Quantcast

പ്രതിഫലത്തിൽ രവിശാസ്ത്രി ഒന്നുമല്ല, ദ്രാവിഡിനു മുമ്പിൽ ബിസിസിഐ വച്ചത് വമ്പൻ ഓഫർ

സ്ഥാനമൊഴിയുന്ന രവിശാസ്ത്രിക്ക് ബോണസിന് പുറമേ, 5.5 കോടി രൂപയാണ് ശമ്പളം.

MediaOne Logo

Sports Desk

  • Updated:

    2021-10-16 06:35:20.0

Published:

16 Oct 2021 6:34 AM GMT

പ്രതിഫലത്തിൽ രവിശാസ്ത്രി ഒന്നുമല്ല, ദ്രാവിഡിനു മുമ്പിൽ ബിസിസിഐ വച്ചത് വമ്പൻ ഓഫർ
X

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതം മൂളിയിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ടി20 ലോകകപ്പിന് ശേഷം ഹെഡ് കോച്ചായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. പല തവണ നിരസിച്ച ശേഷമാണ് ഇന്ത്യയുടെ വന്മതിൽ സീനിയർ ടീമിന്റെ പരിശീലക വേഷം ഏറ്റെടുക്കുന്നത്. രവി ശാസ്ത്രി പടിയിറങ്ങുന്ന ഒഴിവിലേക്കാണ് ദ്രാവിഡെത്തുന്നത്.

രണ്ടു വർഷത്തേക്കാകും കരാർ. അഥവാ, 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ടീം ഇന്ത്യയുടെ മുഖ്യകോച്ചായി തുടരും. പരസ് മാംബ്രെയാണ് ബൗളിങ് കോച്ചായി എത്തുന്നത്. നിലവിൽ ഭാരത് അരുണാണ് ബൗളിങ് കോച്ച്.

ബിസിസിഐ എത്ര കൊടുക്കും?

ടീം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഫലമാണ് ദ്രാവിഡിന് ബിസിസിഐ ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിവർഷം പത്തു കോടി രൂപയാണ് ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇന്ത്യൻ എ ടീം കോച്ചായിരിക്കെ പ്രതിവർഷം അഞ്ചു കോടി രൂപയാണ് ദ്രാവിഡ് പ്രതിഫലമായി വാങ്ങിയിരുന്നത്. 2015ൽ കരാർ ഒപ്പുവച്ച വേളയിൽ 2.62 കോടി രൂപയായിരുന്നു പ്രതിഫലം. ഇത് പിന്നീട് ഉയർത്തുകയായിരുന്നു. സ്ഥാനമൊഴിയുന്ന കോച്ച് രവിശാസ്ത്രിക്ക് ബോണസിന് പുറമേ, 5.5 കോടി രൂപയായിരുന്നു ശമ്പളം.

ദ്രാവിഡിന്റെ ആസ്തി

സ്‌പോർട്‌സ് വിക്കിയുടെ കണക്കുപ്രകാരം 165 കോടി രൂപയാണ് രാഹുൽ ദ്രാവിഡിന്റെ ആസ്തി. റീബോക്ക്, ഫിലിപ്‌സ്, ഗൂഗ്ൾ, കാസ്‌ട്രോൾ, മാക്‌സ് ലൈഫ് ഇൻഷുറൻസ്, സിറ്റിസൺ, സ്‌കൈലൈൻ കൺസ്ട്രക്ഷൻ, ഗില്ലറ്റ്, വേൾഡ് ട്രേഡ് സെന്റർ നോയ്ഡ തുടങ്ങിയ വമ്പൻ കമ്പനികളുമായി താരത്തിന് പരസ്യകരാറുകളുണ്ട്. ഇതിൽ നിന്നെല്ലാം നാലു കോടി രൂപ ദ്രാവിഡ് സമ്പാദിക്കുന്നുവെന്നാണ് റിപ്പോർട്ട്.


ബംഗളൂരുവിലെ ഇന്ദിരാ നഗറിൽ നാലു കോടി രൂപ വില വരുന്ന ബംഗ്ലാവിലാണ് ദ്രാവിഡും കുടുംബവും താമസിക്കുന്നത്. മെഴ്‌സിഡസ് ബെൻസും ബിഎംഡബ്ല്യൂയുവും സ്വന്തമായുണ്ട്.

കളിയിതുവരെ

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 24,000 റൺസാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. രാജ്യത്തിനായി 164 ടെസ്റ്റും 344 ഏകദിനവും കളിച്ചു. ടെസ്റ്റിൽ 13288 റൺസും ഏകദിനത്തിൽ 10889 റൺസുമാണ് സമ്പാദ്യം. രണ്ട് ഫോർമാറ്റുകളിലുമായി 48 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിലും ഐപിഎല്ലിൽ 89 മത്സരത്തിലും കളത്തിലിറങ്ങി.

TAGS :

Next Story