Quantcast

ആർ.അശ്വിൻ; കളമൊഴിയുന്നത് ഐപിഎല്ലിന്റെ ട്രെന്റ് സെറ്റർ

ഐപിഎല്ലിൽ 221 മത്സരങ്ങളിൽ നിന്നായി 187 വിക്കറ്റും 833 റൺസുമാണ് അശ്വിൻ സ്വന്തമാക്കിയത്.

MediaOne Logo

മിഖ്ദാദ് മാമ്പുഴ

  • Updated:

    2025-08-29 09:33:54.0

Published:

28 Aug 2025 6:56 PM IST

R Ashwin; The trend setter of the IPL is on the rise
X

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഒരു വർഷം തികയുംമുമ്പ് ആർ അശ്വിൻ തന്റെ ഐപിഎൽ കരിയറിനും വിരാമമിട്ടിരിക്കുന്നു. പക്ഷേ, അദ്ദേഹം പൂർണമായും കളി അവസാനിപ്പിക്കുന്നില്ല. 38-ാം വയസ്സിൽ, വിവിധ ലീഗുകളിലെ കളി നിരീക്ഷിക്കുന്ന ഒരു 'പര്യവേക്ഷകന്റെ' ജീവിതം ഇവിടെ തുടങ്ങുന്നുവെന്ന് അശ്വിൻ പറയുന്നു. 16 സീസണുകളിലായി (2009ൽ തുടങ്ങി, പരിക്കുമൂലം 2017 നഷ്ടമായി) അശ്വിൻ നേടിയത് 187 വിക്കറ്റുകളാണ്. ഇത് ഐപിഎല്ലിലെ അഞ്ചാമത്തെ ഉയർന്ന വിക്കറ്റ് വേട്ടയാണ്. ഐപിഎല്ലിൽ അദ്ദേഹം ശ്രദ്ധനേടിയ ചില നിമിഷങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റം

2009-ൽ സ്വന്തം ടീമായ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയായിരുന്നു അശ്വിന്റെ ഐപിഎൽ അരങ്ങേറ്റം. കേപ്ടൗണിലേത് മുംബൈ ഇന്ത്യൻസിനെതിരായ സീസണിലെ ആദ്യ മത്സരമായിരുന്നു. പക്ഷേ അത് അവിസ്മരണീയമല്ലാത്ത ഒരു അരങ്ങേറ്റമായിരുന്നു. നെറ്റ് ബോളറായി ടീമിലെത്തിയതായിരുന്നു അശ്വിൻ എന്ന് അക്കാലത്ത് കിംവദന്തികളുണ്ടായിരുന്നു. എംഎസ് ധോണിയുടെ സിഎസ്‌കെ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചതിനാൽ അശ്വിന് പന്തെറിയാൻ അവസരം ലഭിച്ചില്ല.

കൂടാതെ, ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട ആ മത്സരത്തിൽ ബാറ്റ് ചെയ്യാനും അവസരം ലഭിച്ചില്ല. മാനേജ്‌മെന്റ് മുത്തയ്യ മുരളീധരനെ പ്രധാന സ്പിന്നറായി തിരഞ്ഞെടുത്തതിനാൽ, ആ സീസണിൽ അശ്വിന് ഒരു മത്സരം മാത്രമേ കളിക്കാനായുള്ളൂ. എങ്കിലും അതൊരു നല്ല തുടക്കമായിരുന്നു. കുറഞ്ഞ സ്‌കോറുള്ള, സ്പിന്നർമാർ ആധിപത്യം പുലർത്തിയ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ അദ്ദേഹം 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. അശ്വിന്റെയും സിഎസ്‌കെയുടെയും ഭാവിയെക്കുറിച്ചുള്ള സൂചനയായിരുന്നു ആ മത്സരം.

ന്യൂ ബോളിലെ താരം

ഒരു ടി20 മത്സരത്തിൽ 205 റൺസ് നേടിയാലും, ക്രിസ് ഗെയ്ൽ എതിർ ടീമിലുണ്ടെങ്കിൽ ആ സ്‌കോർ പോലും ചെറുതായി തോന്നിയേക്കാം. 2011 ലെ ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ചേസിംഗിലെ ആദ്യ ഓവറിൽ ന്യൂ ബോളുമായി അശ്വിൻ ഗെയ്ലിന് മുന്നിലെത്തി. ഓരോ പന്തും ചിന്തിച്ചെറിയുന്ന അദ്ദേഹത്തിന്റെ ശൈലി ഇവിടെയും കണ്ടു.

ആദ്യ രണ്ട് പന്തുകൾ നല്ല ടേണോടെ എറിഞ്ഞ അദ്ദേഹം, മൂന്നാമത്തെ പന്തിൽ വേഗത കൂട്ടി. പന്ത് വെട്ടിക്കളയാൻ ശ്രമിച്ച ഗെയ്‌ലിന് പിഴച്ചു, പന്ത് ബാറ്റിൽ തട്ടി നേരെ ധോണിയുടെ കൈകളിലേക്ക്. അന്നേരം അശ്വിൻ ധോണിയുടെ കൈപ്പിടിയിലേക്ക് എത്തിച്ചത് ഗെയ്ലിന്റെ വിക്കറ്റ് മാത്രമല്ല, ചെന്നെയുടെ രണ്ടാം ഐപിഎൽ കിരീടം തന്നെയായിരുന്നു.

അതേക്കുറിച്ച് അശ്വിൻ പറയുന്നത് ഇങ്ങനെയാണ്. 'കുറച്ച് പന്തുകൾ ടേൺ ചെയ്ത് എറിഞ്ഞ ശേഷം വേഗത കുറച്ച ഒരു പന്തെറിഞ്ഞ് വിക്കറ്റ് നേടാനായിരുന്നു പ്ലാൻ, പക്ഷേ ആ പന്ത് ടേൺ ചെയ്യുകയും ഉയരുകയും ചെയ്തു. ഗെയ്‌ലിന് ഷോട്ട് കളിക്കാൻ അൽപ്പം താമസിച്ചുപോയി'. ആ ടൂർണമെന്റിൽ 20 വിക്കറ്റുകളുമായി ചെന്നൈയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി അശ്വിൻ മാറി.

ന്യൂ ബോളുമായി എറിയുന്ന അശ്വിന്റെ തുടക്കകാലത്തെ മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്. ഐപിഎൽ പവർപ്ലേയിൽ ഇത്രയധികം പന്തെറിഞ്ഞ മറ്റൊരു സ്പിന്നറില്ല. ആദ്യ ആറ് ഓവറുകളിൽ 1252 പന്തെറിഞ്ഞ് അശ്വിൻ ഒന്നാംസ്ഥാനത്താണ്. രണ്ടാംസ്ഥാനത്തുള്ള സുനിൽ നരെയ്ൻ 918 പന്തുകളാണ് എറിഞ്ഞിട്ടുള്ളത്. മൂന്ന് പേർ മാത്രമേ (ഹർഭജൻ സിംഗ്, അക്സർ പട്ടേൽ, ക്രുണാൽ പാണ്ഡ്യ) 450 പന്തുകൾ കടന്നിട്ടുള്ളൂ.

ഓഫ് സ്പിന്നറോ, ലെഗ് സ്പിന്നറോ?

അശ്വിൻ തന്റെ കരിയറിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താൻ ഒരിക്കലും മടിച്ചില്ല. പന്ത് വലത്തോട്ടും ഇടത്തോട്ടും തിരിക്കുക, വേഗതയിലും ലൈനിലും ലെങ്തിലും പരീക്ഷണം നടത്തുക, ക്രീസിന്റെ അകത്തും പുറത്തും നിന്ന് പന്തെറിയുക, പന്തെറിയുന്നതിന് മുമ്പുള്ള നിമിഷാർധത്തിലെ കാത്തിരിപ്പ്, കാരം ബോളുകൾ, റിവേഴ്‌സ് കാരം ബോളുകൾ.. എല്ലാരീതിയിലും താരം പന്തെറിഞ്ഞിട്ടുണ്ട്. ഓഫ് സ്പിന്നർമാർ സാധാരണയായി ചെയ്യാറില്ലാത്ത ലെഗ് സ്പിൻ പോലും അദ്ദേഹം എറിഞ്ഞിട്ടുണ്ട്. വെറും ഒരു ലെഗ് ബ്രേക്ക് മാത്രമല്ല, ലെഗ ്സ്പിന്നർമാരുടെ എല്ലാ വൈവിധ്യമാർന്ന പന്തുകളും അദ്ദേഹത്തിന് വശമായിരുന്നു.

2015-ലാണ് അദ്ദേഹം ലെഗ് സ്പിൻ പരിശീലിക്കാൻ തുടങ്ങിയത്. 2017 ആയപ്പോഴേക്കും അതിൽ മികവ് തെളിയിച്ചു. 2018-ൽ കിങ്സ് ഇലവൻ പഞ്ചാബിന് (ഇപ്പോൾ പഞ്ചാബ് കിങ്സ്) വേണ്ടി തന്റെ ആദ്യ സീസൺ കളിച്ചപ്പോഴും ഇത് പുറത്തെടുത്തു. എന്നാൽ, കളിക്കത്തിൽ വില്ലൻ പരിവേഷത്തിലും അശ്വിൻ ശ്രദ്ധിക്കപ്പെട്ടു.

ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ ഒന്നിലധികം തവണ 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' പ്രേമികൾക്ക് അദ്ദേഹം തലവേദനയുണ്ടാക്കി. അതിന്റെ ഒരു ഉദാഹരണമാണ് 'മങ്കാഡിങ്'. ഔദ്യോഗികമായി 'റൺ ഔട്ട് ബാക്കിങ് അപ്പ്' എന്ന് പറയുന്നു. ഇത് ചെയ്ത ആദ്യ കളിക്കാരനല്ല അശ്വിൻ. പക്ഷേ നിയമപരമായി ശരിയാണെങ്കിലും പലരും എതിർക്കുന്ന ഈ റൺ ഔട്ട് രീതിയുടെ അംബാസഡറായി അദ്ദേഹം സ്വയം മാറി.

2012-ൽ സ്റ്റീവൻ സ്മിത്തിനെതിരെ ബാക്കിങ് അപ്പ് റൺ ഔട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ, ക്രീസിനകത്ത് നിൽക്കാൻ അശ്വിൻ താക്കീത് നൽകിയിരുന്നു. അതേവർഷം തന്നെ ഒരു ഏകദിന മത്സരത്തിൽ ശ്രീലങ്കൻ താരം ലഹിരു തിരിമന്നെയെ ഇതേ രീതിയിൽ റൺ ഔട്ടാക്കിയെങ്കിലും ക്യാപ്റ്റൻ വീരേന്ദർ സെവാഗ് അപ്പീൽ പിൻവലിച്ചു. എന്നാൽ 2019-ൽ ജോസ് ബട്ട്ലർ ഐപിഎല്ലിലെ ആദ്യത്തെ മങ്കാഡിങ് ഇരയായി. അശ്വിനായിരുന്നു ആ കളിയിൽ വില്ലനായത്.

നിയമപരമായി ശരിയാണെങ്കിൽ അത് ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ആളുകൾക്ക് ഇഷ്ടപ്പെടുമോയെന്നത് അദ്ദേഹം കൂസാക്കിയില്ല. റിട്ടയേർഡ് ഔട്ട് കളിക്കളത്തിൽ അപൂർവമായി മാത്രം ഉപയോഗപ്പെടുത്തിയിരുന്ന തന്ത്രമായിരുന്നു. എന്നാൽ 2022- ൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റ് ഈ തന്ത്രം ഉപയോഗിച്ചു. എന്നാൽ അതിനുപിന്നിൽ ചരട് വലിച്ചത് അശ്വിനാണ്. ടീമിന്റെ തീരുമാനമാണെങ്കിലും ഇത് അശ്വിന്റെ സംഭാവനയായി കാണാം.

ഏപ്രിൽ 10-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലായിരുന്നു സംഭവം. 9 ഓവറുകളും 5 പന്തുകളും പിന്നിട്ടപ്പോൾ, 67-ന് 4 എന്ന നിലയിൽ റോയൽസ് സ്‌കോറിങ്് റേറ്റിൽ പിന്നിലായിരുന്നു. ഈ സമയത്ത് അഞ്ചാമനായി അശ്വിൻ ക്രീസിലെത്തി. ഷിംറോൺ ഹെറ്റ്മെയറിനൊപ്പം 23 പന്തിൽ 28 റൺസ് നേടി അദ്ദേഹം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാൽ ഇന്നിങ്്സിൽ പത്ത് പന്തുകൾ ബാക്കിനിൽക്കെ അശ്വിൻ പെട്ടെന്ന് ക്രീസിൽ നിന്ന് പിൻവാങ്ങി. കൂടുതൽ സ്ഫോടനാത്മകമായ ബാറ്റിങ് ശേഷിയുള്ള റിയാൻ പരാഗിന് താരം അവസരം നൽകി.

മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാര, ഈ തീരുമാനത്തിൽ അശ്വിനും പങ്കാളിയാണെന്ന് പറഞ്ഞു. 'റിട്ടയേർഡ് ഔട്ട് അശ്വിന്റെയും ടീം മാനേജ്മെന്റിന്റെയും സംയുക്തമായ തീരുമാനമായിരുന്നു. അത് ചെയ്യേണ്ട ശരിയായ സമയമായിരുന്നു. അശ്വിൻ തന്നെ കളിക്കളത്തിൽ നിന്ന് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ അതിനുമുമ്പ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു'. സംഗക്കാരയുടെ പ്രതികരണം ഇങ്ങനെയായിരുന്നു

റിട്ടയർഡ് ഔട്ടാകുന്ന ആദ്യത്തെ കളിക്കാരനല്ല അശ്വിൻ, അവസാനത്തെയാളുമാകില്ല. പക്ഷേ അതിനുമുമ്പ് ഐപിഎല്ലിൽ ഇത് സംഭവിച്ചിട്ടില്ലായിരുന്നു. അശ്വിനെ സംബന്ധിച്ചിടത്തോളം, ഇതിനെക്കുറിച്ച് കൂടുതൽ വിശകലനം ചെയ്ത് തലപുകക്കേണ്ട കാര്യമില്ലായിരുന്നു. 'ഇത് ചെയ്യേണ്ടതാണ്, പ്രത്യേകിച്ച് ടി20-കളിൽ കൂടുതൽ തവണ ചെയ്യണം. നമ്മൾ ഇതൊക്കെ ചെയ്യാൻ വൈകിപ്പോയിരിക്കുന്നു, പക്ഷേ വരും ദിവസങ്ങളിൽ ഇതൊക്കെ ഒരുപാട് തവണ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നോൺ-സ്ട്രൈക്കേഴ്സ് എൻഡിൽ റൺ ഔട്ടാക്കുന്നതുപോലെയുള്ള ഒരു അപമാനമായി ഇതിനെ ഞാൻ കാണുന്നില്ല.' എന്നാണ് അശ്വിന് പറയാനുണ്ടായിരുന്നത്. ഒരു യുഗം അവസാനിക്കുകയാണ്, ഒരു എഞ്ചിനീയറുടെ ബ്രില്യൻസോടെ ക്രിക്കറ്റിനെ സമീപിച്ചയാളാണ് ഈ തമിഴ്നാട്ടുകാരൻ. അനിൽ കുംബ്ലെക്കും ഹർഭജൻ സിങിനും ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നറെന്ന വിശേഷണം പൊൻതൂവലായി സ്വീകരിച്ചാണ് താരം കളംവിടുന്നത്.

TAGS :

Next Story