Quantcast

ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ; ലോ സ്‌കോറിങ് ത്രില്ലറിൽ ബംഗ്ലാദേശിനെ തകർത്തത് നാല് റൺസിന്

സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ആറു റൺസാണ് നേടാനായത്.

MediaOne Logo

Sports Desk

  • Updated:

    2024-06-10 18:42:42.0

Published:

10 Jun 2024 4:18 PM GMT

ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ; ലോ സ്‌കോറിങ് ത്രില്ലറിൽ ബംഗ്ലാദേശിനെ തകർത്തത് നാല് റൺസിന്
X

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ലോ സ്‌കോറിങ് ആവേശപോരാട്ടത്തിൽ ബംഗ്ലാദേശിനെ നാല് റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ. ന്യൂയോർക്കിലെ നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാ പോരാട്ടം 109 ൽ അവസാനിച്ചു. സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ആറു റൺസാണ് നേടാനായത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ മുഹമ്മദുള്ള കൂറ്റൻഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് സിക്‌സറാകാതെ പോയത്. അവിശ്വസനീയ ക്യാച്ചിലൂടെ എയ്ഡൻ മാർക്രം കളികൈപിടിയിലൊതുക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ തൗഹിദ് ഹൃദോയ് 37 റൺസുമായി ടോപ് സ്‌കോററായി. പ്രോട്ടീസിനായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനാണ് ആയത്. ഇന്നലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം നടന്ന അതേ മൈതാനത്തായിരുന്നു കളി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഹെൻറിക് ക്ലാസൻ 44 പന്തിൽ 46 റൺസുമായി ടോപ് സ്‌കോററായി. ഒരുഘട്ടത്തിൽ 23-4 എന്ന നിലയിൽ വൻ തകർച്ച നേരിട്ട പ്രോട്ടീസിനെ ക്ലാസനും-ഡേവിഡ് മില്ലറും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. ഡേവിഡ് മില്ലർ 29 റൺസുമായി മികച്ച പിന്തുണ നൽകി. പവർപ്ലെയിൽ 25 റൺസാണ് നേടാനായത്.

ക്വിന്റൺ ഡി കോക്ക്(18), റീസ ഹെന്റിക്(0), ക്യാപ്റ്റൻ എയ്ഡൻ മാർക്രം(4), ട്രിസ്റ്റൻ സ്റ്റബ്സ്(0) എന്നിവർ പിച്ചിന്റെ ഗതിമനസിലാക്കാതെ ബാറ്റുവീശി വേഗത്തിൽ കൂടാരം കയറി. എന്നാൽ ക്ഷമയോടെ ബാറ്റുവീശിയ ക്ലാസൻ-മില്ലർ പാർട്ണർഷിപ്പ് കരുത്തായി. ബംഗ്ലാനിരയിൽ തൻസിം ഹസൻ ഷാകിബ് മൂന്ന് വിക്കറ്റും തസ്‌കിൻ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങിൽ ബംഗ്ലാ തുടക്കം പാളി. സ്‌കോർബോർഡിൽ ഒൻപത് റൺസ് തെളിയുമ്പോഴേക്ക് ഓപ്പണർ തൻസിദ് ഹസനെ(9) പുറത്താക്കി കഗിസോ റബാഡെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ പരാജയം മണത്തു. ക്യാപ്റ്റൻ നജ് മുൽ ഷാന്റോ(14), ഷാക്കിബ് അൽ ഹസൻ(4) എന്നിവരും വേഗത്തിൽ മടങ്ങി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മുഹമ്മദുള്ള-ഹൃദോയ് കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും ഹൃദോയിയെ വിക്കറ്റിന് മുന്നിൽ കുരുക്കി റബാഡെ വീണ്ടും പ്രഹരമേൽപ്പിച്ചു. അവസാന ഓവറിൽ മുഹമ്മദുല്ലയും(20) വീണതോടെ പതനം പൂർണമായി.

TAGS :

Next Story