Quantcast

സ്മൃതിയും ഹർമൻ പ്രീതും തിളങ്ങി; ഐ.സി.സി വനിത ലോകകപ്പിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 155 റൺസിന്റെ കൂറ്റൻ വിജയം

ഓപ്പണറായി കളത്തിലിറങ്ങിയ സ്മൃതി മന്ദാനയുടെയും വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും അസാമാന്യ പ്രകടനമാണ് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടായത്

MediaOne Logo

Web Desk

  • Updated:

    2022-03-12 12:25:23.0

Published:

12 March 2022 12:20 PM GMT

സ്മൃതിയും ഹർമൻ പ്രീതും തിളങ്ങി; ഐ.സി.സി വനിത ലോകകപ്പിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 155 റൺസിന്റെ കൂറ്റൻ വിജയം
X

ഐ.സി.സി വനിത ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 155 റൺസിന്റെ കൂറ്റൻ വിജയം. ഓപ്പണറായി കളത്തിലിറങ്ങിയ സ്മൃതി മന്ദാനയുടെയും (123) വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (109) അസാമാന്യ പ്രകടനമാണ് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 317 റൺസാണ്.

40.3 ഓവറിൽ 162 റൺസിന് വിൻഡീസ് നിരയിലെ എല്ലാവരും പുറത്തായി. മൂന്നു മത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം വിജയവും വിൻഡീസിന്റെ ആദ്യ തോൽവിയുമാണിത്. ഈ വിജയത്തോടെ ഇന്ത്യയുടെ സെമി സാധ്യത ഉറപ്പുവരുത്താനായിട്ടുണ്ട്. ഇന്ത്യ പടുത്തുയർത്തിയ 317 റൺസിനെ മറികടക്കാൻ വിൻഡീസ് പാടുപെട്ടു. എങ്കിലും പിന്നീട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം ഗംഭീരമായിരുന്നു.

ഓപ്പണർമാരായ ദിയേന്ദ്ര ഡോട്ടിനും ഹെയ്ലി മാത്യൂസും തകർത്തടിച്ചതോടെ വെറും 30 പന്തിൽ വിൻഡീസ് 50 കടന്നു. 100 കടക്കാൻ വേണ്ടി വന്നത് 72 പന്തുകൾ മാത്രം. എന്നാൽ, സ്‌കോർ 100ൽ നിൽക്കെ ഡോട്ടിനെ സ്‌നേഹ് റാണ പുറത്താക്കിയത് വഴിത്തിരിവായി. പിന്നീട് കൂട്ടത്തോടെ തകർന്ന വിൻഡീസിന് വെറും 62 റൺസിനിടെയാണ് 10 വിക്കറ്റുകൾ നഷ്ടമായത്.46 പന്തിൽ 10 ഫോറും ഒരു സിക്‌സും സഹിതം 62 റൺസെടുത്ത ഡോട്ടിൻ തന്നെയാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഹെയ്‌ലി മാത്യൂസ് 36 പന്തിൽ ആറു ഫോറുകളോടെ 43 റൺസെടുത്തു. തോൽവി ഉറപ്പായ ഘട്ടത്തിൽ പ്രതിരോധിച്ചുനിന്ന് 48 പന്തിൽ ഒരു പോർ സഹിതം 19 റൺസെടുത്ത നേഷന്റേതാണ് പിന്നീടുണ്ടായ ഭേദപ്പെട്ട പ്രകടനം.

കിസിയ നൈറ്റ് (5), ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‌ലർ (1), ഷെമെയ്ൻ കാംബൽ (11), ഷിനെല്ലി ഹെൻറി (7), ആലിയ അലെയ്‌നി (4), അനീസ മുഹമ്മദ് (2), ഷമീലിയ കോണൽ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെയാണ് വിൻഡീസ് കൂറ്റൻ തോൽവി ഏറ്റുവാങ്ങിയത്. ഷക്കീര സെൽമാൻ ഏഴു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി സ്‌നേഹ് റാണ 9.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മേഘ്‌ന സിങ് ആറ് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ത്രകാർ, ജുലൻ ഗോസ്വാമി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, സൂപ്പർതാരങ്ങളായ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും സെഞ്ചുറികളുമായി മിന്നിയതോടെയാണ് വിൻഡീസ് വനിതകൾക്കു മുന്നിൽ ഇന്ത്യ 318 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 317 റൺസെടുത്തത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ആതിഥേയരായ ന്യൂസീലൻഡിനോടു തോറ്റിരുന്നു.123 റൺസുമായി ഓപ്പണർ സ്മൃതി മന്ദാന ഇന്ത്യയുടെ ടോപ് സ്‌കോററായി. 119 പന്തിൽ 13 ഫോറും രണ്ടു സിക്‌സും സഹിതമാണ് സ്മൃതി 123 റൺസെടുത്തത്.

TAGS :

Next Story