Quantcast

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി; മധ്യപ്രദേശിനോട് പരാജയപ്പെട്ടത് 47 റൺസിന്

വാലറ്റത്തെ കൂട്ടുപിടിച്ച് 29 പന്തിൽ 42 റൺസുമായി ഷറഫുദ്ദീൻ നടത്തിയ തകർപ്പൻ ബാറ്റിങിനും കേരളത്തെ രക്ഷിക്കാനായില്ല

MediaOne Logo

Sports Desk

  • Published:

    29 Dec 2025 7:25 PM IST

Kerala loses again in Vijay Hazare Trophy; lost to Madhya Pradesh by 47 runs
X

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും തോൽവി. മധ്യപ്രദേശ് 47 റൺസിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 40.1 ഓവറിൽ 167 റൺസിന് പുറത്തായി. 93 റൺസുമായി മധ്യപ്രദേശിന്റെ ഇന്നിങ്‌സിന് കരുത്ത് പകർന്ന ഹിമൻശു മന്ത്രിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൗളർമാർ മികച്ച തുടക്കമാണ് നൽകിയത്. കരുതലോടെ തുടങ്ങിയ മധ്യപ്രദേശിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെ അങ്കിത് ശർമ്മയാണ് തകർത്തത്. ഹർഷ് ഗാവ്‌ലിയെയും (22) യഷ് ദുബെയെയും (13) തുടർച്ചയായ ഓവറുകളിൽ പുറത്താക്കി അങ്കിത് കേരളത്തിന് മുൻതൂക്കം നൽകി. പിന്നാലെ എത്തിയ ശുഭം ശർമ്മയെ അങ്കിത് ക്ലീൻബൗൾഡാക്കിയതോടെ മധ്യപ്രദേശ് കൂടുതൽ പ്രതിരോധത്തിലായി.

ക്യാപ്റ്റൻ വെങ്കിടേഷ് അയ്യരും ഹിമൻശു മന്ത്രിയും ചേർന്ന് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും എട്ട് റൺസെടുത്ത അയ്യർ റണ്ണൗട്ടായത് അവർക്ക് തിരിച്ചടിയായി. രാഹുൽ ബഥം മൂന്നും സരൺഷ് ജെയിൻ ഒൻപതും ശിവങ് കുമാർ പൂജ്യത്തിനും പുറത്തായതോടെ ഏഴ് വിക്കറ്റ് 104 റൺസെന്ന നിലയിലായിരുന്നു മധ്യപ്രദേശ്. എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന ഹിമൻശു മന്ത്രി ടീമിന്റെ രക്ഷകനായി. ആദ്യം ആര്യൻ പാണ്ഡെയെയും (15) പിന്നീട് ത്രിപുരേഷ് സിങ്ങിനെയും (37) കൂട്ടുപിടിച്ച് ഹിമൻശു ടീമിനെ കരകയറ്റി. ത്രിപുരേഷുമായി ചേർന്ന് ഒൻപതാം വിക്കറ്റിൽ പടുത്തുയർത്തിയ 66 റൺസിന്റെ കൂട്ടുകെട്ടാണ് മധ്യപ്രദേശ് സ്‌കോർ 214-ൽ എത്തിച്ചത്. അർഹിച്ച സെഞ്ചുറിക്ക് ഏഴ് റൺസ് അകലെ (93 റൺസ്) പുറത്തായെങ്കിലും ടീമിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചാണ് ഹിമൻശു ക്രീസ് വിട്ടത്. കേരളത്തിന് വേണ്ടി അങ്കിത് ശർമ്മ നാലും ബാബ അപരാജിത് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിനും മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോർ ബോർഡ് പത്തിൽ നില്‌ക്കെ നാല് റൺസെടുത്ത കൃഷ്ണപ്രസാദ് പുറത്തായി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും അങ്കിത് ശർമ്മയും ചേർന്ന് 28 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇരുവരെയും സരൺഷ് ജെയിൻ പുറത്താക്കിയതോടെ കേരളം പ്രതിരോധത്തിലായി. രോഹൻ 19ഉം അങ്കിത് ശർമ്മ 13ഉം റൺസ് നേടി. തുടർന്നെത്തിയ സൽമാൻ നിസാർ, ബാബ അപരാജിത്തിനും മുഹമ്മദ് അസറുദ്ദീനുമൊപ്പം ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്തിയെങ്കിലും അധികം നീണ്ടില്ല. അപരാജിത് ഒൻപതും അസറുദ്ദീൻ 15ഉം റൺസെടുത്ത് പുറത്തായി. ഒടുവിൽ 30 റൺസെടുത്ത സൽമാൻ കൂടി മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾക്ക് അവസാനമായി. വാലറ്റത്ത് ഷറഫുദ്ദീന്റെ തകർപ്പൻ ഇന്നിങ്‌സാണ് കേരളത്തിന്റെ സ്‌കോർ 167 വരെയെത്തിച്ചത്. ഷറഫുദ്ദീൻ 29 പന്തുകളിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സുമടക്കം 42 റൺസെടുത്തു. വിഷ്ണു വിനോദ് 20 റൺസും നേടി. മധ്യപ്രദേശിന് വേണ്ടി ശുഭം ശർമ്മ മൂന്നും ശിവങ് കുമാർ, സരൻഷ് ജെയിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

TAGS :

Next Story