Quantcast

'ഫോം കോഹ്‌ലി തന്നെ കണ്ടെത്തണം': സൗരവ് ഗാംഗുലി പറയുന്നു...

ലോകത്തിലെ മികച്ച ബാറ്റർമാരിലൊരാളായ വിരാട് കോഹ്‌ലി സമീപകാലത്ത് മോശം ഫോമിലാണ്.

MediaOne Logo

Web Desk

  • Published:

    14 July 2022 11:45 AM GMT

ഫോം കോഹ്‌ലി തന്നെ കണ്ടെത്തണം: സൗരവ് ഗാംഗുലി പറയുന്നു...
X

മുംബൈ: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മോശം ഫോമില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഫോം വീണ്ടെടുക്കാനുള്ള വഴി കോഹ് ലി തന്നെ കണ്ടെത്തണമെന്നാണ് ഗാംഗുലി പറയുന്നത്.

'അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്‌ലിയുടെ സംഭാവനകള്‍ നോക്കൂ. അദ്ദേഹത്തിന് കഴിവില്ലെന്ന് ആരും പറയില്ല. പക്ഷേ അദ്ദേഹം ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. കോഹ്‌ലി വലിയ പ്രതിഭയുള്ള താരമാണ്. നന്നായി കളിക്കുന്നില്ലെന്ന് അദ്ദേഹത്തിന് തന്നെയറിയാം. ഫോം വീണ്ടെടുക്കാനുള്ള വഴി കോഹ്‌ലിക്ക് മാത്രമേ അറിയൂ. അദ്ദേഹം തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ. കഴിഞ്ഞ 12-13 വര്‍ഷമായി നമ്മളത് കണ്ടുകൊണ്ടിരിക്കുകയാണ്'- ഗാംഗുലി വ്യക്തമാക്കി.

ലോകത്തിലെ മികച്ച ബാറ്റർമാരിലൊരാളായ വിരാട് കോഹ്‌ലി സമീപകാലത്ത് മോശം ഫോമിലാണ്. ഐപിഎല്ലിൽ തുടങ്ങിയ മോശം ഫോം ഇംഗ്ലണ്ട് പര്യടനത്തിലും തുടരുകയാണ്. അതിനിടെ കോഹ്‌ലിയെ പുറത്തിരുത്തണം എന്ന ആവശ്യംവരെ ഉയർന്നുകഴിഞ്ഞു. കപിൽ ദേവ് ഉൾപ്പെടെയുള്ള മുൻകളിക്കാരും കോഹ്ലി വിമർശകരുടെ പട്ടികയിലുണ്ട്. അതിനിടെ വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും കോഹ്ലി ഉൾപ്പെട്ടില്ല. മികച്ച യുവതാരങ്ങളാണ് അവസരം കാത്ത് പുറത്ത് നിൽക്കുന്നത്.

അതേസമയം വിന്‍ഡീസിനെതിരായ ടി20യില്‍ലോകേഷ് രാഹുലും കുൽദീപ് യാദവും തിരിച്ചെത്തി. എന്നാൽ ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന മുറക്കെ ഇവരെ ടീമിൽ ഉൾപ്പെടുത്തൂ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 കളിച്ച സഞ്ജു സാംസണും ടീമിൽ ഇടം ലഭിച്ചില്ല. ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷൻ കിഷൻ എന്നിവരെല്ലാം ടീമിൽ ഉൾപ്പെട്ടു. രവിചന്ദ്ര അശ്വിനും ടീമില്‍ തിരിച്ചെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഈ മാസം 29നാണ് ആരംഭിക്കുന്നത്. അതിന് മുമ്പ് മൂന്ന് ഏകദിനങ്ങളും ഇന്ത്യക്ക് കളിക്കാനുണ്ട്. ഈ ഏകദിന പരമ്പരയിൽ കോഹ് ലിക്ക് പുറമെ രോഹിതിനും വിശ്രമം അനുവദിച്ചിരുന്നു. ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഈ മാസം 22നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.


TAGS :

Next Story