കണ്ണുകെട്ടി ലോകകപ്പ് ജയിച്ച സ്‌റ്റേഡിയത്തിലെത്തിച്ചു; സ്മൃതിക്ക് സർപ്രൈസൊരുക്കി പ്രതിശ്രുത വരൻ പാലാഷ് മുച്ചൽ
നവംബർ 23 നാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദാനക്ക് സർപ്രൈസുമായി പ്രതിശ്രുത വരനും സംഗീത സംവിധായകനുമായ പാലാഷ് മുച്ചൽ. നവംബർ രണ്ടിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി ആദ്യ വനിതാ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ച് വിവാഹാഭ്യാർത്ഥന നടത്തിയാണ് പാലാഷ് ഞെട്ടിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പാലാഷ് തന്നെയാണ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്.
കണ്ണു കെട്ടിയ ശേഷം സ്മൃതിയെ സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തേക്ക് നയിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പാലാഷ് സ്മൃതിയുടെ വിരലിൽ മോതിരമണിയിക്കുന്നതും താരം വികാരാധീനയാകുന്നതും വീഡിയോയിൽ കാണാം. നവംബർ 23 നാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ ഇരുവർക്കും ആശംസനേർന്നിട്ടുണ്ട്. തന്റെ മോതിരം പ്രദർശിപ്പിക്കുന്ന വീഡിയോ ജെമിമ റൊഡ്രിഗസ് അടക്കമുള്ള സഹതാരങ്ങൾക്കൊപ്പം സ്മൃതി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു.
കരിയറിലെ മികച്ചഫോമിലൂടെയാണ് സ്മൃതി കടന്നുപോവുന്നത്. ഈ വർഷം നടന്ന വനിതാ ഏകദിന ലോകകപ്പിൽ ഉപനായികയായ താരം ഒൻപത് മത്സരങ്ങളിൽ നിന്ന് 434 റൺസുമായി ഇന്ത്യക്കായി വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന മിതാലി രാജിന്റെ റെക്കോർഡ് തകർത്തിരുന്നു. വനിതാ ഏകദിത്തിൽ ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ റൺസ് നേടുന്ന വനിതാ താരം എന്ന റെക്കോർഡും സ്മൃതിയുടെ പേരിലാണ്.
Adjust Story Font
16

