Quantcast

റായിഡുവിന്‍റെ പോരാട്ടം പാഴായി; പഞ്ചാബ് സൂപ്പർ കിങ്‌സ്

പഞ്ചാബിന്‍റെ വിജയം 11 റണ്‍സിന്

MediaOne Logo

Web Desk

  • Updated:

    2022-04-25 18:04:05.0

Published:

25 April 2022 6:02 PM GMT

റായിഡുവിന്‍റെ പോരാട്ടം പാഴായി;  പഞ്ചാബ് സൂപ്പർ കിങ്‌സ്
X

അത്യന്തം ആവേശം അലയടിച്ച സൂപ്പർ പോരാട്ടത്തിൽ ചെന്നൈക്കെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 11 റൺസിനാണ് പഞ്ചാബ് ചെന്നൈയെ പരാജയപ്പെടുത്തിയത് . ചെന്നൈക്കായി അംബാട്ടി റായിഡു അർധ സെഞ്ച്വറി നേടിയെങ്കിലും റായിഡുവിന്റെ പോരാട്ടം വിഫലമായി. ഒരിക്കല്‍ കൂടി ധോണിയുടെ ക്ലാസിക്ക് ഫിനിഷ് പ്രതീക്ഷിച്ച ആരാധകർക്ക് ഇക്കുറി നിരാശയായിരുന്നു ഫലം. അവസാന ഓവറില്‍ ജയിക്കാന്‍‌ ചെന്നൈക്ക് 27 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്ന ധോണി ഒന്നാം പന്ത് സിക്സര്‍ പറത്തി ഗാലറിയെ ആവേശക്കൊടുമുടിയിലെത്തിച്ചെങ്കിലും മൂന്നാം പന്തില്‍ പുറത്തായി. ചെന്നൈക്കായി റായിഡു 39 പന്തിൽ ആറ് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 78 റൺസെടുത്തു . പഞ്ചാബിനായി കഗിസോ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ അർധ സെഞ്ച്വറി നേടിയ ശിഖർ ധവാന്‍റേയും 42 റണ്‍സെടുത്ത ബനൂക രാജപക്‌സേയുടേയും മികവിലാണ് പഞ്ചാബ് മികച്ച സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 187 റൺസെടുത്തു. ശിഖർ ധവാൻ 59 പന്തിൽ രണ്ട് സിക്‌സുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയിൽ 88 റൺസെടുത്ത് പുറത്താവാതെ നിന്നു. രാജപക്‌സേ 32 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിലാണ് 42 റൺസെടുത്തത്. മത്സരത്തിനിടെ രാജ്പക്‌സേയെ പുറത്താക്കാൻ കിട്ടിയ രണ്ട് സുവർണാവസരങ്ങളാണ് ചെന്നൈ ഫീൽഡർമാർ നഷ്ടപ്പെടുത്തിക്കളഞ്ഞത്.

പഞ്ചാബ് നിരയിൽ ക്യാപ്റ്റൻ മായങ്ക് അഗർവാളും രാജ്പക്‌സേയും ലിയാം ലിവിങ്സറ്റണുമാണ് പുറത്തായത്. ചെന്നൈക്കായി ഡ്വൈന്‍ ബ്രാവോ രണ്ടു വിക്കറ്റ് വീഴ്ത്തി.

അഞ്ചാം ഓവറിൽ ടീം സ്‌കോർ 37 ൽ നിൽക്കേ മായങ്ക് പുറത്തായതിന് ശേഷം ഒത്തു ചേർന്ന ധവാന്‍- രാജ്പക്‌സേ ജോഡി 117 റൺസിന്റെ കൂട്ടുകെട്ടാണ് പഞ്ചാബിനായി പടുത്തുയർത്തിയത്. അവസാന ഓവറുകളില്‍ ലിയാം ലിവിങ്സറ്റണ്‍ തകര്‍ത്തടിച്ചു. വെറും ഏഴ് പന്തില്‍‌ നിന്ന് രണ്ട് സിക്സുകളുടേയും ഒരു ഫോറിന്‍റേയും അകമ്പടിയില്‍‌ 19 റണ്‍സെടുത്ത് ലിവിങ്സ്റ്റണ്‍ പുറത്തായി. നേരത്തെ ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

TAGS :

Next Story