കാഴ്ച്ചക്കാരിൽ റെക്കോർഡിട്ട് ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനൽ
185 മില്ല്യൺ ആൾക്കാരാണ് ഇന്ത്യ ലോകകിരീടം ഉയർത്തുന്നത് കണ്ടത്

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ വഴിത്തിരിവായിരുന്നു 2017 വനിതാ ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ പ്രവേശനം എന്ന് ജെമിമാ റൊഡ്രിഗസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അന്ന് ഫൈനലിൽ ഒമ്പത് റൺസിന് ഇംഗ്ലണ്ടിന് മുന്നിൽ വീണു പോയെങ്കിലും ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഒരു വിപ്ലവത്തിനു തന്നെ തുടക്കം കുറിച്ചു. അത്തരത്തിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കാൻ പോവുന്നതാണ് 2025 വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയം.
ലോകകപ്പിന്റെ വ്യൂവർഷിപ്പിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ ഫൈനൽ. ഇന്ത്യയിലെ ഒഫീഷ്യൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ പുറത്തുവിട്ടത് പ്രകാരം 185 മില്ല്യൺ ആൾക്കാരാണ് ഇന്ത്യ ലോകകിരീടം ഉയർത്തുന്നത് കണ്ടത്. ഇത് 2024 ലെ പുരുഷ ടി20 ലോകകപ്പ് ഫൈനലിന്റെ വ്യൂവർഷിപ്പിന് തുല്ല്യമാണ്. ടിവിയിൽ കൂടി കണ്ടതാവട്ടെ 92 മില്ല്യൺ ആൾക്കാരും. ഇത് 2024 പുരുഷ ടി20 ലോകകപ്പ് ഫൈനലിനും, 2023 പുരുഷ ഏകദിന ലോകകപ്പ് ഫൈനലിന്റെയും വ്യൂവർഷിപ്പിന് തുല്യമാണ്. ഇത് ഫൈനലിന്റെ മാത്രം കണക്കാണ്. ഇത്തവണത്തെ വനിതാ ഏകദിന ലോകകപ്പിലെ ആകെ വ്യൂവർഷിപ്പ് നോക്കിയാൽ അത് 446 മില്ല്യൺ ആണ്. ഇത് വനിതാ ടൂർണമെന്റുകളിലെ തന്നെ റെക്കോർഡാണ്. കഴിഞ്ഞ മൂന്ന് വനിതാ ഏകദിന ലോകകപ്പ് എഡിഷനുകളുടെയും മൊത്തം വ്യൂവർഷിപ്പിനെക്കാളും കൂടുതലാണിത്.
ഇതിനൊരു തുടർച്ചയെന്നോണം ഐസിസി വനിതാ ടി20, ഏകദിന ലോകകപ്പുകളിലെ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. 2000 ഏകദിന ലോകകപ്പ് മുതൽ ഇത്തവണത്തെ എഡിഷൻ വരെ എട്ട് ടീമുകളാണ് പങ്കെടുത്തിട്ടുള്ളത്. 2029 ൽ നടക്കാൻ പോവുന്ന ലോകകപ്പിൽ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്തി പത്ത് ടീമുകളായിരിക്കും പങ്കെടുക്കുക. ഇതോടെ മത്സരങ്ങളുടെ എണ്ണം 48 ആയി ഉയരും. ടി20 ലോകകപ്പിൽ ടീമുകളുടെ എണ്ണം പത്തിൽ നിന്ന് 12 ആയി ഉയർത്തും. ഓൺസ്ക്രീൻ വഴിയും സ്റ്റേഡിയത്തിലുമായുള്ള വനിതാ ഏകദിന ലോകകപ്പിന്റെ റെക്കോർഡ് വ്യൂവർഷിപ്പ് തന്നെയാണ് ഐസിസിയുടെ ഈ തീരുമാനത്തിന് പിന്നിൽ.
Adjust Story Font
16

