മദ്‌വാൾ കൊടുങ്കാറ്റിൽ ലക്‌നൗ ചാരം; എലിമിനേറ്റർ കടമ്പ കടന്ന് മുംബൈ

ലക്‌നൗ ബാറ്റിങ് നിരയുടെ നട്ടല്ലോടിച്ച് അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് മദ്‌വാള്‍ പിഴുതെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-05-24 17:57:44.0

Published:

24 May 2023 5:42 PM GMT

മദ്‌വാൾ കൊടുങ്കാറ്റിൽ ലക്‌നൗ ചാരം; എലിമിനേറ്റർ കടമ്പ കടന്ന് മുംബൈ
X

നിർണായക മത്സരത്തിൽ ലക്‌നൗ സൂപ്പർ ജെയിന്റ്‌സിനെ 81 റൺസിന് തകർത്ത് രണ്ടാം ക്വാളിഫെയറിലേക്ക് കടന്ന് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 182 റൺസ് മറികടക്കുന്നതിനിടെ 16.3 ഓവറോടെ തന്നെ ലക്‌നൗ നിരയിൽ എല്ലാവരും കൂടാരം കയറി. സ്റ്റോയിനിസ് (41) മാത്രമാണ് ലക്‌നൗ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ലക്‌നൗ ബാറ്റിങ് നിരയുടെ നട്ടല്ലോടിച്ച് അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് മദ്‌വാള്‍ പിഴുതെടുത്തത്.

തകർത്തടിച്ച് തന്നെയാണ് ലക്‌നൗ മറുപടി ബാറ്റിങ് ആരംഭിച്ചത്. കെയിൽ മയേഴ്‌സും പ്രേരക് മങ്കടും ലക്‌നൗവിന് നല്ല തുടക്കം തന്നെ നൽകി. എന്നാൽ ആകാശ് മദ്‌വാൾ തന്റെ വിക്കറ്റ് വേട്ട അവിടെ ആരംഭിക്കുകയായിരുന്നു. മൂന്ന് റൺസെടുത്ത് നിൽക്കെ രണ്ടാം ഓവറിൽ പ്രേരകിനെ വീഴ്ത്തി. മെയേഴ്‌സ് തകർത്തടിച്ച് നിൽക്കുന്നതിനിടെ ജോർദാൻ അതും പിഴുതെടുത്തു. ടീം 23 ന് രണ്ട് വിക്കറ്റ്. പക്ഷേ പിന്നീട് ലക്‌നൗ കളി തിരിച്ചുപിടിച്ചു. ക്രുനാൽ പണ്ഡ്യെയും സ്റ്റോയിനിസും ക്രീസിൽ നിലയുറപ്പിച്ചു. സ്‌റ്റോയിനിസ് മുംബൈ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. എന്നാൽ സ്‌റ്റോയിനിസിന്റെ ആ റൺ ഔട്ടോടെ ലക്‌നൗ പരാജയം മണത്തു തുടങ്ങി. പിന്നീട് വിക്കറ്റുകൾ മാല പൊട്ടിയതുപോലെ കൊഴിഞ്ഞുവീണു. ഇതിനിടയിൽ വീണ്ടും റൺ ഔട്ടും മദ് വാൾ മാജികും ആവർത്തിച്ചു. ഈ നിരയിൽ ദീപക് ഹൂഡ മാത്രമാണ് രണ്ടക്കം കടന്നത്. തന്റെ അവസാന ഓവറിൽ വിക്കറ്റ് വീട്ട പൂർത്തിയാക്കി മദ്‌വാൾ മുംബൈയെ രണ്ടാം ക്വാളിഫെയറിലേക്ക് കടത്തിവിട്ടു.

നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് മുംബൈ ലക്‌നൗവിന് ജയിക്കാനായി മുംബൈ നീട്ടിയത്. സൂര്യകുമാർ യാദവ് (33) കാമറൂൺ ഗ്രീൻ(41) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.മുംബൈയുടെ ഓപ്പണർമാർ നിരാശരാക്കിയ മത്സരത്തിൽ ഗ്രീനും സൂര്യകുമാറുമാണ് ടീമിന്റെ സ്‌കോർ കുറച്ചെങ്കിലും ഉയർത്തിയത്. കളിയുടെ തുടക്കത്തിൽ തന്നെ എല്ലായ്‌പ്പോഴുമെന്ന പോലെ രോഹിത് മുംബൈ ആരാധകരെ നിരാശരാക്കി. നാലാം ഓവറിൽ തന്നെ രോഹിത് കൂടാരം കയറി. പത്ത് ബോളിൽ നിന്ന് 11 റൺസ് മാത്രമാണ് മുംബൈ ക്യാപ്റ്റന്റെ സംഭാവന. അടിച്ചു തുടങ്ങിയ ഇഷാൻ കിഷനും രോഹിതിന് പിന്നാലെ പോയി. യാഷ് താക്കൂർ ആണ് കിഷനെ കൂടാരം കയറ്റിയത്. പിന്നാലെ സൂര്യകുമാറും ഗ്രീനും കളി ഏറ്റെടുത്തു. പവർപ്ലെ ഓവറുകളിൽ ഗ്രീൻ തകർത്തടിച്ചു. ഗ്രീനിന് കൂട്ടായി സൂര്യകുമാറും ക്രീസിൽ നിലയുറപ്പിച്ചു.

എന്നാൽ ഗൗതമിന്റെ കയ്യിലേക്ക് സൂര്യകുമാറിനെ എത്തിച്ച് നവീനുൽ ഹഖ് ലക്‌നൗവിന്റെ സ്റ്റാറായി. കളി ലക്‌നൗ തിരിച്ചുപിടിച്ച വിക്കറ്റായിരുന്നു ഇത്. ക്രീസിലെത്തിയ തിലക് വർമ ഗ്രീനിനൊപ്പം ചേർന്ന് സൂക്ഷിച്ച് ബാറ്റ് വിശി. പക്ഷേ അതിന് കൂടുതൽ ആയുസുണ്ടായിരുന്നില്ല. നവീനുൽ ഹഖ് വീണ്ടും അവതരിച്ചു, അതെടെ 23 ബോളിൽ 41 റൺസെടുത്ത ഗ്രീൻ കൂടാരം കയറി. മുംബൈ റൺ കുതിപ്പിന് ഇതോടെ മങ്ങലേറ്റു. അവസാന ഓവറുകളില്‍ തിലക് വർമയും (26) ടിം ഡേവിഡും (13) വധേരയും (23) ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും ലക്നൌ ബോളർമാർ നിശ്ചിത ഇടവേളകളില്‍ വിക്കറ്റെടുത്തുകൊണ്ടിരുന്നു. നവീൻ ഉൾ ഹഖും യാഷ് താക്കൂറുമാണ് മുംബൈ റൺവേട്ടക്ക് വിള്ളൽ വീഴ്ത്തിയത്. നവീൻ നാല് ഓവറിൽ 38 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ യാഷ് താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. കുമാര്‍ കാര്‍ത്തികേയക്ക് പകരം ഹൃത്വിക് ഷൊക്കീന്‍ ടീമിലെത്തി.


Next Story