ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യത്തെ കരുതിയിരിക്കണം:സുനിൽ ഗവാസ്കർ
ഇന്ത്യ 17 റൺസിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്

റാഞ്ചി: ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 17 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 350 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെച്ചെങ്കിലും ദക്ഷിണാഫ്രിക്ക അവസാന ഓവർ വരെ കടുത്ത പോരാട്ടമാണ് കാഴ്ച്ചവെച്ചത്. പ്രൊട്ടീസിന്റെ ഈ പോരാട്ട വീര്യത്തിനെ അടുത്ത മത്സരങ്ങളിൽ ഇന്ത്യ കരുതിയിരിക്കണമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സുനിൽ ഗവാസ്കർ.
ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് മികച്ചതായിരുന്നു. അവസാന ഓവർ വരെ മത്സരം എങ്ങോട്ടു വേണെമെങ്കിലും തിരിയാം എന്ന നിലയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 11 റൺസിന് എന്ന നിലയിൽ നിന്നും അവർ നടത്തിയ പോരാട്ടം പ്രശംസനീയമാണ്. അതിനാൽ അടുത്ത മത്സരങ്ങളിൽ ഇന്ത്യ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഗവാസ്കർ പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ടോസ് വിജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് യശസ്വി ജയ്സ്വാളിനെ നഷ്ടമായെങ്കിലും രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവിൽ ഇന്ത്യ 349 എന്ന മികച്ച സ്കോറിലേക്ക് എത്തി. വിരാട് കോഹ്ലി 120 പന്തിൽ നിന്ന് 135 റൺസുമായി കരിയറിലെ 52-ാമത്തെ സെഞ്ച്വറി കുറിച്ചു. 51 പന്തിൽ നിന്ന് 57 റൺസ് നേടിയ രോഹിത് ശർമ 352 സിക്സുകളുമായി ഏകദിന ക്രിക്കറ്റിൽ ഏറ്റും കൂടുതൽ സിക്സ് നേടുന്ന കളിക്കാരൻ എന്ന ഷഹീൻ അഫ്രീദിയുടെ റെക്കോർഡ് മറികടന്നു.
മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. എന്നാൽ മാത്യൂ ബ്രീറ്റ്സ്കെയുടെയും(72) മാർകോ യാൻസന്റെയും(70) കോർബിൻ ബോഷിന്റെയും(67) അർധസെഞ്ചുറി മികവിൽ മികച്ച പോരാട്ടം കാഴ്ച്ചവെക്കാനായി. എന്നാൽ 33-ാം ഓവറിൽ ബ്രീറ്റ്സ്കെയുടെയും, യാൻസന്റെയും വിക്കറ്റുകൾ കുൽദീപ് യാദവ് വീഴ്ത്തിയത് നിർണായകമായി. മത്സരത്തിലാകെ മൂന്ന് വിക്കറ്റുകളാണ് കുൽദീപ് വീഴ്ത്തിയത്. 332 റൺസിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു.
ഡിസംബർ മൂന്നിനാണ് ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത മത്സരം
Adjust Story Font
16

