രണ്ടാം ദിനവും നിറഞ്ഞുകവിഞ്ഞ് എംസിജി; ബോക്സിങ് ഡേ ടെസ്റ്റിലെ സർവകാല റെക്കോർഡ്

മെൽബൺ: ഇന്ത്യ-ആസ്ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനവും നിറഞ്ഞുകവിഞ്ഞ് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം. രണ്ടാംദിനം 85,147 കാണികൾ എത്തിയതായി സ്റ്റേഡിയത്തിന്റെ ഔദ്യോഗിക പേജ് അറിയിച്ചു. ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ സർവകാല റെക്കോർഡാണിതെന്നും അധികൃതർ പ്രതികരിച്ചു.
ക്രിസ്മസിന് പിറ്റേന്ന് തുടങ്ങുന്ന ചരിത്ര പ്രാധാന്യമുള്ള ബോക്സിങ് ഡേ ടെസ്റ്റിന് ആസ്ട്രേലിയൻ കായിക സംസ്കാരത്തിൽ പ്രമുഖ സ്ഥാനമാണുള്ളത്. ആദ്യ ദിനത്തിൽ 87,242 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിലെ സർവകാല റെക്കോർഡാണിത്. ആദ്യ ദിനത്തിലെ ടിക്കറ്റുകൾ നേരത്തേ വിറ്റുതീർന്നിരുന്നു.
2015 ലോകകപ്പ് ഫൈനലിലെ ആസ്ട്രേലിയ-ന്യൂസിലാൻഡ് മത്സരത്തിനാണ് സ്റ്റേഡിയത്തിൽ ഏറ്റവുമധികം കാണികളെത്തിയത്. 93,013 പേരാണ് അന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. 2013ലെ ഇംഗ്ലണ്ട്-ആസ്ട്രേലിയ ആഷസ് ടെസ്റ്റിനായി 91,112 പേരും സ്റ്റേഡിയത്തിലെത്തി. 1853ൽ സ്ഥാപിച്ച സ്റ്റേഡിയം ആസ്ട്രേലിയൻ റൂൾസ് ഫുട്ബോൾ, റഗ്ബി, ഫുട്ബോൾ, സംഗീത പരിപാടികൾ എന്നിവക്കായും ഉപയോഗിക്കാറുണ്ട്.
ആദ്യ ഇന്നിങ്സിൽ ഓസീസ് ഉയർത്തിയ 474 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 എന്ന നിലയിലാണ് . 82 റൺസെടുത്ത യശസ്വി ജയ്‌സ്വാൾ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നോക്കിയത്. വിരാട് കോഹ്‍ലി 36 റൺസെടുത്ത് പുറത്തായി.
Adjust Story Font
16

