മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരിക്കാൻ ഒരു കാരണവും കാണുന്നില്ല : സൗരവ് ഗാംഗുലി
2025 മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഷമി ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടില്ല.

കൊൽക്കത്ത: മുഹമ്മദ് ഷമിയെ ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് മാറ്റി നിർത്തുവാൻ ഒരു കാരണവും പറയാനില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2025 മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഷമി ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടില്ല.
രഞ്ജി ട്രോഫിയിൽ ഈ സീസണിൽ മികച്ച ഫോമിലുള്ള താരത്തിനെ ദക്ഷിണാഫ്രിക്കക്ക് എതിരായ ടീമിൽ പരിഗണിക്കാത്തത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കായുള്ള ടീമിൽ താരത്തിനെ പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ ഉയർന്ന ചോദ്യങ്ങൾക്ക് ഷമി ആവശ്യത്തിന് മത്സരങ്ങൾ കളിച്ചിട്ടില്ല എന്നായിരുന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ മറുപടി പറഞ്ഞത്. ഈ സീസണിൽ താരം കളിച്ച രണ്ട് രഞ്ജി മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളുമായി മികച്ച ഫോമിലായിട്ടും താരത്തിനെ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ താരത്തിന്റെ പേഴ്സനൽ കോച്ചായ മുഹമ്മദ് ബദറുദ്ദീൻ രംഗത്ത് വന്നിരുന്നു.
ഷമി പൂർണമായും ഫിറ്റാണെന്നും വളരെ മികച്ച പ്രകടമാണ് കാഴ്ച്ചവെക്കുന്നതെന്നുമാണ് സൗരവ് ഗാംഗുലി പറയുന്നത്. ''അദ്ദേഹം മികച്ച രീതിയിൽ ബോൾ ചെയ്യുന്നു. രഞ്ജി ട്രോഫി മത്സരങ്ങളിൽ അദ്ദേഹം ബംഗാളിനെ ഒറ്റയ്ക്ക് വിജയിപ്പിക്കുന്നത് നിങ്ങൾ കണ്ടതാണ്. സെലക്ടർമാർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഷമിയും സെലക്ടർമാരും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ടാകും, എനിക്കറിയില്ല. പക്ഷേ, ഫിറ്റ്നസും സ്കില്ലും പരിഗണിച്ചാൽ, മുഹമ്മദ് ഷമി തന്നെ . അതുകൊണ്ട്, ടെസ്റ്റിലും, ഏകദിനത്തിലും അല്ലെങ്കിൽ ടി20യിലും അദ്ദേഹത്തിന് ഇന്ത്യയ്ക്കായി കളിക്കാൻ സാധിക്കാത്ത ഒരു കാരണവും ഞാൻ കാണുന്നില്ല, കാരണം അദ്ദേഹം വളരെ മികച്ച സികിൽ ഉള്ള താരമാണ്.'' സൗരവ് ഗാംഗുലി പറഞ്ഞു
Adjust Story Font
16

