Quantcast

'അവസാന നാല് ഓവറില്‍ ഞാന്‍ ഉറങ്ങിപ്പോയി'; ഹൈദരാബാദിനെ പരിഹസിച്ച് സെവാഗ്

അവസാന നാല് ഓവറിലെ ബാറ്റിങ് കണ്ട് ഞാന്‍ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    4 Oct 2021 1:41 PM GMT

അവസാന നാല് ഓവറില്‍ ഞാന്‍ ഉറങ്ങിപ്പോയി; ഹൈദരാബാദിനെ പരിഹസിച്ച് സെവാഗ്
X

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ബാറ്റിങിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഹൈദരാബാദിന്‍റെ അവസാന നാല് ഓവര്‍ ബാറ്റിങ് കണ്ട് താന്‍ ഉറങ്ങിപ്പോയി എന്നാണ് സെവാഗ് പറയുന്നത്. 'വിരുഗിരി ഡോട്ട് കോം' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആയിരുന്നു സെവാഗിന്‍റെ പ്രതികരണം.

സാഹയും ജേസണ്‍ റോയുമായിരുന്നു ഹൈദരാബാദിനായി ഓപ്പണിങ് ഇറങ്ങിയത്. പക്ഷെ ഇരുവരും വളരെ പെട്ടന്ന് പവലിയണിലേക്ക് തിരിച്ചെത്തി. ശേഷം വില്യംസണും പ്രിയം ഗാര്‍ഗും ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും അതും വിജയം കണ്ടില്ല. അതിനുശേഷം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് അബ്ദുല്‍ സമദ് മാത്രമാണ്. സമദ് പുറത്തായ ശേഷം ക്രീസിലെത്തിയവരുടെ പ്രകടനം കണ്ടാല്‍ ഉറക്കഗുളിക കഴിച്ച് വന്നതാണെന്ന് തോന്നിപ്പോകും. അവസാന നാല് ഓവറിലെ ബാറ്റിങ് കണ്ട് ഞാന്‍ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയിലായിരുന്നു.' സെവാഗ് വീഡിയോയില്‍ പറയുന്നു.

കൊല്‍ക്കത്തക്കെതിരേ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നേടിയത് 115 റണ്‍സ് മാത്രമാണ്. അവരുടെ നിരയില്‍ ഒരാള്‍ക്കുപോലും 30 റണ്‍സ് പിന്നിടാനായില്ല. അവസാന അഞ്ച് ഓവറില്‍ ഹൈദരാബാദ് നേടിയത് 36 റണ്‍സ് മാത്രമാണ്. മത്സരത്തില്‍ കൊല്‍ക്കത്ത ആറു വിക്കറ്റിന് വിജയിക്കുകയും ചെയ്തു. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് നേരത്തെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായിരുന്നു.

TAGS :

Next Story