Quantcast

ടെസ്റ്റിന് ഷമിയില്ല, ശ്രേയസ് അയ്യർ ആദ്യ ഏകദിനത്തിന്: ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ...

64 ടെസ്റ്റുകളിൽ നിന്ന് 229 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. അതേസമയം ഷമിയുടെ പകരക്കാരനെ ഇന്ത്യ തീരുമാനിച്ചിട്ടില്ല.

MediaOne Logo

Web Desk

  • Published:

    16 Dec 2023 1:43 PM GMT

ടെസ്റ്റിന് ഷമിയില്ല, ശ്രേയസ് അയ്യർ ആദ്യ ഏകദിനത്തിന്: ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ...
X

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന-ടെസ്റ്റ് ടീമിൽ മാറ്റങ്ങൾ. മികച്ച ഫോമിലുള്ള പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായി. ഏകദിന ലോകകപ്പിന് ശേഷം പരിക്കേറ്റ താരത്തിന് പൂർണ ഫിറ്റ്‌നസ് കൈവരിക്കാനായിട്ടില്ല. സൗത്ത് ആഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹങ്ങൾക്കാണ് തിരിച്ചടിയായത്.

64 ടെസ്റ്റുകളിൽ നിന്ന് 229 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. അതേസമയം ഷമിയുടെ പകരക്കാരനെ ഇന്ത്യ തീരുമാനിച്ചിട്ടില്ല. ഷമിയെക്കൂടാതെ അഞ്ച് ഫാസ്റ്റ്ബൗളർമാർ നിലവിൽ തന്നെ ഇന്ത്യൻ ടീമിനൊപ്പം ഉണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ശർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസർമാർ.

അതേസമയം ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഏകദിന ടീമിൽ നിന്ന് ഫാസ്റ്റ്ബൗളർ ദീപക് ചാഹർ പിന്മാറി. കുടുംബപരമായ കാരണങ്ങളെത്തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. ബംഗാൾ പേസർ ആകാശ് ദീപ്, ദീപക് ചഹറിന് പകരക്കാരനാകും. അതേസമയം മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ആദ്യ ഏകദിനത്തിൽ മാത്രമെ ഉണ്ടാകൂ. ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും പരിശീലനത്തിനും വേണ്ടിയാണ് താരം പിന്നീടുള്ള സമയം ചെലവഴിക്കുക.

അതേസമയം രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള പരിശീലക സംഘം ഏകദിന പരമ്പരയിൽ ടീമിനൊപ്പം ഉണ്ടാകില്ല. ടെസ്റ്റ് പരമ്പരക്കും അതിന് മുന്നോടിയായി നടക്കുന്ന പരിശീലന മത്സരങ്ങളിലുമാകും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുക. പരാസ് മാംബ്രെ(ബൗളിങ്)വിക്രം റാത്തോർ(ബാറ്റിങ് കോച്ച്) ടി.ദിലീപ്( ഫീൽഡിങ് കോച്ച്) എന്നിവരാണ് ദ്രാവിഡിനൊപ്പമുള്ള സപ്പോർട്ടിങ് സ്റ്റാഫ്. നാളെയാണ് ആദ്യ ഏകദിന മത്സരം. മൂന്ന് വീതം ഏകദിനവും ടെസ്റ്റുകളും അടങ്ങുന്നതാണ് പരമ്പര.

TAGS :

Next Story