Quantcast

നട്ടെലൊടിച്ച് ആവേശ് ഖാൻ, കസറി അക്‌സർ പട്ടേൽ; ഡൽഹിക്കെതിരെ മുംബൈക്ക് ബാറ്റിങ് തകർച്ച

സൂര്യകുമാർ യാദവിന് മാത്രമാണ് മുംബൈ നിരയിൽ പിടിച്ചു നിൽക്കാനായത്‌

MediaOne Logo

Web Desk

  • Published:

    2 Oct 2021 12:03 PM GMT

നട്ടെലൊടിച്ച് ആവേശ് ഖാൻ, കസറി അക്‌സർ പട്ടേൽ; ഡൽഹിക്കെതിരെ മുംബൈക്ക് ബാറ്റിങ് തകർച്ച
X

ദൈവത്തിന്റെ പോരാളികളായ മുംബൈ ഇന്ത്യൻസിന് ഡൽഹിക്കെതിരെ ഷാർജ സ്റ്റേഡിയത്തിൽ ബാറ്റിങ് തകർച്ച. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമാണ് മുംബൈക്ക് നേടാനായത്.

ആവേശ് ഖാനും അക്‌സർ പട്ടേലും ചേർന്നാണ് മുംബൈയുടെ നട്ടെലൊടിച്ചത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണിങ് ഇറങ്ങിയ നായകൻ രോഹിത്ത് ശർമ പവർ പ്ലേ പൂർത്തിയാകും മുമ്പ് തന്നെ തിരികെ കൂടാരം കയറി. 10 പന്ത് നേരിട്ട രോഹിത്തിന് 7 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ആവേശ് ഖാന്റെ പന്തിൽ റബാദയുടെ കൈകളിൽ ക്യാച്ച് നൽകിയാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ തന്നെ 19 റൺസുമായി ക്വിന്റൺ ഡി കോക്കും മടങ്ങി. അക്‌സർ പട്ടേലാണ് ഡി കോക്കിന്റെ വിക്കറ്റ് നേടിയത്. പിന്നീട് കണ്ടത് സൂര്യകുമാർ യാദവിന്റെ രക്ഷാപ്രവർത്തനമാണ്. 26 പന്തിൽ 33 റൺസ് നേടിയ സൂര്യകുമാറിനെ അക്‌സർ പട്ടേൽ 11 ഓവറിൽ തിരികെ പറഞ്ഞയക്കുകയായിരുന്നു.

പിന്നാലെ വന്ന സൗരബ് തിവാരിയെയും അക്‌സർ തന്നെ പറഞ്ഞയച്ചു. 18 പന്തിൽ 15 റൺസ് മാത്രമാണ് തിവാരിക്ക് നേടാനായത്. തകർത്തടിക്കുമെന്ന് പ്രതീക്ഷിച്ച പൊള്ളാർഡ് കൂടി നിരാശപ്പെടുത്തിയതോടെ മുംബൈ അപകടം മണത്തു. നോർജെയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു പൊള്ളാർഡ്. പിന്നെയുള്ള മുഴുവൻ പ്രതീക്ഷയും ഹർദിക്ക് പാണ്ഡ്യയിലായിരുന്നു. ജേഷ്ഠൻ ക്രുണാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് പാണ്ഡ്യ പ്രതീക്ഷ നൽകിയെങ്കിലും 18 പന്തിൽ 17 റൺസ് മാത്രമാണ് ഹർദിക്കിന് നേടാനായത്. 19-ാം ഓവറിലെ ആവേശ് ഖാന്റെ പന്തിൽ ക്ലീൻ ബൗൾഡാകാനായിരുന്നു ഹർദിക്കിന്റെ വിധി. ആ ഓവറിൽ തന്നെ കോർട്ടർ നൈലും പുറത്തായി. 4 ബോളിൽ 11 റൺസ് നേടി ജയന്ത് യാദവ് പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവർ എറിഞ്ഞ അശ്വിന്റെ സ്പിൻ തന്ത്രത്തിന് മുന്നിൽ ജയന്തും വീണു. 15 പന്തിൽ 13 റൺസുമായ ക്രുണാൽ പാണ്ഡ്യയും ഒരു റൺസുമായി ബൂമ്രയും പുറത്താകാതെ നിന്നു.

ഡല്‍ഹിക്ക് വേണ്ടി ആന്റിച്ച് നോർജെയും അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി.

TAGS :

Next Story