'സഞ്ജുവിനായി ജഡേജയെ വിട്ടുകളയരുത്'; സിഎസ്‌കെക്ക് മുന്നറിയിപ്പുമായി മുൻ താരം
താരകൈമാറ്റം പുരോഗമിക്കുന്നതിനിടെ ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി.

ന്യൂഡൽഹി: ഐപിഎൽ മിനി ലേലത്തിന് മുൻപായി നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക പുറത്ത് വിടാനിരിക്കെ ഫ്രാഞ്ചൈസികൾ അവസാനഘട്ട നീക്കത്തിൽ. രാജസ്ഥാൻ വിട്ട് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. സഞ്ജുവിന്റേയും രവീന്ദ്ര ജഡേജയുടേയും ട്രേഡിങാണ് നിലവിൽ പുരോഗമിച്ചിരിക്കുന്നത്. രാജസ്ഥാൻ ആവശ്യപ്രകാരം ജഡേജക്ക് പുറമെ സാം കറണേയും വിട്ടുനൽകി മലയാളി താരത്തെ കൂടാരത്തിലെത്തിക്കാനായണ് സിഎസ്‌കെ ശ്രമം നടത്തുന്നത്.
അതേസമയം, ജഡേജയെ വിട്ടുകൊടുക്കാനുള്ള ചെന്നൈയുടെ നീക്കത്തോട് പ്രതികരിച്ച് മുൻ താരം സുരേഷ് റെയ്‌നയാണ് ഇപ്പോൾ രംഗത്തെത്തിയത്. ടീമിനൊപ്പം ദീർഘകാലമായി കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓൾറൗണ്ടറെ വിട്ടുകൊണ്ടൊരു നീക്കത്തിലേക്ക് പോകരുതെന്ന് ജിയോ സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ റെയ്‌ന അഭിപ്രായപ്പെട്ടു. മിസ്റ്ററി സ്പിന്നറായ അഫ്ഗാൻ താരം നൂർ അഹമ്മദിനെ നിലനിർത്തണമെന്നും പോയ സീസണിൽ ടീമിനെ നയിച്ച ഋതുരാജ് ഗെയ്ക്വാദ് ആ സ്ഥാനത്ത് തുടരണെന്നും മുൻ സിഎസ്‌കെ താരം പറഞ്ഞു. ഡെവാൻ കോൺവെ, ദീപക് ഹൂഡ, വിജയ് ശങ്കർ എന്നീ താരങ്ങളെ ഫ്രാഞ്ചൈസി വിട്ടുകളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റെയ്‌ന കൂട്ടിചേർത്തു.
അതേസമയം, താരകൈമാറ്റം പുരോഗമിക്കുന്നതിനിടെ രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. താരം ഡി ആക്ടിവേറ്റ് ചെയ്തതാണോ ഡിലീറ്റ് ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ടീം വിടുന്നതിൽ താരത്തിന് താൽപര്യമുണ്ടായിരുന്നില്ലെന്ന വിധത്തിലും വാർത്തകൾ വരുന്നു. സമൂഹ മാധ്യമങ്ങളിൽ കൈമാറ്റ ചർച്ച ചൂടുപിടിക്കുന്നതിനിടെ ഇതിൽ നിന്നുവിട്ടുനിൽക്കാനായി താരം എക്കൗണ്ട് ഡിലീറ്റ് ചെയ്തതാകാമെന്ന മറുവാദവുമുണ്ട്. 2012ൽ സിഎസ്‌കെയിലെത്തിയ ജഡേജ ടീമിന്റെ അഞ്ച് കിരീടവിജയങ്ങളിൽ മൂന്നിലും ഭാഗമായിരുന്നു
Adjust Story Font
16

