Quantcast

മൂന്ന് മാച്ചിൽ നേടാനായത് ഒരേയൊരു വിക്കറ്റ്; ഐപിഎല്ലിൽ റാഷിദ് ഖാന്റെ തിരിച്ചുവരവുണ്ടാകുമോ

ആർസിബിക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 54 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് താരം വഴങ്ങിയത്.

MediaOne Logo

ടി.കെ ഷറഫുദ്ദീന്‍

  • Updated:

    2025-04-04 11:30:19.0

Published:

4 April 2025 4:57 PM IST

Only one wicket was taken in three matches; Will Rashid Khan make a comeback in the IPL?
X

2017 ഫെബ്രുവരി 20. ഇന്ത്യൻ പ്രീമിയർലീഗ് ലേലം ബെംഗളൂരുവിലെ നക്ഷത്രഹോട്ടലിൽ പുരോഗമിക്കുന്നു. വാശിയേറിയ ആ ലേലത്തിലെ ഉയർന്ന തുകയായ 14.50 കോടിയ്ക്ക് ബെൻ സ്റ്റോക്ക് റൈസിങ് പൂനെ സൂപ്പർ ജയന്റ്സിലേക്ക്. അന്നത്തെ വാർത്താ തലക്കെട്ടുകളിലെല്ലാം പ്രധാനപേര് ഈ ഇംഗ്ലീഷ് ഓൾറൗണ്ടറായിരുന്നു. എന്നാൽ അപ്രതീക്ഷിതമായൊരു താരോദയത്തിനുകൂടി ആ ലേലവേദി അന്ന് സാക്ഷ്യംവഹിച്ചു. 4 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ 19 കാരൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ. അഫ്ഗാനിസ്ഥാനിൽ നിന്ന് ഐപിഎൽ കളിക്കാനെത്തുന്ന ആദ്യ താരമെന്ന ലേബലിലായിരുന്നു ആ പയ്യന്റെ ഇൻട്രൊഡക്ഷൻ.



അഫ്ഗാൻ ക്രിക്കറ്റിലെ മാറ്റത്തിന്റെ കാഹളംകൂടിയായിരുന്നു അന്ന് ബെംഗളൂരു ലേലവേദിയിൽ കേട്ടത്. പ്രതീക്ഷിച്ചതിലും ഉയരങ്ങളിലാണ് റാഷിദ് പന്തെറിഞ്ഞത്. അധികം വൈകാതെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരുടെ പട്ടികയിലേക്കും റാഷിദ് ഖാൻ നടന്നുകയറി. അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗുകളിലും ബാറ്റർമാർക്ക് ഭീഷണിയുയർത്തി ഈ ലെഗ് സ്പിന്നർ പുതിയ സാമ്രാജ്യങ്ങൾ ഓരോന്നായി വെട്ടിപിടിച്ചു. റെക്കോർഡുകൾ ഓരോന്നായി സ്വന്തമാക്കി. മിസ്റ്റേരിയസ് ഗുഗ്ലിയും ലൈനിലും ലെങ്തിലും വരുത്തുന്ന വേരിയേഷനുമെല്ലാം അഫ്ഗാൻ ലെഗ്സ്പിന്നറെ അപകടകാരിയാക്കി.



നാല് കോടിയ്ക്ക് ഹൈദരാബാദിൽ തുടങ്ങിയ ആ കരിയർ എട്ട് വർഷങ്ങൾക്കിപ്പുറം 18 കോടിയിൽ ഗുജറാത്ത് ടൈറ്റൻസിൽ എത്തിനിൽക്കുന്നു. സീറോയിൽ നിന്ന് ടി20 ക്രിക്കറ്റിലെ ഡെയ്ഞ്ചറസ് മെറ്റീരിയലിലേക്കുള്ള പരിവർത്തനം. റാഷിദ് ഖാന്റെ ചുവടുപിടിച്ച് നൂർ മുഹമ്മദും മുജീബ് റഹ്‌മാനും അടക്കമുള്ള ഒട്ടേറെ അഫ്ഗാൻ താരങ്ങളാണ് ഫ്രാഞ്ചൈസി ലീഗിന്റെ മായികലോകത്തേക്കെത്തിയത്. റൺസ് വിട്ടുകൊടുക്കുന്നതിനുള്ള താരത്തിന്റെ പിശുക്കും വിക്കറ്റുകൾ സ്വന്തമാക്കാനുള്ള മികവും അയാളെ കുട്ടിക്രിക്കറ്റിലെ ആദ്യപേരുകാരനാക്കി. ബൗളർമാർ കൊലചെയ്യപ്പെടുന്ന പവർപ്ലെ-ഡെത്ത് ഓവറുകളിൽ ഈ ലെഗ് സ്പിന്നറെ വിശ്വസിച്ച് പന്തേൽപ്പിക്കാൻ ടീം നായകനെ പ്രേരിപ്പിക്കുന്നതും കറങ്ങിതിരിയുന്ന പന്തുകളിലെ ഈ കൺസിസ്റ്റൻസിയായിരുന്നു



ഇനി ഈ ഐപിഎൽ സീസണിലേക്ക് വരാം. 18ാം പതിപ്പ് റാഷിദ് ഖാനെ സംബന്ധിച്ച് മോശം ഓർമകളാണ് നൽകുന്നത്. മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ എറിഞ്ഞത് 10 ഓവറുകൾ. കൺസീഡ് ചെയ്തതാകട്ടെ 112 റൺസും. ഇകണോമി റേറ്റ് 11ന് മുകളിൽ. സ്വന്തമാക്കാനായത് ഒരേയൊരു വിക്കറ്റ്. എതിരാളികളുടെ റൺ പേമാരി പിടിച്ചുനിർത്താനായി ക്യാപ്റ്റന്റെ ട്രംകാർഡായിരുന്ന 26 കാരൻ ഇപ്പോൾ പ്രതിഭയുടെ അരികിൽ മാത്രമായിരിക്കുന്നു. പഞ്ചാബ് കിങ്സിനെതിരെ 4 ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തതാണ് ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗർ. ഏക വിക്കറ്റ് നേട്ടവും ആ മാച്ചിൽ ഇതന്നെ. മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് ഓവർ മാത്രമാണ് റാഷിദ്ഖാന് പന്തെറിയാനായി ലഭിച്ചത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരമായിരുന്നു ഏറ്റവും ദയനീയം. മറ്റു ബൗളർമാരെല്ലാം നന്നായി പന്തെറിഞ്ഞ മത്സരത്തിലും റാഷിദിന് തെറ്റി. ലിയാം ലിവിങ്സ്റ്റൺ ഒരു ദാക്ഷണ്യവുമില്ലാതെയാണ് അഫ്ഗാൻ സ്പിന്നറെ നേരിട്ടത്. ജിതേഷ് ശർമ കൂടി പ്രഹരിച്ചതോടെ നാല് ഓവറിൽ 54 റൺസാണ് റാഷിദ് ഖാൻ വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. തന്റെ ഐപിഎൽ കരിയറിലെതന്നെ രണ്ടാമത്തെ ഏറ്റവും മോശം ബൗളിങ് പ്രകടനമായിരുന്നു അത്.



ഏതാനും മത്സരത്തിലെ പ്രകടനം മാത്രം കൊണ്ട് മാത്രമല്ല റാഷിദ് ഖാനെ വിലയിരുത്തുന്നത്. ചില കണക്കുകൾ പരിശോധിക്കാം. 2017 മുതൽ 2022 വരെയായി ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമായി 92 ഇന്നിങ്സുകളിൽ 112 വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്. അമ്പരപ്പിക്കുന്ന 6.37 എന്ന എക്കോണമി റേറ്റിലായിരുന്നു ഈ നേട്ടം. ആകെ എറിഞ്ഞ പന്തുകളിൽ 41.5 ശതമാനവും ഡോട്ട് ബോളുകളായിരുന്നു. എന്നാൽ 2023 മുതൽ ഈ സീസൺ വരെയായി 32 മാച്ചിൽ 38 വിക്കറ്റാണ് നേട്ടം. ഇക്കോണമി റേറ്റ് 8.54 എന്ന നിലയിലേക്ക് ഉയർന്നു. എറിയുന്ന ഡോട്ട് ബോളുകളുടെ എണ്ണം 41.5 ശതമാനത്തിൽ നിന്നും 33.4 ശതമാനമായി കുറയുകയും ചെയ്തു. 2022 വരെ അഞ്ച് സീസണുകളിലായി ഐപിഎൽ കരിയറിലാകെ കൺസീഡ് 81 സിക്സറുകളാണെങ്കിൽ കഴിഞ്ഞ രണ്ട് സീസണിലും നടപ്പ് സീസണിലുമായി 56 സിക്സറുകളാണ് എതിരാളികൾ തൂക്കിയത്.



ഹൈദരാബാദിനൊപ്പമുള്ള ആദ്യ സീസണിൽ 17 വിക്കറ്റുമായാണ് യങ് സ്പിന്നർ ഐപിഎൽ ആരവങ്ങളിലേക്ക് പറന്നിറങ്ങിയത്. തൊട്ടടുത്ത വർഷം 21 വിക്കറ്റുകൾ പോക്കറ്റിലാക്കി വൺ സീസർ വണ്ടറല്ലെ താനെന്ന് തെളിയിക്കുകയും ചെയ്തു. പിന്നീടുള്ള ഓരോ ഐപിഎൽ പതിപ്പിലും തന്റെ ബൗളിങ് മൂർച്ചകൂട്ടി നിലമെച്ചപ്പെടുത്തികൊണ്ടേയിരുന്ന അയാൾ ഐപിഎല്ലിലെ മികച്ച ഇകണോമി ബൗളറായി മാറി. ഇടക്ക് ബാറ്റിങ്ങിലും മിന്നലാട്ടങ്ങൾ നടത്തി. ഗുജറാത്തിനെ ഐപിഎൽ കിരീടത്തിലെത്തിക്കുന്നതിലും നിർണായക പ്രകടനം. എന്നാൽ 2024 സീസൺ റാഷിദ്ഖാനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മോശം വർഷമായിരുന്നു. 12 മാച്ചിൽ നിന്നായി 10 വിക്കറ്റ് മാത്രമാണ് ഐപിഎല്ലിൽ നേടാനായത്. എതിരാളികൾ താരത്തെ അറ്റാക്ക് ചെയ്ത് കളിക്കാൻ തുടങ്ങിയതോടെ ഓരോ മാച്ചിലും ഇക്കണോമി റേറ്റ് കുത്തനെ ഉയർന്നു. ഇതിന്റെ ബാക്കിപത്രമായാണ് ഈ സീസണിലെയും പ്രകടനം



കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെ തുടർന്ന് നാല് മാസത്തോളം റാഷിദ് ഖാൻ കളത്തിന് പുറത്തായിരുന്നു. നീണ്ട വിശ്രമത്തിന് ശേഷമുള്ള മടങ്ങിവരവിൽ പ്രതീക്ഷിച്ചപോലെ മികവിലേക്കുയരാൻ അയാൾക്കായില്ല. തന്റെ കരുത്തായ ഗുഗ്ലിയിലെ വേരിയേഷനും ഫിളിപ്പറിനൊമൊന്നും പഴയ മൂർച്ചയില്ലാതായി. നെറ്റ്സിൽ ഇത്തരം പന്തുകളെ നേരിട്ട ബാറ്റർമാർക്ക് റാഷിദ് ഖാന്റെ ബൗളിങ് രീതി പ്രെഡിക്ടബിളായി മാറിയെന്നതാണ് വാസ്തവം. ഐപിഎല്ലിനെ പുറമെ ബിബിഎൽ, ദക്ഷിണാഫ്രിക്കൻ ലീഗ്, ദി ഹണ്ട്രഡ് തുടങ്ങി ലോകത്തിലെ വിവിധ ടി20 ലീഗുകളിൽ അഫ്ഗാൻ ബൗളറെ നേരിട്ടും ബാറ്റർമാർ ഏറെക്കുറെ ബാറ്റർമാർക്ക് പരിചിതമായി ആ ബൗളിങ്.



നിലവിൽ ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് റാഷിദ് ഖാൻ. 462 മത്സരങ്ങളിൽ നിന്നായി 634 വിക്കറ്റുകളാണ് അയാളുടെ ശേഖരത്തിലുള്ളത്. ഐപിഎല്ലിൽ മാത്രം 150 വിക്കറ്റ്. കരിയറിൽ പാതിവഴിയിൽ മാത്രംമെത്തിനിൽക്കെയാണ് ഈ നേട്ടങ്ങളെല്ലാം റാഷിദ് സ്വന്തമാക്കിയത്. തന്റെ ബൗളിങ് കരുത്തിൽ വിശ്വാസമർപ്പിച്ച് തിരിച്ചുവരാനുള്ള ശേഷി അയാക്കുണ്ട്. 2017ലെ ആ 19 കാരൻ പയ്യന്റെ പ്രതിഭാ സ്പർശത്തിലേക്കുള്ള മടക്കം. ഏത് ഫ്ളാറ്റ് പിച്ചിലും ബാറ്റർമാരെ കറക്കിവീഴ്ത്തുന്ന റാഷിദ് ഖാന്റെ മാജിക്കൽ സ്പെല്ലിനായി കാത്തിരിക്കാം.

TAGS :

Next Story