ങിയ പേസ് ബൗളേഴ്‌സ് ഒക്കെ തന്നെ റിവേഴ്സ് സ്വിങ് വളരെ ഫലപ്രഥമായി ഉപയോഗിച്ചിരുന്നു. റിവേഴ്‌സ്വിങിന്റെ ആചാര്യനായി ക്രിക്കറ്റ്‌ ലോകം കണ്ടിരുന്നത് പാകിസ്താൻ പേസ് ബൗളർ സർഫറാസ് നവാസിനെ ആയിരുന്നു. പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റ്‌ ബൗളർ സലീമം മിർ റിവേഴ്‌സ് സ്വിങ് ഉപയോഗിച്ചിരുന്നു. അദ്ദേഹം ഇത് സർഫാറസ് നവാസിനെ പഠിപ്പിച്ചു കൊടുത്തതായി പറയപ്പെടുന്നു. ഇമ്രാൻ ഖാനും റിവേഴ്‌സ് സ്വിങ് ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിന് മൂർച്ച കൂട്ടി എടുത്തത് വസിം അക്രവും വഖാർ യൂനിസും ആയിരുന്നു.

റിവേഴ്‌സ് സ്വിങ്ങിന്റെ പരിമിതികളും വിമർശനങ്ങളും:

1) 35 ഓവർ എങ്കിലും പഴകിയ പന്തിൽ മാത്രമേ റിവേഴ്‌സ് സ്വിങ് ശരിയായി ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ടെസ്റ്റ്‌, ഏകദിന ഫോർമാറ്റുകളെ അപേക്ഷിച്ച് T20 ഫോർമാറ്റിൽ റിവേഴ്‌സ് സ്വിങ് ഉപയോഗിക്കാൻ വളരെ പ്രയാസമാണ്.

2) വരണ്ട പിച്ചുകളിൽ മാത്രമേ റിവേഴ്‌സ് സ്വിങ് ഫലപ്രദമാകുകയുള്ളൂ. നനവും ഈർപ്പവുമുള്ള പിച്ചുകൾ, മഴ, മഞ്ഞു കാലഘട്ടത്തിൽ നടക്കുന്ന മത്സരങ്ങൾ എന്നിവയിൽ റിവേഴ്‌സ് സ്വിങിന് പരിമിതികൾ ഉണ്ട്.

3) പന്തിൽ ഉമിനീരും വിയർപ്പും പുരട്ടി ഭാരം വർദ്ധിപ്പിച്ചുള്ള റിവേഴ്‌സ് സ്വിങ് നിയമവിരുദ്ധമാണെന്ന് പല ബാറ്റ്‌സ്മാന്മാരും വിമർശിക്കുന്നു. എന്നാൽ ഉമിനീര്, വിയർപ്പ് എന്നിവ ICC അംഗീകരിച്ചതും ഇത് ഉപയോഗിച്ച് സ്പിൻ ബൗളേഴ്സ് ഉൾപ്പടെ ബോൾ മിനുസമാക്കുന്നുണ്ടെന്നും റിവേഴ്സ് സ്വിങിന്റെ വക്താക്കൾ വ്യക്തമാക്കുന്നു.

4) 2011 ന് ശേഷം ഏകദിന മത്സരങ്ങളിൽ 30-35 ഓവറുകൾക്ക് ശേഷം പുതിയ ബോൾ ഉപയോഗിക്കുന്നു. ഒരു ഇന്നിങ്സിൽ തന്നെ 2 ബോൾ ഉപയോഗിക്കുന്നത് റിവേഴ്‌സ് സ്വിങ് പോലെ പഴകിയ ബോളിൽ ഫലപ്രദമാകുന്ന ബൗളിംഗ് രീതികൾ അവസാനിക്കുന്ന നിലയിലേക്ക് എത്തുന്നു.

വെങ്കിടേഷ് പ്രസാദ്‌

അവസാനമായി വന്ന വിമർശനം കോവിഡ് വ്യാപന കാലഘട്ടത്തിൽ ആണ്. കൊറോണ വ്യാപനം മൂലം മത്സരങ്ങളിൽ ബോളിൽ ഉമിനീര്, വിയർപ്പ് എന്നിവ ഉപയോഗിച്ച് മിനുസപെടുത്തുന്നത് അണുക്കൾ പകരാൻ കാരണമാകുന്നതിനാൽ അതുപയോഗിച്ചുള്ള ബോൾ മിനുക്കൽ ഉപേക്ഷിച്ചു കൃതിമ രീതികൾക്ക് അനുവാദം കൊടുക്കുന്നത് ICC പരിഗണണിക്കണമെന്നതാണ്. അത് നടപ്പായാൽ റിവേഴ്‌സ് സ്വിങ് ഉൾപ്പടെ പല ബൗളിംഗ് രീതികളും ഓർമ്മകൾ ആകുമെന്ന് മുതിർന്ന താരങ്ങളൊക്കെ ചൂണ്ടി കാട്ടിയിരുന്നു. ആരോഗ്യ ക്ഷമതയുള്ള ആളുകളെ മാത്രം കളിപ്പിക്കുന്ന ക്രിക്കറ്റിൽ കോവിഡ് ബാധിതർ ആയിരിക്കെ ആരും കളിക്കില്ല. അതിനാൽ ഉമിനീര്, വിയർപ്പ് രീതികൾ നിരോധിക്കരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ എസ്.ശ്രീശാന്ത്, ഹർഭജൻ സിംഗ്, ആഷിഷ് നെഹ്റ തുടങ്ങിയവർ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

‌ഇനി ICC ബോൾ മിനുക്കലിന്റെ കൃത്രിമ രീതികൾ ഏതെങ്കിലും കാലഘട്ടത്തിൽ അനുവദിച്ചു എന്ന് തന്നെ ഇരിക്കട്ടെ. അപ്പോൾ ബോൾ ചുരണ്ടലിൽ ലോക ക്രിക്കറ്റിൽ ആദ്യമായി സസ്പെൻഷൻ വാങ്ങിയ വഖാർ യൂനിസ്, ഷാഹിദ് അഫ്രീദി, ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവട്ട് ബ്രോഡ്, ഡുപ്ലെസിസ്, രാഹുൽ ദ്രാവിഡ്, ‌‌2001ൽ സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ബോളിൽ ഇരുന്ന പുല്ല് എടുത്ത് കളഞ്ഞതിന് ബോൾ കൃത്രിമമായി മിനുസ പെടുത്തിയത് ആണെന്നുള്ള വിമർശനത്തിൽ ഒരുമത്സരത്തിൽ നിന്നും വിലക്ക് നേരിട്ട് സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള താരങ്ങളോട് ICC മാപ്പ് പറയുമോ എന്നത് ചോദ്യചിഹ്നമായി നില്കുന്നു.

TAGS :

Next Story