Quantcast

കളികാണാൻ സ്‌റ്റേഡിയത്തിലെത്തി ഡൽഹിയുടെ നായകൻ; ഋഷഭ് പന്തിന് പിന്തുണയുമായി ക്രിക്കറ്റ് പ്രേമികൾ

'നിങ്ങളെ കണ്ടതിൽ സന്തോഷം, ഋഷബ് ബായ്, ഫീൽഡിൽ കാണുമെന്ന്‌ പ്രതീക്ഷിക്കുന്നു' എന്ന കുറിപ്പോടെ ഗുജറാത്ത് ടൈറ്റൻസും

MediaOne Logo

Sports Desk

  • Updated:

    2023-04-04 16:34:08.0

Published:

4 April 2023 4:28 PM GMT

Rishabh Pant came to watch Delhi Capitals match against Gujarat Titans
X

Rishabh Pant

ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് കളിക്കുമ്പോൾ മുന്നിൽനിന്ന് നയിച്ചയാൾ ഇന്ന് അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിൽ വിശിഷ്ടാതിഥി ആയാണെത്തിയത്. മറ്റാരുമല്ല, മൈതാനിയിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്ന ഋഷഭ് പന്തായിരുന്നു അതിഥി. വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം നാലു വർഷത്തിന് ശേഷം നടന്ന ഹോം മാച്ച് കാണാനെത്തുകയായിരുന്നു.

ചാനലുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ മുൻ ഡൽഹി നായകന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിക്കുകയാണ്. സ്വന്തം ടീമായ ഡൽഹി ക്യാപിറ്റൽസും എതിരാളികളായ ഗുജറാത്ത് ടൈറ്റൻസും പന്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. 'നമ്മുടെ ഉടമകളും ഋഷബ് പന്തും ഡൽഹി ക്യാപിറ്റൽസ് പിള്ളേർക്ക് പിന്തുണയുമായി ഹോം ഗ്രൗണ്ടിലെത്തിയപ്പോൾ' എന്ന കുറിപ്പുമായാണ് ഡൽഹി ചിത്രം പോസ്റ്റ് ചെയ്തത്. 13ാമൻ എന്ന പേരിൽ വീഡിയോയും പോസ്റ്റ് ചെയ്തു.

'നിങ്ങളെ കണ്ടതിൽ സന്തോഷം, ഋഷബ് ബായ്, ഫീൽഡിൽ കാണുമെന്ന്‌ പ്രതീക്ഷിക്കുന്നു' എന്ന കുറിപ്പോടെ ഗുജറാത്ത് ടൈറ്റൻസും ഫോട്ടോ പങ്കുവെച്ചു.

മുമ്പ് സ്വിമ്മിംഗ് പൂളിലൂടെ നടക്കുന്ന വീഡിയോ താരം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. 'ചെറുതും വലുതുമായ എല്ലാത്തിനും അതിനിടയിലുള്ളതിനും നന്ദി'യെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചാമ്പ്യന് കൂടുതൽ ശക്തിയുണ്ടാകട്ടെയെന്ന കുറിപ്പോടെ വീഡിയോ ബി.സി.സി.ഐ പങ്കുവെച്ചു.

കാറപകടത്തിനുശേഷം പുറത്തിറങ്ങിനടക്കുന്ന ഫോട്ടോ മുമ്പ് താരം പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. ഒരടി മുന്നോട്ട്, കരുത്തനായി, ഭേദപ്പെട്ട നിലയിൽ എന്ന അടിക്കുറിപ്പോടെയാണ് പന്ത് ചിത്രങ്ങൾ പങ്കുവച്ചത്. വീട്ടിൽനിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സൂചന. ശസ്ത്രക്രിയയ്ക്കും വിവിധ ചികിത്സയ്ക്കും ശേഷം താരം വിശ്രമത്തിലാണുള്ളത്.

അപകടത്തിനുശേഷം പിന്തുണയും പ്രാർത്ഥനയുമായി ഒപ്പംനിന്നവർക്കെല്ലാം നേരത്തെ പന്ത് നന്ദി പറഞ്ഞിരുന്നു. ബി.സി.സി.ഐ, ബോർഡ് ജയ് ഷാ, സർക്കാർ വൃത്തങ്ങൾ എന്നിവരെ പ്രത്യേകം പേര് പറഞ്ഞ് നന്ദിയും രേഖപ്പെടുത്തി. 'എല്ലാ പിന്തുണയ്ക്കും നല്ല ആശംസകൾക്കും മുന്നിൽ വിനയാന്വിതനും കടപ്പെട്ടവനുമാണ് ഞാൻ. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ സന്തോഷത്തോടെ അറിയിക്കട്ടെ. രോഗമുക്തിയിലേക്കുള്ള പാത ആരംഭിച്ചിരിക്കുകയാണ്. മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ഞാൻ ഒരുക്കമാണ്' -ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു താരം. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്.

അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.

Rishabh Pant came to watch Delhi Capitals match against Gujarat Titans

TAGS :

Next Story