Quantcast

ടോസിലെ തീരുമാനം 'പാളിയോ'; ആദ്യം ബാറ്റുചെയ്തവർ ജയിച്ചത് 18 ൽ 6 മത്സരം മാത്രം

ക്വാളിഫയറിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് രാജസ്ഥാൻ എത്തുന്നതെങ്കിൽ ടീമിൽ ഒരു മാറ്റവുമായാണ് ഗുജറാത്ത് എത്തുന്നത്

MediaOne Logo

Web Desk

  • Published:

    29 May 2022 2:48 PM GMT

ടോസിലെ തീരുമാനം പാളിയോ; ആദ്യം ബാറ്റുചെയ്തവർ ജയിച്ചത് 18 ൽ 6 മത്സരം മാത്രം
X

അഹമ്മദാബാദ്: ഐ.പിഎൽ ഫൈനലിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റുചെയ്യാനാണ് തീരുമാനിച്ചത്. സഞ്ജുവിന്റെ ഈ തീരുമാനെ പാളിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലെല്ലാം ചർച്ചയാകുന്നത്. 18 ട്വന്റി20 മത്സരങ്ങളാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്നത്. ഇതിൽ 12 മത്സരങ്ങളും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്ത ടീമാണ്. 6 മത്സരങ്ങളിൽ മാത്രമാണ് ആദ്യം ബാറ്റുചെയ്ത ടീമിന് ജയിക്കാൻ സാധിച്ചത്. രണ്ട് തവണ മാത്രമാണ് ടോസ് നേടിയ ടീം ആദ്യം ബാറ്റുചെയ്യാൻ തീരുമാനിച്ചത്.

ആദ്യം ബാറ്റുചെയ്ത ടീം ജയിച്ച മത്സരത്തിലെല്ലാം സ്‌കോർ 170 ന് മുകളിലായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുന്നിലുണ്ടായിട്ടും ആദ്യം ബാറ്റുചെയ്യാൻ തീരുമാനിച്ച സഞ്ജുവിന്റെ തീരുമാനമാണ് ചർച്ചയാകുന്നത്. അതേസമയം, ക്വാളിഫയറിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് രാജസ്ഥാൻ എത്തുന്നതെങ്കിൽ ടീമിൽ ഒരു മാറ്റവുമായാണ് ഗുജറാത്ത് എത്തുന്നത്. അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസൻ ടീമിൽ തിരിച്ചെത്തി.

2008ലെ പ്രഥമ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നതെങ്കിൽ കന്നി സീസണിൽ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.

സീസണിൽ 15 മത്സരങ്ങളിൽ 11 ഉം ജയിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടി. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു. വ്യക്തിഗത താരതമ്യത്തിൽ ഗുജറാത്തിനേക്കാൾ ഒരുപടി മുന്നിലാണ് രാജസ്ഥാൻ. എന്നാൽ ടീം ഗെയിം എന്ന നിലയിൽ ഗുജറാത്തിന് മുൻതൂക്കമുണ്ട്.

വ്യത്യസ്ത ശൈലികളുള്ള നായകൻമാരുടെ പോരാട്ടം കൂടിയാണ് ഫൈനൽ. ഹാർദിക് പാണ്ഡ്യയെന്നാൽ ആക്രമണോത്സുകതയാണെങ്കിൽ സമചിത്തതയാണ് സഞ്ജുവിന്റെ മുഖമുദ്ര. സീസണിൽ നാല് സെഞ്ച്വറിയുമായി ഓറഞ്ച് ക്യാപ് അണിയുന്ന ജോസ് ബട്‌ലറിൽ നിന്ന് മറ്റൊരു ഇന്നിങ്‌സ് കൂടി രാജസ്ഥാൻ പ്രതീക്ഷിക്കുന്നു. ഓപ്പണിങ്ങിൽ യശ്വസി ജൈസ്വാളും മധ്യനിരയിൽ സഞ്ജുവും പടിക്കലും ഹെറ്റ്‌മെയറും ഫോമിലാണ്.

ചഹൽ-അശ്വിൻ സ്പിൻ ജോഡികളും ബോൾട്ട്, പ്രസിദ്ധ്, മക്കോയ് പേസ് ത്രയവും മികവ് തെളിയിച്ചവർ. കലാശപ്പോരിനിറങ്ങുന്ന രാജസ്ഥാന് ആത്മവിശ്വാസത്തിന് കുറവുണ്ടാകില്ല. സാഹ-ഗിൽ ഓപ്പണിങും പിന്നാലെയെത്തുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമാണ് ഗുജറാത്തിന്റെ കരുത്ത്. ഇവർക്ക് പിഴച്ചാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിവുള്ള മില്ലറുണ്ട്. ഷമിയും റാഷിദും പുലർത്തുന്ന സ്ഥിരതയും മുതൽക്കൂട്ടാകും. രണ്ട് ശൈലികളിൽ മുന്നേറുന്ന ടീമുകൾ കിരീടപ്പോരിന് ഇറങ്ങുമ്പോൾ പ്രവചനം അസാധ്യമെന്നാണ് വിലയിരുത്തൽ.

ടീം ഇങ്ങനെ : രാജസ്ഥാൻ റോയൽസ് - യശ്വസി ജയ്‌സ്വാൾ, ജോസ് ബട്‌ലർ,സഞ്ജു സാംസൺ,ദേവദത്ത് പടിക്കൽ,ഷിരോൺ ഹെയ്റ്റമെയർ,റിയാൻ പരാഗ്, രവിചന്ദ്ര അശ്വിൻ,ട്രെന്റ് ബോൾട്ട്,പ്രസീദ് കൃഷ്ണ,ഒബദ് മെക്കോയ്, യുസ്‌വേന്ദ്ര ചഹൽ

ഗുജറാത്ത് ടൈറ്റൻസ് - വൃന്ദിമാൻ സാഹ, ശുഭ്മാൻ ഗിൽ,മാത്യു വെയ്ഡ്,ഹർദിക് പാണ്ഡ്യ,ഡേവിഡ് മില്ലർ,രാഹുൽ തിവാട്ടിയ,റാഷിദ് ഖാൻ,സായ് കിഷോർ,ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ,മുഹമ്മദ് ഷമി.

TAGS :

Next Story