ശ്രീലങ്കക്കെതിരെ കൂറ്റൻ വിജയം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ കുതിച്ചുകയറി ദക്ഷിണാഫ്രിക്ക
ഡർബൻ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 233 റൺസിന്റെ കൂറ്റൻ വിജയം. ജയത്തോടെ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ആസ്ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്ക രണ്ടാമതെത്തി.
ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക വെറും 191 റൺസിന് പുറത്താക്കിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയെ വെറും 42 റൺസിന് പുറത്താക്കി ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ഏഴ് വിക്കറ്റ് നേടിയ മാർകോ യാൻസനാണ് ലങ്കയെ എറിഞ്ഞിട്ടത്.
ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 366 റൺസാണ് കുറിച്ചത്. ക്യാപ്റ്റൻ ടെംബ ബാവുമ (113), ട്രിസ്റ്റൻ സ്റ്റബ്സ് (122) എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കക്ക് തുണയായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 282 റൺസിൽ അവസാനിച്ചു. ദിനേഷ് ചണ്ഡിമൽ (83), ധനജ്ഞയ ഡി സിൽവ (59), കുശാൽ മെൻഡിസ് (48) എന്നിവരാണ് ലങ്കക്കായി തിളങ്ങിയത്. മാർകോ യാൻസൻ നാലും കഗിസോ റബാദ, ജെറാർഡ് കോട്സേ, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവുമെടുത്തു.
ശ്രീലങ്കക്കെതിരെ ശേഷിക്കുന്ന ടെസ്റ്റും നാട്ടിൽ പാകിസ്താനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റും വിജയിച്ചാൽ ദക്ഷിണാഫ്രിക്കക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാം. നിലവിൽ പോയന്റ് പട്ടികയിൽ ഒന്നാമതാണെങ്കിലും ഓസീസിനെതിരെയുള്ള പരമ്പര 4-0ത്തിനോ 5-0ത്തിനോ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ സാധ്യതയുള്ളൂ. ന്യൂസിലാൻഡിനോട് സ്വന്തം മണ്ണിലേറ്റ 3-0ത്തിന്റെ പരാജയമാണ് ഇന്ത്യക്ക് വിനയായത്.
Adjust Story Font
16