ലൈസൻസിനായി ഇനിയും കാത്തിരിക്കണം; 14 കാരൻ വൈഭവിന് സമ്മാനമായി 22 ലക്ഷത്തിന്റെ കാർ
ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി പരിശീലനത്തിലാണ് താരമിപ്പോൾ

പറ്റ്‌ന: കഴിഞ്ഞ ഐപിഎല്ലിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് വൈഭവ് സൂര്യവർഷി. രാജസ്ഥാൻ റോയൽസിനായി അരങ്ങേറിയ 14 കാരൻ വെടിക്കെട്ട് ബാറ്റിങിലൂടെ പല റെക്കോർഡുകളും കടപുഴകിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം അണ്ടർ 19 ലോകകപ്പിലടക്കം ഇതേ ഫോമിൽ ബാറ്റുവീശിയ കൗമാര താരം മറ്റൊരു ഐപിഎൽ സീസണിനായുള്ള ഒരുക്കത്തിലാണിപ്പോൾ. ഇതിനിടെ താരത്തെ തേടി ഒരു സമ്മാനമെത്തി.
കഴിഞ്ഞ ഐപിഎല്ലിൽ സമ്മാനമായി ലഭിച്ച ടാറ്റാ കർവ്വ് കാറാണ് വൈഭവ് സൂര്യവൻഷി കഴിഞ്ഞ ദിവസം സ്വന്തമായത്. 'സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദ സീസൺ 2025' പുരസ്‌കാരമാണ് താരത്തിന് നൽകിയത്. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ് കരസ്തമാക്കിയതിലൂടെയാണ് കാർ ലഭിച്ചത്. ഏകദേശം 22 ലക്ഷത്തോളം രൂപയാണ് കാറിന്റെ ഓൺറോഡ് വില വരുന്നത്. പട്നയിലെ ഷോറൂമിൽ നടന്ന ചടങ്ങിൽ കുടുംബത്തോടൊപ്പമെത്തിയാണ് താരം വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.
ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായും അരങ്ങേറ്റ സീസണിൽ വൈഭവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴ് മത്സരങ്ങളിലായി ആർആറിനായി കളത്തിലിറങ്ങിയ താരം 206 സ്‌ട്രൈക്ക് റേറ്റിൽ 252 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും നേടിയ താരം സീസണിലുടനീളം 24 സിക്‌സറുകളാണ് പറത്തിയത്.
Adjust Story Font
16

