'ആ ചിത്രമാണ് എനിക്ക് ഊർജ്ജം തന്നത്' ; പ്രസ് മീറ്റിൽ റൊണാൾഡോയുടെ ചിത്രം ഉയർത്തിക്കാട്ടി മുഹമ്മദ് സിറാജ്

ഓവലിലെ വീരോചിത സ്പെല്ലിന് ശേഷം ഹീറോയിക് ഇമേജിൽ മുഹമ്മദ് സിറാജ് മാധ്യമ പ്രവർത്തകർക്ക് മുന്നിലെത്തി. ജേണലിസ്റ്റുകളെ സാക്ഷിയാക്കി സിറാജ് തന്റെ ഫോൺ ഉയർത്തി. തുടർന്ന് ഇങ്ങനെ പറഞ്ഞു. ഇന്ന് പ്രഭാതത്തിൽ ഉണർന്നപ്പോൾ ഞാൻ ആദ്യം തേടിയത് ഈ ഇമോജിയാണ്. ബിലീവ് എന്ന് കുറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം. സിറാജ് തുടർന്നു 'സാധാരണ ഞാൻ എട്ട് മണിക്കാണ് എണീക്കാറ്. ഇന്ന് 6 മണിക്ക് തന്നെ എണീറ്റു. അപ്പോൾ മുതൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാനാ ചിത്രം എന്റെ വാൾപേപ്പറാക്കി'.
ക്രിസ്റ്റ്യാനോയോട് സിറാജിനുള്ള ആരാധന എല്ലാവർക്കും അറിയുന്നതാണ്. കളിക്കളത്തിൽ സ്യൂ സെലബ്രേഷൻ വരെ നടത്തുന്നയാളാണ് സിറാജ്. തെരുവിൽ നിന്നും കളിച്ച് ഇത്രത്തോളമെത്തിയ സിറാജിന് ക്രിസ്റ്റ്യാനോയേക്കാൾ മികച്ച മറ്റേത് റോൾ മോഡലാണ് ഉണ്ടാകുക. കൂടാതെ സിറാജിന്റെ ആശാനായ വിരാട് കോലിയും ഒരു കട്ട റൊണാൾഡോ ആരാധകനാണ്.
ചോദ്യങ്ങളുമായെത്തിയ മാധ്യമ പ്രവർത്തകന് സിറാജിന്റെ വക ഒരു തഗ് മറുപടി കിട്ടി. ഓസീസിനെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം എങ്ങനെയാണ് ഫോമിലേക്ക് ഉയർന്നത് എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. അതിന് സിറാജിന്റെ മറുപടി ഇങ്ങനെ. 'സർ, ഞാൻ അന്നും 20 വിക്കറ്റ് എടുത്തിരുന്നു. ജസി ഭായ് നന്നായി പന്തെറിയുമ്പോൾ പിന്തുണക്കുക മാത്രമായിരുന്നു അന്നെന്റെ ജോലി'. മൊത്തത്തിൽ അത് സിറാജിന്റെ ദിവസമായിരുന്നു. സിറാജിന്റെ പോരാട്ട വീര്യത്തിന് കാലവും കളിയും കാത്തുവെച്ച ദിവസം.
Adjust Story Font
16

