Quantcast

റൺമെഷീൻ നിലച്ച മൂന്നു വർഷം; ഒടുവിൽ ദി ഗ്രേറ്റസ്റ്റ് കംബാക്ക്

അന്താരാഷ്ട്ര ക്രിക്കറ്റിൽ 71 സെഞ്ച്വറിയെന്ന നാഴികക്കല്ലിൽ കയറിനിൽക്കുകയാണ് കോഹ്ലി. ഓസീസ് ഇതിഹാസ നായകൻ റിക്കി പോണ്ടിങ്ങിന് ഒപ്പത്തിനൊപ്പം. മുന്നിൽ ഒരേയൊരു സച്ചിൻ രമേശ് ടെണ്ടുൽക്കർ മാത്രം

MediaOne Logo

Web Desk

  • Published:

    8 Sep 2022 6:55 PM GMT

റൺമെഷീൻ നിലച്ച മൂന്നു വർഷം; ഒടുവിൽ ദി ഗ്രേറ്റസ്റ്റ് കംബാക്ക്
X

ദുബൈ: നീണ്ട 1,021 നാൾ. എന്തൊരു ദൂരമായിരിക്കും, എന്തുമാത്രം ഏകാന്തതയായിരിക്കും വിരാട് കോഹ്ലിക്കത്! മുറിവേറ്റവന്റെ വേദന, പാതിവഴിയിൽ ഇടറിപ്പോകുന്നവന്റെ നിസ്സഹായത... ലോകത്ത് ഇപ്പോൾ വിരാട് കോഹ്ലിയെക്കാളും അതു പറയാനാകുന്ന മറ്റൊരാളുണ്ടാകില്ല. ആധുനിക ഇന്ത്യൻ ക്രിക്കറ്റിന്റെ ബ്രാൻഡ് നെയിമായി മാറിയ റൺ മെഷീൻ നിലച്ചുപോയ കാലം. ലോകത്ത് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെല്ലാം അക്ഷമരായി ആ ഒരു മാജിക്കൽ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

പല്ലുകൊഴിഞ്ഞ കിങ്ങോ?

പത്തു വർഷക്കാലം ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ഹീറോയായി നിറഞ്ഞാടിയ വിരാട് കോഹ്ലിയുടെ ബാറ്റ് നിശബ്ദമായ കാലമായിരുന്നു കഴിഞ്ഞ രണ്ടു വർഷവും ഒൻപതു മാസവും. സെഞ്ച്വറിയിലേക്കുള്ള ഓരോ യാത്രയും പാതിവഴിയിൽ ഇടറിവീഴുകയായിരുന്നു. പതിയെ ഗ്രാഫ് താഴോട്ടേക്ക് പതിച്ചുകൊണ്ടിരുന്നു. ലക്ഷ്യം അകന്നകന്നുപോയ്‌ക്കൊണ്ടിരുന്നു. അപ്പോഴേക്കും പുറത്ത് അപശബ്ദങ്ങളും കനത്തുവന്നു. വിമർശകർ സർവായുധരായി ശരങ്ങളെയ്തുകൊണ്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒടുവിൽ സ്വപ്‌നത്തിൽ പോലും സങ്കൽപിക്കാത്ത തരത്തിൽ, ഇന്ത്യൻ ഏകദിന-ടി20 ക്രിക്കറ്റിന്റെ നായകസ്ഥാനം തലയിൽനിന്ന് പറിച്ചെടുക്കുന്നു. അന്നു നേരിട്ട മാനസികമായ 'അപമാന'ത്തിന് ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് മറുപടി നൽകുന്നു. ഏറ്റവും പ്രിയപ്പെട്ട ഐ.പി.എൽ ടീമിന്റെ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ, നായകക്കുപ്പായവും ഒഴിയുന്നു. ക്യാപ്റ്റൻസി കൈയിൽനിന്നു നഷ്ടമായതിനു പിന്നാലെ ടീമിലെ സ്ഥാനം തന്നെ ചോദ്യംചെയ്യപ്പെടാൻ തുടങ്ങി. സൂപ്പർതാരമില്ലാതെ ഒരു ഇന്ത്യൻ ലോകകകപ്പ് സംഘത്തെക്കുറിച്ചു വരെ ചർച്ച തുടങ്ങി.

അങ്ങനെ സംഭവബഹുലമായ മൂന്നു വർഷക്കാലം. ഒടുവിൽ ഏഷ്യാ കപ്പ് എന്ന ആ അഗ്നിപരീക്ഷ കോഹ്ലി വിജയിച്ചിരിക്കുന്നു. ഇനി വിമർശകർ പോലും അയാളെ ചോദ്യംചെയാൻ വരില്ല. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ നിർണായകമായ 35, ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തിൽ വിലപ്പെട്ട 59, പാകിസ്താനെതിരായ ത്രില്ലർ പോരാട്ടത്തിൽ 60 എന്ന ടോപ്‌സ്‌കോർ. ഒടുവിൽ ഇതാ കുറ്റവും കുറവും കാണാനാകാത്ത എല്ലാം തികഞ്ഞൊരു 122ന്റെ മനോഹരമായ കോഹ്ലി ക്ലാസിക്ക് ഇന്നിങ്‌സ്.

തിരിച്ചുവരവില്‍ സിംഹഗർജനം

ആരാധകരെ ആനന്ദാശ്രുവിന്റെ ആനന്ദത്തിൽ ആറാടിപ്പിച്ച, ക്രിക്കറ്റ് പ്രേമികളുടെ മനസ് നിറച്ച, പ്രിയപ്പെട്ടവരുടെ ഹൃദയം നിറച്ച, വിമർശകരുടെ വായടപ്പിച്ച ഒരൊറ്റ ഇന്നിങ്‌സ്. കോഹ്ലിയുടെ ആദ്യത്തെ ടി20 സെഞ്ച്വറി. ടി20യിൽ ഒരു ഇന്ത്യയ്ക്കാരന്റെ ഏറ്റവും ഉയർന്ന സ്‌കോർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 24,000 എന്ന വലിയൊരു നാഴികക്കല്ല്. ടി20യിൽ 3,000 എന്ന വലിയ റെക്കോർഡിൽ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 71 സെഞ്ച്വറിയെന്ന നാഴികക്കല്ലിൽ കയറിനിൽക്കുകയാണ് കോഹ്ലി. ഓസീസ് ഇതിഹാസ നായകൻ റിക്കി പോണ്ടിങ്ങിന് ഒപ്പത്തിനൊപ്പം. മുന്നിൽ ഒരേയൊരു സച്ചിൻ രമേശ് ടെണ്ടുൽക്കർ മാത്രം. ആ ചരിത്രലക്ഷ്യത്തിലേക്കിനി 29 സെഞ്ച്വറിയുടെ ദൂരം!

ഇത്തവണ ഏഷ്യാ കപ്പിലെ ടോപ്‌സ്‌കോററുമായിരിക്കുന്നു കോഹ്ലി. ഏറ്റവും കൂടുതൽ റൺസ്, ഉയർന്ന സ്‌കോർ. കൂടുതൽ അർധസെഞ്ച്വറി. കൂടുതൽ ഫോൺ. ഉയർന്ന ശരാശരി... എല്ലാം കോഹലിയാണ്.

ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ ഇനി കോഹ്ലിയുടെ സ്ഥാനം ചോദ്യംചെയ്യാനാകില്ല. ഫോമിൽ, അതും ക്ലാസിന്റെ മൂർധന്യത്തിൽ തിരിച്ചെത്തിയ കോഹ്ലിയുമായി ഇന്ത്യയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ ആസ്‌ട്രേലിയയിലേക്ക് പറക്കാം. അതെ, 2022 സെപ്റ്റംബർ എട്ട്, ലോകചരിത്രത്തിൽ ഒരു മഹാതിരിച്ചുവരവിന്റെ പേരിൽ കുറിക്കപ്പെട്ടിരിക്കുകയാണ്. ദി ഗ്രേറ്റസ്റ്റ് കോഹ്ലി കംബാക്ക്!

Summary: The greatest Virat Kohli comeback after the long interval of 3 years of struggle

TAGS :

Next Story