Quantcast

ജോ റൂട്ടിന് അഭിനന്ദനങ്ങളുമായി സച്ചിൻ, വിരമിച്ച പുജാരക്കും അഭിവാദ്യമർപ്പിച്ച് ഇതിഹാസം

MediaOne Logo

Sports Desk

  • Published:

    27 Aug 2025 10:29 PM IST

ജോ റൂട്ടിന് അഭിനന്ദനങ്ങളുമായി സച്ചിൻ, വിരമിച്ച പുജാരക്കും അഭിവാദ്യമർപ്പിച്ച് ഇതിഹാസം
X

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ 13,000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട ജോ റൂട്ടിന് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന രണ്ടാമത്തെ താരമായതോടെ, അദ്ദേഹം തന്റെ റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ടെന്ന് സച്ചിൻ പറഞ്ഞു. 200 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 15,921 റൺസ് അടിച്ചുകൂട്ടിയ സച്ചിന്റെ പേരിലാണ് നിലവിൽ വേൾഡ് റെക്കോർഡ്. 13,543 റൺസ് നേടിയ ജോ റൂട്ടിന്, ഈ അവിശ്വസനീയമായ നേട്ടം കൈവരിക്കാൻ ഇനി വേണ്ടത് 2378 റൺസാണ്.

ഒരു ഓൺലൈൻ ചാനൽ നടത്തിയ നടത്തിയ സംഭാഷണത്തിലാണ് ഇതേക്കുറിച്ച് സച്ചിനോട് ചോദ്യമുയർന്നത്. '13,000 റൺസ് പിന്നിട്ടത് ഒരു മികച്ച നേട്ടമാണ്. അദ്ദേഹം ഇപ്പോഴും നല്ലരീതിയിൽ കളിക്കുന്നു. 2012-ൽ നാഗ്പൂരിൽ വെച്ച് അദ്ദേഹത്തിന്റെ അരങ്ങേറ്റ പ്രകടനം കണ്ടപ്പോൾ, ഞാൻ എന്റെ സഹതാരങ്ങളോട് ഇംഗ്ലണ്ടിന്റെ ഭാവി ക്യാപ്റ്റനെയാണ് നിങ്ങൾ കാണുന്നതെന്നു പറഞ്ഞിരുന്നു. വിക്കറ്റ് നിലനിർത്താനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് എന്നെ ആകർഷിച്ചത്. ആ നിമിഷം തന്നെ അദ്ദേഹം ഒരു വലിയ താരമായി മാറുമെന്നു ഞാൻ മനസ്സിലാക്കി' ജോ റൂട്ടിനെ പ്രശംസിച്ചുകൊണ്ടാണ് സച്ചിൻ മറുപടി നൽകി.

നേരത്തെ ചേതേശ്വർ പുജാര വിരമിച്ചപ്പോഴും അഭിനന്ദനങ്ങളറിയിച്ച് ഒരു സമൂഹമാധ്യമ കുറിപ്പുമായി സച്ചിൻ രംഗത്തെത്തിയിരുന്നു. 'ടീമിന്റെ നെടുംതൂൺ' എന്നാണ് സച്ചിൻ പുജാരയെ വിശേഷിപ്പിച്ചത്. റെഡ്‌ബോൾ ക്രിക്കറ്റിന് പ്രാധാന്യം നൽകിയിരുന്ന ഒരു പഴയ ക്രിക്കറ്ററായിരുന്നു പുജാര. 2010 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 103 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ''പുജാര, നിങ്ങൾ മൂന്നാംനമ്പറിൽ ഇറങ്ങുമ്പോൾ എപ്പോഴും ഒരു ആശ്വാസമായിരുന്നു. കളിച്ചപ്പോഴെല്ലാം നിങ്ങൾ ശാന്തതയും ധൈര്യവും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ആഴമേറിയ സ്‌നേഹവും കൊണ്ടുവന്നു. നിങ്ങളുടെ ക്ഷമയും സമചിത്തതയും സമ്മർദഘട്ടങ്ങളിലെ മികച്ച ടെക്‌നിക്കും ടീമിന് ഒരു നെടുംതൂണായിരുന്നു' സച്ചിൻ എക്‌സിൽ കുറിച്ചു.

2018-ലെ ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ആ പരമ്പരയിൽ 1258 പന്തുകൾ നേരിട്ട പുജാര 74.42 ശരാശരിയിൽ 521 റൺസ് നേടി. 4 മത്സരങ്ങളടങ്ങിയ ആ പരമ്പരയിലെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു ഇത്. പരമ്പരയിലെ താരമായതും പുജാരയായിരുന്നു. ആദ്യ മത്സരത്തിൽ 19-ന് 3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഓസ്‌ട്രേലിയയിലെ തന്റെ ആദ്യ സെഞ്ച്വറി കൊണ്ട് അദ്ദേഹം കരകയറ്റി. പുജാര ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ 2-1 ന് പരമ്പര ജയിക്കില്ലായിരുന്നുവെവന്നാണ് സച്ചിന്റെ അഭിപ്രായം. 'പല നേട്ടങ്ങളിൽനിന്നും 2018-ലെ ഓസ്‌ട്രേലിയൻ പരമ്പര വിജയം വേറിട്ടുനിൽക്കുന്നു. നിങ്ങളുടെ അസാമാന്യ ധൈര്യവും മാച്ച് വിന്നിംഗ് പ്രകടനങ്ങളും ഇല്ലായിരുന്നുവെങ്കിൽ അതു സാധ്യമാകുമായിരുന്നില്ല. ''മികച്ച കരിയറിന് അഭിനന്ദനങ്ങൾ. അടുത്ത അധ്യായത്തിന് എല്ലാവിധ ആശംസകളും. നിങ്ങൾ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കൂ'' എന്നെഴുതിയാണ് സച്ചിൻ കുറിപ്പ് അവസാനിപ്പിച്ചത്

TAGS :

Next Story