Quantcast

'എക്കാലത്തെയും മനോഹരമായ കായിക ചിത്രം, ഇതാണ് സ്‌പോർട്‌സിന്റെ സൗന്ദര്യവും'; നദാൽ, ഫെഡറർ ചിത്രം പങ്കുവെച്ച് കോഹ്‌ലി

''കായിക ചരിത്രത്തിലെ ഈ അത്ഭുതകരമായ നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചെടുത്തോളം ഒരു വലിയ ബഹുമതിയാണ്''- റാഫേൽ നദാൽ

MediaOne Logo

Web Desk

  • Updated:

    2022-09-24 13:51:07.0

Published:

24 Sept 2022 7:06 PM IST

എക്കാലത്തെയും മനോഹരമായ കായിക ചിത്രം, ഇതാണ് സ്‌പോർട്‌സിന്റെ സൗന്ദര്യവും; നദാൽ, ഫെഡറർ ചിത്രം പങ്കുവെച്ച് കോഹ്‌ലി
X

റോജർ ഫെഡറർ തന്റെ അവസാന മത്സരത്തിന് ശേഷം വെള്ളിയാഴ്ചയാണ് ടെന്നീസ് കരിയറിൽ നിന്നും വിരമിച്ചത്. ലാവർ കപ്പ് ഡബിൾസിൽ തന്റെ ദീർഘകാല എതിരാളിയായ റാഫേൽ നദാലിനൊപ്പമാണ് 41കാരൻ മത്സരത്തിനിറങ്ങിയത്. എന്നാൽ, അവസാന മത്സരത്തിൽ അദ്ദേഹം കളിയിൽ പരാജയപ്പെട്ടത് നിരാശയാണുണ്ടാക്കിയത്. മത്സരം പൂർത്തിയാക്കിയ ശേഷം വികാരഭരിതരായ ഫെഡറർക്കും നദാലിനും കണ്ണീർ അടക്കാനായില്ല. ഇരുവരും കണ്ണീരൊഴുക്കി ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയടക്കമുള്ള പ്രമുഖർ ഇരുവരും ഒരിമിച്ചിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോളിതാ ചിത്രത്തിനൊപ്പം വിരാട് കോഹ്‌ലി കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. ''എതിരാളികൾക്ക് പരസ്പരം ഇതുപോലെയാകാൻ കഴിയുമെന്ന് ആരാണ് കരുതിയത്. അതാണ് സ്‌പോർട്‌സിന്റെ സൗന്ദര്യം. ഇതെനിക്ക് എക്കാലത്തെയും മനോഹരമായ കായിക ചിത്രമാണ്. നിങ്ങളുടെ കൂട്ടാളികൾ നിങ്ങൾക്കായി കരയുമ്പോൾ, നിങ്ങൾക്ക് ദൈവം നൽകിയ കഴിവുകൾ ഉപയോഗിച്ച് എന്താണ് ചെയ്തിരുന്നതെന്ന് നിങ്ങളറിയും. ഈ രണ്ടുപേരോടും ആദരവല്ലാതെ മറ്റൊന്നുമില്ല'' എന്നിങ്ങനെയാണ് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

കായിക ചരിത്രത്തിലെ ഈ അത്ഭുതകരമായ നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ചെടുത്തോളം ഒരു വലിയ ബഹുമതിയാണെന്ന് നദാൽ വ്യക്തമാക്കി.

'ഈ രണ്ട് ചിത്രങ്ങളും സ്പോർട്സ് എന്താണെന്നതിന്റെ സംഗ്രഹമാണ്. കളിക്കളത്തിലെ അവരുടെ വൈരാഗ്യം ഏറെ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ഏറ്റവും പ്രധാനം പരസ്പരമുള്ള ബഹുമാനമാണ്'. നദാലിന്റെയും ഫെഡററുടെയും ചിത്രത്തോട് ഓസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണറും പ്രതികരിച്ചു. ഇരുവരും 40 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 24 തവണ ജയം നദാലിനൊപ്പം നിന്നപ്പോൾ 16 തവണ ഫെഡറർ ജയിച്ചുകയറി. ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ ഫ്രാൻസസ് തിയാഫോ, ജാക്ക് സോക്ക് സഖ്യത്തോട് 4-6, 7-6(7-2), 11-9 എന്ന സ്‌കോറിനാണ് ഫെഡറർ-നദാൽ സഖ്യം പരാജയപ്പെട്ടത്.

TAGS :

Next Story