ഒരു പതിറ്റാണ്ട് മുൻപ് ധോണി നൽകിയ മാനനഷ്ടകേസ്; വിചാരണ ആരംഭിക്കാൻ ഉത്തരവിട്ട് കോടതി
ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതിലാണ് മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ധോണി കേസ് നൽകിയത്.

ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി നൽകിയ 100 കോടിയുടെ മനനഷ്ടകേസിൽ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 2014ൽ താരം നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതിലാണ് മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ എംഎസ്ഡി കേസ് നൽകിയത്.
ധോണി ഹാജരാകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനായി അഡ്വക്കറ്റ് കമ്മീഷണർ വഴി മൊഴിരേഖപ്പെടുത്തും. 2013ലെ ഐപിഎൽ വാതുവെപ്പ് അഴിമതിയെ കുറിച്ചുള്ള ടിവി ചർച്ചക്കിടെ നടത്തിയ പരാമർശങ്ങൾ തന്റെ പ്രതിച്ഛായക്ക് കോട്ടംവരുത്തിയെന്ന് കാണിച്ചാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ പരാതി നൽകിയത്. സീ മീഡിയ കോർപറേഷൻ, ന്യൂസ് നാഷൻ നെറ്റ്‌വർക്ക് എന്നീ സ്ഥാപനങ്ങൾക്ക് നേരെയാണ് കേസ് നൽകിയത്. ഇതോടൊപ്പം മാധ്യമപ്രവർത്തകരായ സുധീർ ചൗധരി, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാർ എന്നിവരുടെ പേരുകളും പരാതിയിലുണ്ട്.
അതേസമയം, 2013ലെ സ്‌പോട്ട് ഫിക്‌സിങിനെ കുറിച്ചുള്ള ലോധ കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് സിഎസ്‌കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളെ രണ്ട് വർഷത്തേക്ക് ഐപിഎല്ലിൽ നിന്ന് വിലക്കിയിരുന്നു
Adjust Story Font
16

