Quantcast

'ദൈവം നല്‍കിയ കഴിവ് സഞ്ജു നശിപ്പിക്കുകയാണ്'; വിമര്‍ശനവുമായി ഗവാസ്‌കര്‍

നേരിടുന്ന ആദ്യ പന്ത് തന്നെ സിക്സ് പറത്താനാണ് സഞ്ജുവിന്റെ ശ്രമമെന്ന് ഗവാസ്‌കര്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Sep 2021 9:15 AM GMT

ദൈവം നല്‍കിയ കഴിവ് സഞ്ജു നശിപ്പിക്കുകയാണ്; വിമര്‍ശനവുമായി ഗവാസ്‌കര്‍
X

പഞ്ചാബ് കിങ്സിനെതിരായ കളിയില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതിരുന്ന രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ മോശമാണെന്നാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നത്. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുമ്പോഴും അത് അങ്ങനെ തന്നെയാണ്. ഓപ്പണറായല്ല സഞ്ജു കളിക്കുന്നത്. മൂന്നാമനായോ നാലാമനായോ ആണ് സഞ്ജു ക്രീസിലേക്ക് വരുന്നത്. എന്നാല്‍ നേരിടുന്ന ആദ്യ പന്ത് തന്നെ സിക്സ് പറത്താനാണ് സഞ്ജുവിന്റെ ശ്രമം, ഗവാസ്‌കര്‍ പറഞ്ഞു.

'ഒരു ബാറ്റ്സ്മാന്‍ അയാളുടെ ഫോമിന്റെ പാരമ്യത്തിലാണ് എങ്കില്‍ പോലും അതിന് കഴിയില്ല. തുടക്കത്തില്‍ സിംഗിളോ ഡബിളോ എടുത്ത് പതിയെ ആക്രമണത്തിലേക്ക് മാറാനാണ് ശ്രമിക്കേണ്ടത്. സഞ്ജു ഇപ്പോള്‍ ചെയ്യുന്നത് തന്റെ കഴിവിനോടുള്ള നീതികേടാണ്', ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ദൈവം സഞ്ജുവിന് കഴിവു നല്‍കിയിട്ടുണ്ട്. എന്നാല്‍ സഞ്ജു ആ കഴിവ് നശിപ്പിച്ച് കളയുന്നു. ദേശീയ ടീമില്‍ സാന്നിധ്യം ഉറപ്പിക്കണം എങ്കില്‍ സഞ്ജു ഷോട്ട് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധ വെച്ച് മുന്‍പോട്ട് പോകണം എന്നും ഗവാസ്‌കര്‍ പറഞ്ഞു. പഞ്ചാബിന് എതിരായ കളിയില്‍ നാല് റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സംഭാവന. രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ കളിയില്‍ സഞ്ജു സെഞ്ചുറിയോടെയാണ് സീസണിന് തുടക്കമിട്ടത്. എന്നാല്‍ ആ ഫോം നിലനിര്‍ത്താന്‍ താരത്തിനായിട്ടില്ല.

TAGS :

Next Story