Quantcast

സഞ്ജുവിനായി വലവിരിച്ച് പ്രമുഖ ക്ലബുകൾ ; കൂടുമാറ്റത്തിനൊരുങ്ങി രാജസ്ഥാൻ നായകൻ

MediaOne Logo

Sports Desk

  • Published:

    8 Aug 2025 7:52 PM IST

സഞ്ജുവിനായി വലവിരിച്ച് പ്രമുഖ ക്ലബുകൾ ; കൂടുമാറ്റത്തിനൊരുങ്ങി രാജസ്ഥാൻ നായകൻ
X

'രാജസ്ഥാൻ റോയൽസിനൊപ്പം എനിക്ക് ആ വലിയ സ്വപ്‌നം യാഥാർത്ഥ്യമാക്കണം'..മോഹിപ്പിക്കുന്ന ഓഫറുമായി പ്രധാന ഫ്രാഞ്ചൈസികൾ പലകുറി സമീപിച്ചപ്പോഴും, ബിഗ് നോ പറഞ്ഞ് ആർ ആറിനൊപ്പം അടിയുറച്ച് നിന്ന് തന്റെ ലോയൽറ്റി തെളിയിച്ച താരമാണ് സഞ്ജു വിശ്വനാഥ് സാംസൺ. ലഭ്യമായ പരിമിതവിഭവങ്ങൾ വെച്ച് പരാതിയോ പരിഭവമോ ഇല്ലാതെ അയാൾ മികച്ചൊരു ടീമിനെ ബിൽഡ് ചെയ്‌തെടുത്തു. തുടർ വിജയങ്ങളിലേക്ക് കൈപിടിച്ചുയർത്തി. വിസ്‌ഫോട്‌ന ബാറ്റിങിലൂടെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായെങ്കിലും ഫൈറ്റിങ് സ്പിരിറ്റുള്ള സംഘമായി രാജസ്ഥാനെ മാറ്റിയെടുക്കാൻ സഞ്ജുവിനായി. എന്നാൽ വർഷങ്ങൾ നീണ്ട ആ ബന്ധത്തിൽ ഇപ്പോൾ ചില ഉലച്ചിലുകൾ വന്നിരിക്കുന്നു. സഞ്ജുവിനും രാജസ്ഥാനുമിടയിൽ സംബന്ധിച്ചത് എന്ത്.

2024 നവംബർ. സൗദി അറേബ്യയിലെ നക്ഷത്ര ഹോട്ടലിൽ ഐപിഎൽ മെഗാതാരലേലം നടന്നുവരുന്നു. ഐപിഎൽ റെക്കോർഡുകൾ പലതും കടപുഴകിയ ഓക്ഷനിൽ ഫ്രാഞ്ചൈസികൾ താരങ്ങൾക്കായി വാശിയോടെ രംഗത്തെത്തിയപ്പോൾ കാഴ്ചക്കാരുടെ റോളിലായിരുന്നു രാജസ്ഥാൻ. ലേലത്തിന് മുൻപ് ജോസ് ബട്‌ലർ, യുസ്വേന്ദ്ര ചഹൽ, ആർ അശ്വിൻ ഉൾപ്പെടെയുള്ള വൻതോക്കുകളെ വിട്ടുകളഞ്ഞ് ഏവരേയും ഞെട്ടിച്ച ഫ്രാഞ്ചൈസിക്ക് ലേലത്തിനും കൈപൊള്ളി.പ്രധാന താരങ്ങളെ കൂടാരത്തിലെത്തിക്കുന്നതിൽ സംഭവിച്ച ആ പാളിച്ച വൈകാതെ കളിക്കളത്തിലേക്കും പടരുന്നതാണ് ആരാധകർ കണ്ടത്. പ്രതീക്ഷയോടെയെത്തിച്ച വിദേശതാരങ്ങളടക്കം നിറം മങ്ങിയതോടെ ഹോമിലും എവേയിലും ആർആർ തലതാഴ്ത്തി മടങ്ങി. ഇതിനിടെ പരിശീലകൻ രാഹുൽ ദ്രാവിഡും സഞ്ജു സാംസണും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന വിധത്തിലും രാജസ്ഥാൻ ക്യാമ്പിൽ നിന്ന് വാർത്തകളെത്തി. ഒരുവേള ദ്രാവിഡിന് തന്നെ ഇക്കാര്യം നിഷേധിച്ച് പരസ്യമായി രംഗത്തെത്തേണ്ടിവന്നു. രണ്ടു ദ്രുവങ്ങളിലാണെന്ന തരത്തിലും അഭ്യൂഹങ്ങൾ ശക്തിപ്രാപിക്കുന്നതാണ് പിന്നീട് കണ്ടത്. മുൻപില്ലാത്തവിധത്തിൽ രാജസ്ഥാൻ ടീമിൽ ആശങ്കയുടെ കാർമേഘം മൂടിയ ദിനങ്ങളായിരുന്നു പിന്നീട്.

ഐപിഎൽ 18ാം പതിപ്പിന് തിരശീല വീണശേഷവും രാജസ്ഥാൻ ക്യാമ്പിൽ അതിന്റെ അലയൊലികൾ അവസാനിച്ചിരുന്നില്ല... ഫ്രാഞ്ചൈസിയുമായി അഭിപ്രായഭിന്നതുണ്ടെന്നും സഞ്ജു ആർആറിനോട് ബൈ പറയാൻ തയാറെടുക്കുന്നതായും ദേശീയ മാധ്യമങ്ങൾ അച്ചുനിരത്തി. മാസങ്ങളായി തുടരുന്ന സഞ്ജു-രാജസ്ഥാൻ ശീതയുദ്ധം പിന്നീടും നിരവധി തവണ വാർത്താതലക്കെട്ടുകളൽ ഇടംപിടിച്ചു. ടീം വിടാൻ സഞ്ജു സന്നദ്ധത അറിയിച്ചതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റ്. ഒന്നുകിൽ റീലീസ് ചെയ്യുക...അല്ലെങ്കിൽ വിൽക്കാൻ തയാറാകണമെന്ന് സഞ്ജു നിലപാടെടുത്തതായാണ് വിവരം. രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്യുകയാണെങ്കിൽ താരത്തിന് 2026 മിനി ലേലത്തിൽ പങ്കെടുക്കാനാകും. അതേസമയം, 2025 സീസൺ റിവ്യൂ മീറ്റിങിൽ സഞ്ജുവിന് കൃത്യമായൊരു മറുപടി നൽകാൻ ഫ്രാഞ്ചൈസി തയാറായിരുന്നില്ല

2025 സീസണിൽ റോയൽസ് വരുത്തിയ മാറ്റങ്ങളാണ് അഭിപ്രായഭിന്നതയുടെ തുടക്കം. സഞ്ജു പരിക്കേറ്റ് പുറത്തായ സമയം യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ് റോളിൽ വൈഭവ് സൂര്യവംശിയെയാണ് ദ്രാവിഡ് പരീക്ഷിച്ചത്. ഈ സഖ്യം മികച്ച പ്രകടനം നടത്തിയതോടെ തുടർ മത്സരങ്ങളിലും ഇരുവരും തുടരുകയായിരുന്നു. സമാനമായി ടീമിൽ പലമാറ്റങ്ങൾ വരുത്തുമ്പോഴും സഞ്ജുവിന്റെ അഭിപ്രായം തേടിയിരുന്നില്ല. പരിക്കുമാറി ടീമിൽ തിരിച്ചെത്തിയെങ്കിലും പോയ സീസണിൽ രാജസ്ഥാന്റെ മീറ്റിങ്ങിലും പലപ്പോഴും സഞ്ജു പങ്കെടുത്തില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. കുമാർ സംഗക്കാരയുമായി മികച്ച കോംബോയുണ്ടായിരുന്ന മലയാളി താരത്തിന് ദ്രാവിഡിന്റെ നിലപാടിനോട് പലപ്പോഴും യോചിച്ച് പോകാനായില്ല. രാജസ്ഥാനെ സംബന്ധിച്ച് സഞ്ജുവിനെ നഷ്ടപ്പെടുത്തുക നിലവിലെ സാഹചര്യത്തിൽ ഒട്ടും എളുപ്പമാകില്ല. ഇതേ ട്രാക്ക് റെക്കോർഡുള്ള, എക്‌സ്പീരിയൻസുള്ള ക്യാപ്റ്റനെ പകരമെത്തിക്കുകയെന്നത് മുൻ ചാമ്പ്യൻമാരെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാകും. അതേസമയം, സഞ്ജുവിനെ അനുനയിപ്പിച്ച് ടീമിനൊപ്പം നിർത്താനുള്ള ശ്രമവും ഒരുഭാഗത്ത് തുടർന്നുവരികയാണ്. ടീം മാനേജർ മനോജ് ബാഡ്‌ലെയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ പുരോഗമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ വാർത്തനൽകുന്നു. ഇക്കാര്യത്തിൽ രാഹുൽ ദ്രാവിഡിന്റെ തീരുമാനമാകും നിർണായകമാകുക. നിലവിൽ വരുന്ന സെപ്തംബർ വരെയാണ് ഐപിഎല്ലിൽ പ്ലയേഴ്‌സിനെ റിലീസ് ചെയ്യുന്നതിനുള്ള ഡെഡ് ലൈൻ.

ഇനി സഞ്ജുവിനെ റിലീസ് ചെയ്യാൻ ആർആർ തീരുമാനിച്ചാൽ മുന്നിൽ രണ്ട് സാധ്യതകളാണുള്ളത്. ഒന്നെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്ററെ ലേലത്തിൽ നൽകാം. അല്ലെങ്കിൽ സ്വാപ് ഡീലിലോ ട്രാൻസ്ഫർ വഴിയോ റിലീസ് ചെയ്യാനാകും. ഐപിഎൽ നിയമപ്രകാരം ഇക്കാര്യത്തിൽ കളിക്കാരൻ പോകാൻ സന്നദ്ധമായാലും അന്തിമതീരുമാനമെടുക്കാനുള്ള അധികാരം ഫ്രാഞ്ചൈസി ഉടമകൾക്കായിരിക്കും. 2027 വരെ ടീമുമായി കരാറുള്ള സഞ്ജുവിനെ വിട്ടുകൊടുക്കാൻ ആർആർ തയാറായില്ലെങ്കിൽ അടുത്ത സീസണിലും ആർആറിനൊപ്പം താരത്തിന് കളത്തിലിറങ്ങേണ്ടിവരും.

ചെന്നൈ സൂപ്പർ കിങ്‌സ് 30 കാരനെ കൂടാരത്തിലെത്തിക്കാനായി നേരത്തെ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ആർആർ മാനേജ്‌മെന്റ് നിലപാടാണ് നിർണായകമാകുക. എംഎസ് ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പർ-ക്യാപ്റ്റനായാണ് സിഎസ്‌കെ സഞ്ജുവിനെ പരിഗണിക്കുന്നത്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും പുതിയ സീസണിന് മുന്നോടിയായി ക്യാപ്റ്റൻ റോളിലേക്ക് പുതിയ താരത്തെ കണ്ടെത്തേണ്ടതുണ്ട്. അജിൻക്യ രഹാനെയെ കഴിഞ്ഞ സീസണിൽ നായകസ്ഥാനത്തെത്തിച്ച കൊൽക്കത്തക്ക് പ്രതീക്ഷിച്ച റിസൾട്ടുണ്ടാക്കാനായില്ല. ഇതോടെ കെകെആർ റഡാറിലും പ്രധാന ഓപ്ഷനാണ് സഞ്ജുവുണ്ട്.

വിലരിനേറ്റ പരിക്കിനെ തുടർന്ന് പോയ സീസണിൽ ഒൻപത് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. ഒരു അർധ സെഞ്ച്വറി സഹിതം 285 റൺസാണ് സമ്പാദ്യം. 14 മാച്ചിൽ നാല് ജയം മാത്രമുള്ള രാജസ്ഥാൻ ഫിനിഷ് ചെയ്തത് ഒൻപതാം സ്ഥാനത്ത്. സമീപകാലത്തെ ടീമിന്റെ ഏറ്റവും മോശം പ്രകടനം. 2013-15 വരെ മൂന്ന് സീസണുകളിൽ ആർആർ ജഴ്‌സിയണിഞ്ഞ സഞ്ജു പിന്നീട് ഡൽഹി ഡെയർ ഡെവിൾസിലേക്ക് ചുവടുമാറുകയായിരുന്നു. 2021ൽ ക്യാപ്റ്റനായി ജയ്പൂരിലേക്ക് പറന്നിറങ്ങിയ മലയാളി താരം 2022ൽ ടീമിനെ ഫൈനലിലെത്തിച്ചു. കഴിഞ്ഞ മെഗാലേലത്തിൽ 18 കോടിയ്ക്കാണ് ഫ്രാഞ്ചൈസി താരത്തെ നിലനിർത്തിയത്.

സഞ്ജുവിനെ നിലനിർത്തണോ വിട്ടുകളയണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ രാജസ്ഥാന് മുന്നിൽ ഇനിയും രണ്ട് മാസ സമയുമുണ്ട്. കരിയറിലെ പീക് ടൈമിലൂടെ കടന്നുപോകുന്ന 30 കാരൻ സുപ്രധാന കൂടുമാറ്റത്തിന് തയാറാകുമോ. അതോ അടുത്ത സീസണിൽ ആർആർ പിങ്ക് ജഴ്‌സിയിൽ സഞ്ജുവിനെ വീണ്ടും കാണാനാകുമോ

TAGS :

Next Story