'വൈഭവിനായി സഞ്ജുവിനെ മാറ്റിനിർത്തണോ'; മറുപടിയുമായി മുൻ ഇന്ത്യൻ താരം
ടീമിൽ തനിക്ക് പകരക്കാരായി മറ്റു താരങ്ങൾ വരുന്നതിന്റെ സമ്മർദ്ദം സഞ്ജു അനുഭവിക്കുന്നതായും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ നിരാശപ്പെടുത്തിയതിന് പിന്നാലെ സഞ്ജു സാംസണിനെതിരെ സമൂഹ മാധ്യമങ്ങളിൽ മുറവിളി ഉയർന്നുതുടങ്ങി. നിരന്തരം പരാജയപ്പെടുന്ന മലയാളി താരത്തിന് പകരം രണ്ടാം ടി20യിൽ വൈഭവ് സൂര്യവൻഷിക്ക് അവസരം നൽകണമെന്ന വാദമാണ് ഉയർന്നുവരുന്നത്. എന്നാൽ സോഷ്യൽ മീഡിയ പ്രചരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ടി20 ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള അഭിപ്രായങ്ങൾ അസ്ഥാനത്താണെന്ന് പൂജാര അഭിപ്രായപ്പെട്ടു.
ടി20 ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനം പുറത്തെടുത്ത താരമാണ് അദ്ദേഹമെന്നും ജിയോ ഹോട്ട്സ്റ്റാറിലെ 'ഗെയിം പ്ലാൻ' പരിപാടിയിൽ പൂജാര വ്യക്തമാക്കി. 'സഞ്ജുവിന് മേൽ സമ്മർദ്ദമൊന്നും ഇല്ലെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ഉണ്ടാകേണ്ട കാര്യവുമില്ല. അവൻ ഇന്ത്യയ്ക്കായി ലോകകപ്പ് നേടിത്തന്ന കളിക്കാരനാണ്. ലോകകപ്പിൽ മികച്ച പ്രകടനമാണ് അവൻ പുറത്തെടുത്തത്' - പൂജാര പറഞ്ഞു. ലക്‌നൗവിൽ നടന്ന ആദ്യ മത്സരത്തിൽ 9 പന്തിൽ 11 റൺസെടുത്ത് സഞ്ജു പുറത്തായിരുന്നു.
അതേസമയം, ഇന്ത്യൻ ഓപ്പണർ നിരന്തരം പരാജയപ്പെടുന്നതിൽ ആശങ്ക പങ്കുവെച്ച് ഹനുമ വിഹാരി രംഗത്തെത്തി. സഞ്ജു കടുത്ത സമ്മർദ്ദത്തിലാണെന്നും മത്സരങ്ങളുടെ ദൈർഘ്യം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും വിഹാരി അഭിപ്രായപ്പെട്ടു. നേരത്തെ ഏഷ്യൻ ഗെയിംസിലും മലയാളി താരത്തിന് വലിയ സ്‌കോർ നേടാൻ കഴിഞ്ഞിരുന്നില്ല.' ടീമിൽ തനിക്ക് പകരക്കാരായി മറ്റ് താരങ്ങൾ എത്തുന്നതിന്റെ സമ്മർദ്ദം സഞ്ജു അനുഭവിക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് അദ്ദേഹത്തിന് സ്ഥിരതയോടെ കളിക്കാൻ കഴിയാത്തതെന്നും വിഹാരി യൂട്യൂബ് ചാനലിൽ പറഞ്ഞു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം വെള്ളിയാഴ്ച റാഞ്ചിയിൽ നടക്കും.
Adjust Story Font
16

