രക്ഷകരാരും വന്നില്ല; പഞ്ചാബിനെതിരെ ബംഗ്ലൂരിന് 54 റൺസ് തോൽവി

20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് അടിച്ചെടുത്തത്

MediaOne Logo

Sports Desk

  • Updated:

    2022-05-13 18:21:35.0

Published:

13 May 2022 5:58 PM GMT

രക്ഷകരാരും വന്നില്ല; പഞ്ചാബിനെതിരെ ബംഗ്ലൂരിന് 54 റൺസ് തോൽവി
X

രക്ഷകരാരും വന്നില്ല, ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ബാറ്റർമാർ പടുത്തുയർത്തിയ റൺമല താണ്ടാൻ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായില്ല. 210 റൺസ് ലക്ഷ്യം തേടിയുള്ള യാത്ര ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിച്ചു. 22 പന്തിൽ 35 റൺസ് നേടിയ മാക്‌സ് വെല്ലാണ് ടീമിനായി പൊരുതിയത്. ഓപ്പണർമാരായ മുൻക്യാപ്റ്റൻ വിരാട് കോഹ്‌ലി 20 റൺസും ഫാഫ് ഡു പ്ലെസിസ് 10 റൺസും നേടി പുറത്തായി. രണ്ടു ഫോറും ഒരു സിക്‌സും നേടിയ കോഹ്‌ലിയെ റബാദയും രണ്ടു ഫോറടിച്ച ഡു പ്ലെസിസിനെ റിഷി ധവാനുമാണ് വീഴ്ത്തിയത്. വൺഡൗണായെത്തിയ രജത് പാട്ടിദാർ രണ്ടു സിക്‌സും ഒരു ഫോറുമടിച്ച് പ്രതീക്ഷ നൽകിയെങ്കിലും രാഹുൽ ചഹാറിന്റെ പന്തിൽ ശിഖർ ധവാന് ക്യാച്ച് നൽകി തിരിച്ചു നടന്നു. നാലാമനായിറങ്ങിയ മഹിപാൽ ലോംറോർ ആറു റൺസ് മാത്രം നേടി പുറത്തായി. ഫിനിഷർ ഇൻ ചീഫായി തകർത്തടിക്കാറുള്ള ദിനേഷ് കാർത്തികിന്റെ പോരാട്ടം ഒരു ഫോർ മാത്രമടിച്ച് 11 റൺസിലൊതുങ്ങി. 11 പന്ത് നേരിട്ട കാർത്തികിനെ അർഷദീപിന്റെ പന്തിൽ ഭാനുക രജപക്‌സെ പിടികൂടുകയായിരുന്നു.


ഷഹബാസ് അഹമ്മദ് (9), ഹർഷൽ പട്ടേൽ (11), വാനിഡു ഹസരംഗ(1) എന്നിവർ വന്നുപോയി. മുഹമ്മദ് സിറാജ് (9), ജോഷ് ഹേസൽവുഡ്(7) എന്നിവർ പുറത്താകാതെ നിന്നു. 21 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയ കഗിസോ റബാദയാണ് പഞ്ചാബിനായി ബോളിങ്ങിൽ തിളങ്ങിയത്. റിഷി ധവാനും രാഹുൽ ചഹാറും രണ്ടു വീതം വിക്കറ്റ് നേടി ടീമിന് കരുത്തേകി. അർഷദീപും ഹർപ്രീത് ബ്രാറും ഓരോ വിക്കറ്റ് വീഴ്ത്തി.20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് അടിച്ചെടുത്തത്. ജോണി ബെയർസ്റ്റോ നൽകിയ മികച്ച തുടക്കമാണ് പഞ്ചാബിന് മികച്ച അടിത്തറ നൽകിയത്. മിന്നൽ തുടക്കം തന്നെ ബെയർസ്റ്റോ നൽകിയെങ്കിലും പവർ പ്ലേ തീരും മുമ്പ് ശിഖർ ധവാൻ 21 റൺസുമായി മടങ്ങിയത് തിരിച്ചടിയായി. പിന്നാലെ തന്നെ ഒരു റൺസുമായി രജപക്സയും മടങ്ങി. അപ്പോഴും പോരാട്ടം തുടർന്ന ബെയർസ്റ്റോ പത്താം ഓവറിൽ മടങ്ങുമ്പോൾ തന്റെ പേരിൽ 29 ബോളിൽ 66 റൺസ് നേടിയിരുന്നു. 4 ബൗണ്ടറികളുടേയും 7 സിക്സറുകളുടേയും അകമ്പടിയോട് കൂടിയാണ് ബെയർസ്റ്റോയുടെ ഇന്നിങ്സ്.


ലിയാം ലിവിങ്സ്റ്റൺ ഒരിക്കൽ കൂടി പഞ്ചാബിന് വേണ്ടി നങ്കൂരമിടുന്ന കാഴ്ചയാണ് പിന്നീട് സ്റ്റേഡിയത്തിൽ കണ്ടത്. നായകൻ മായങ്ക് അഗർവാൾ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 16 പന്തിൽ 19 റൺസാണ് മായങ്കിന് നേടാനായത്. ജിതേഷ് ശർമ (9), ഹർപ്രീത് ബ്രാർ (7) എന്നിവർ ഇടക്ക് വന്നുപോയെങ്കിലും ലിവിങ്സ്റ്റൺ ഒരറ്റത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്നു. അവസാന ഓവറിന്റെ രണ്ടാം പന്ത് വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 42 പന്തിൽ 70 റൺസാണ് ലിവിങ്സ്റ്റൺ പഞ്ചാബിന്റെ സ്‌കോർ കാർഡിൽ ചേർത്തത്. 4 സിക്സറുകളും 5 ബൗണ്ടറികളും അതിനിടെ പിറന്നു.

അവസാന ഓവറിലെ ബാക്കിയുള്ള പന്തുകളിൽ രാഹുൽ ചഹറിനും (2) റബാദയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല (0). റിഷി ധവാനും നിരാശപ്പെടുത്ത (7).ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റും ഹസരങ്ക രണ്ട് വിക്കറ്റും ഗ്ലെൻ മാക്സ്വെൽ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Royal Challengers Bangalore lost by 54 runs to Punjab Kings

TAGS :

Next Story