Quantcast

ലഖ്‌നൗവിനെ ചുരുട്ടിക്കെട്ടി ബാംഗ്ലൂർ; 18 റൺസ് ജയം

തുടക്കം തന്നെ പിഴച്ചാണ് ലഖ്‌നൗ തുടങ്ങിയത്. രണ്ടാം ബോളിൽ തന്നെ ഓപണർ കെയ്ൽ മെയേഴ്‌സ് പൂജ്യനായി മടങ്ങി.

MediaOne Logo

Web Desk

  • Published:

    2 May 2023 12:01 AM IST

royal challengers bangalore beats lucknow for 18 runs in ipl
X

താരതമ്യേന കുറഞ്ഞ സ്‌കോർ ഉയർത്തി വലിയ വിജയ പ്രതീക്ഷയില്ലാതിരുന്നിട്ടും ലഖ്‌നൗവിനെ സ്വന്തം മണ്ണിൽ ചുരുട്ടിക്കെട്ടി ബാംഗ്ലൂർ. ലഖ്‌നൗ ഏകാനാ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെ.എൽ രാഹുൽ പടയ്‌ക്കെതിരെ ബംഗളൂരുവിന് 18 റൺസ് ജയം. ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഉയർത്തിയ കേവലം 126 റൺസെന്ന സ്‌കോർ പിന്തുടർന്ന ബാംഗ്ലൂർ നിരയിൽ 108 റൺസിന് എല്ലാവരും കൂടാരം കയറി. 13 പന്തിൽ 23 റണ്ണെടുത്ത കൃഷ്ണപ്പ ഗൗതം മാത്രമാണ് ലഖ്‌നൗ നിരയിലെ ടോപ് സ്‌കോറർ. വളരെ വേഗത്തിലാണ് ലഖ്‌നൗ നിരയുടെ ഓരോ വിക്കറ്റും വീണത്.

തുടക്കം തന്നെ പിഴച്ചാണ് ലഖ്‌നൗ തുടങ്ങിയത്. രണ്ടാം ബോളിൽ തന്നെ ഓപണർ കെയ്ൽ മെയേഴ്‌സ് പൂജ്യനായി മടങ്ങി. പിന്നാലെ സ്‌കോർ 19ൽ നിൽക്കെ കൃനാൽ പാണ്ഡ്യയും 21ൽ സഹ ഓപണർ ആയുഷ് ബദോണിയും പുറത്തായി. പാണ്ഡ്യ 14 റൺസെടുത്തപ്പോൾ 11 പന്ത് നേരിട്ട ബദോണിയുടെ സമ്പാദ്യം നാല് റൺസ് മാത്രമായിരുന്നു. തൊട്ടുപിന്നാലെ ദീപക് ഹൂഡയും വന്നവഴിയേ തന്നെ പവലിയനിലേക്ക് മടങ്ങി (ഒരു റൺസ്). തുടർന്ന് ടീം സ്‌കോർ 38 എത്തിയപ്പോൾ അഞ്ചാം വിക്കറ്റും വീണു.

ഏഴ് പന്തിൽ ഒമ്പത് റൺസെടുത്ത് നിക്കോളാസ് പൂരനാണ് കൂടാരം കയറിയത്. പിന്നാലെ, സ്റ്റോണിസും കൃഷ്ണപ്പ ഗൗതവും ചേർന്ന് പതിയെ സ്‌കോർ മുന്നോട്ടുനയിച്ചു. എന്നാൽ 65ൽ എത്തിയപ്പോൾ വീണ്ടും നിരാശ. 10.4 ഓവറിൽ സ്‌റ്റോണിസ് വീണു. ഒരു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഗൗതവും. തുടർന്നെത്തിയ രവി ബിഷ്‌നോയി അഞ്ച് റൺസിൽ റൺ ഔട്ടായി. ഇതിനിടെ ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയും നവീൻ ഉൽ ഹഖും ടീമിനെ പതിയെ വിജയതീരത്തേക്ക് തുഴഞ്ഞെങ്കിലും പൊടുന്നനെ അടുത്ത വിക്കറ്റ്. കേവലം 13 റൺസുമായി നവീൻ തിരിച്ചുപോയി.

എന്നാൽ വാലറ്റം ജയിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ സമ്മാനിച്ച അമിത് മിശ്രയും ഏറ്റവും ഒടുവിലിറങ്ങിയ ക്യാപ്റ്റൻ കെ.എൽ രാഹുലും പരാജിതരായി മടങ്ങുകയായിരുന്നു. ഒടുവിൽ ജയിക്കാൻ 23 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ പിറന്നത് നാല് റൺസ് മാത്രം. 30 പന്തിൽ 19 റൺസാണ് 19.5 ഓവറിൽ പുറത്തായ മിശ്രയുടെ സംഭാവന. കപ്പിത്താനായ രാഹുൽ മൂന്ന് പന്ത് നേരിട്ടെങ്കിലും ബാറ്റിൽ നിന്നു ഒരു റണ്ണും പിറന്നില്ല.

ബാംഗ്ലൂരിന് വേണ്ടി കർൺ ശർമയും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌വെൽ, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ, ക്യാപ്റ്റൻ ഹാഫ് ഡുപ്ലെസിസിന്റെയും വിരാട് കോഹ്‌ലിയുടേയും ബാറ്റിങ് ബലത്തിലാണ് ബാംഗ്ലൂർ 126 എങ്കിലും നേടിയത്. ടീമിൽ ഇരുവരും മാത്രമാണ് തിളങ്ങിയത്. ദിനേശ് കാർത്തിക് മാത്രമാണ് രണ്ടക്കം തികച്ച മറ്റൊരു ബാറ്റ്‌സ്മാൻ. മറ്റെല്ലാവരും നിരാശപ്പെടുത്തിയതാണ് ടീം സ്‌കോർ വളരെ കുറയാൻ കാരണം.

TAGS :

Next Story