Quantcast

തകർന്ന് ഇംഗ്ലണ്ട്: കൂറ്റൻ ജയവുമായി വിൻഡീസ്, പരമ്പര

മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ്ഇൻഡീസ് ആതിഥേയരെ ബാറ്റിങിന് അയച്ചു. ഇംഗ്ലണ്ട് പേടിച്ചത് തന്നെ സംഭവിച്ചു. ആദ്യ ഇന്നിങ്‌സിൽ 204ന് പുറത്ത്.

MediaOne Logo

Web Desk

  • Published:

    28 March 2022 10:31 AM GMT

തകർന്ന് ഇംഗ്ലണ്ട്: കൂറ്റൻ ജയവുമായി വിൻഡീസ്, പരമ്പര
X

വെസ്റ്റ്ഇൻഡീസിന്റെ പേസ് ബൗളർമാർക്ക് മുന്നിൽ ചൂളിപ്പോയ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും കൈവിട്ടു. പത്ത് വിക്കറ്റിന്റെ വമ്പൻ ജയം ആഘോഷിച്ച് വെസ്റ്റ് ഇൻഡീസ് പ്രതാപകാലത്തേക്കുള്ള സൂചനകൾ നൽകി. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇംഗ്ലണ്ട്-204, 120. വെസ്റ്റ് ഇൻഡീസ്-297,28-0

മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ്ഇൻഡീസ് ആതിഥേയരെ ബാറ്റിങിന് അയച്ചു. ഇംഗ്ലണ്ട് പേടിച്ചത് തന്നെ സംഭവിച്ചു. ആദ്യ ഇന്നിങ്‌സിൽ 204ന് പുറത്ത്. മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ സ്‌കോർബോർഡിൽ റൺസ് എത്തിച്ചത് ബൗളർമാർ. ജാക്ക് ലീച്ചും(41) സാക്കിബ് മഹ്‌മൂദും(49)ചേർന്ന് 10ാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 90 റൺസാണ് ഇംഗ്ലണ്ടിന്റെ മാനം കാത്തത്. ആറ് പേർക്ക് രണ്ടക്കം പോലും കാണാനായില്ല. ഇതിൽ രണ്ട് ബാറ്റർമാർ സംപൂജ്യരും. ജയ്ഡൺ സീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. കീമർ റോച്ച്, മയേഴ്‌സ്, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് ബൗളർമാർ തിരിച്ചടിച്ചെങ്കിലും നിർണായകമായ 93 റൺസിന്റെ ലീഡാണ് വിൻഡീസ് നേടിയത്. വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ്വ ഡാ സിൽവ നേടിയ സെഞ്ച്വറി(100) വിൻഡീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായി. രണ്ടാം ഇന്നിങ്‌സിൽ എഴുന്നേൽക്കാമെന്ന് കരുതിയ ഇംഗ്ലണ്ടിന് അവിടെയും പിഴച്ചു. 120ന് എറിഞ്ഞിട്ട് വീണ്ടും വിൻഡീസ് ഉഗ്രരൂപം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മയേഴ്‌സ് ആണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിൽ തള്ളിയിട്ടത്. വിജയലക്ഷ്യമായ 28 റൺസിലേക്ക് ബാറ്റേന്തിയ വിൻഡീസ് വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വിന്‍ഡീസിന് സ്വന്തം. ആദ്യ രണ്ട് മത്സരങ്ങള്‍ സമനിവയില്‍ പിരിഞ്ഞിരുന്നു. ടി20 പരമ്പരയും ഇംഗ്ലണ്ട് കൈവിട്ടിരുന്നു.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത് ക്രിസ് വോക്സ് ഉൾപ്പെടെ വെറും മൂന്ന് പേർ മാത്രം. 132 പന്തിൽ രണ്ട് ഫോറുകളോടെ 31 റൺസെടുത്ത ഓപ്പണർ അലക്സ് ലീസ്സാണ് അവരുടെ ടോപ് സ്കോറർ. ജോണി‍ ബെയർസ്റ്റോ 82 പന്തിൽ രണ്ട് ഫോറുകൾ സഹിതം 22 റൺസെടുത്തും പുറത്തായി. ഓപ്പണർ സാക് ക്രൗളി (8), ക്യാപ്റ്റൻ ജോ റൂട്ട് (5), ഡാനിയൽ ലോറൻസ് (0), ബെൻ സ്റ്റോക്സ് (4), ബെൻ ഫോക്സ് (2), ക്രെയ്ഗ് ഓവർട്ടൻ (1) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇംഗ്ലീഷ് താരങ്ങൾ.

TAGS :

Next Story