Quantcast

എന്ത് പറ്റി ബാബർ അസമിന്? 'വടിയെടുത്ത്' ആരാധകർ, പിന്തുണയുമായി മുഹമ്മദ് യൂസുഫ്‌

അടുത്ത കാലത്തായി ബാബറിന് കഷ്ടകാലമാണ്. ഒപ്പം പാകിസ്താൻ ടീമിനും

MediaOne Logo

Web Desk

  • Published:

    2 Jan 2024 9:18 AM GMT

എന്ത് പറ്റി ബാബർ അസമിന്? വടിയെടുത്ത് ആരാധകർ, പിന്തുണയുമായി മുഹമ്മദ് യൂസുഫ്‌
X

കറാച്ചി: ഫോമിന്റെ പരിസരത്തെങ്ങും പാകിസ്താന്റെ മുൻ നായകൻ ബാബർ അസം ഇല്ല. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരുടെ പേരുകൾ പറയുമ്പോൾ ബാബറും ഇടംപിടിക്കുമായിരുന്നു. എന്നാൽ അടുത്ത കാലത്തായി ബാബറിന് കഷ്ടകാലമാണ്. ഒപ്പം പാകിസ്താൻ ടീമിനും.

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പില്‍, ബാറ്റ് കൊണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും നായക മികവ് ചോദ്യംചെയ്യപ്പെട്ടു. പല തീരുമാനങ്ങളും പാളി. ലോകകപ്പിന് പിന്നാലെ താരം നായകസ്ഥാനത്ത് നിന്ന് രാജിപ്രഖ്യാപിച്ചു. പാക് ബോര്‍ഡത് അംഗീകരിക്കുകയും ചെയ്തു.

നായക ഭാരം ഒഴിവാക്കിക്കൊടുത്താൽ, ബാബറിന് ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും എന്ന് പാക് ക്രിക്കറ്റ് ബോർഡ് കരുതിയെങ്കിലും അവിടെയും പിഴച്ചു. ആസ്‌ട്രേലിയക്കെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ തപ്പിത്തടയുകയാണ് താരം. നാല് ഇന്നിങ്‌സുകളിൽ നിന്ന് നേടാനായത് വെറും 71 റൺസ് മാത്രം. ടെസ്റ്റിൽ ഒരൊറ്റ അർദ്ധ സെഞ്ച്വറിപോലും ഇല്ലാതെയാണ് ബാബർ 2023 അവസാനിപ്പിച്ചത്. 2023ൽ കളിച്ച പത്ത് ഇന്നിങ്‌സുകളിൽ നിന്നായി താരം നേടിയത് വെറും 204 റൺസ്. പുറമെ നിന്ന് വരുന്ന ബാറ്റർമാർക്ക് ആസ്‌ട്രേലിയൻ പിച്ചുകൾ വെല്ലുവിളിയാകുമെങ്കിലും ബാബർ മോശമാക്കാറില്ലായിരുന്നു.

സിഡ്‌നിയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ നിന്ന് താരത്തെ ഒഴിവാക്കിയാലും അത്ഭുതപ്പെടാനില്ല. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമല്ല ഏകദിനത്തിലും ബാബറിന് പാളുന്നുണ്ട്. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ദുർബലരായ നേപ്പാളിനെതിരെ നേടിയ 151 റൺസാണ് താരത്തിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം. ഏഷ്യാകപ്പിലെ നാല് മത്സരങ്ങളില്‍ നിന്ന് ഈ സെഞ്ച്വറിയുൾപ്പെടെ ബാബറിന് നേടാനായത് 207 റൺസാണ്. നായകന്റെ ഈ മോശം ഫോം പാക് ക്രിക്കറ്റിനെയും വല്ലാതെ ബാധിച്ചു. ഏഷ്യാകപ്പിൽ ഫൈനലിലെത്താൻ പാകിസ്താനായില്ല.

എന്നാൽ ഏകദിന ലോകകപ്പിൽ സ്ഥിതി അൽപ്പം മെച്ചപ്പെട്ടെങ്കിലും പാക് ടീം സെമിയിലെത്താതെ പോയത് വൻ അടിയായി. ഒമ്പത് മത്സരങ്ങളിൽ നാല് അർദ്ധ സെഞ്ച്വറിയുൾപ്പെടെ താരം നേടിയത് 320 റൺസാണ്. ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ റൺവേട്ടക്കാരായ ആദ്യ 25 ബാറ്റർമാരുടെ ലിസ്റ്റിലും ബാബർ ഇല്ലായിരുന്നു. മുഹമ്മദ് റിസ് വാനാണ് ഈ ലിസ്റ്റിൽ കയറിയിരുന്നത്.

ലോകകപ്പില്‍ ബാബറിന് കീഴിൽ കളിച്ച ഒമ്പതിൽ, അഞ്ച് മത്സരങ്ങളിലും പാകിസ്താൻ ദയനീയമായി തോറ്റു. ഇതിൽ ഇന്ത്യക്കെതിരെയുള്ള തോൽവി പാകിസ്താനെ വേട്ടയാടി. ഇതും കൂടിയായതോടെ ബാബറിന് മുന്നിൽ രാജിവെച്ചൊഴിയാതെ മറ്റു മാർഗങ്ങളില്ലാതായി. നേരത്തെ സൂചിപ്പിച്ച നേപ്പാളിനെതിരെയുള്ള ആ മത്സരം വരെ ബാബർ ഏവരാലും അതിശയിപ്പിച്ച ബാറ്ററായിരുന്നു. 20 മത്സരങ്ങളിൽ നിന്ന് മാത്രം 946 റൺസാണ് നേടിയിരുന്നത്.

മാസും ക്ലാസും ഒത്തിണങ്ങിയ താരത്തിന് പ്രകടനത്തിന് ആരാധകരും ഏറെയായിരുന്നു. പാകിസ്താന്റെ വിരാട് കോഹ്ലി എന്നൊക്കെയായിരുന്നു ആരാധകര്‍ വിളിച്ചിരുന്നത്. നായകനെന്ന നിലയിലും പാകിസ്താന് മുതൽകൂട്ടായിരുന്നു താരം. നയിച്ച 133 മത്സരങ്ങളിൽ 78 എണ്ണത്തിൽ വിജയിക്കാനായി. 63.34 ആണ് വിജയ ശതമാനം.

ഇപ്പോഴത്തെ മോശം ഫോം വിമർശകരെയും ഉണർത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ പരസ്യമായ പരിഹാസങ്ങൾ കനക്കുന്നുണ്ട്. ഇത് കണ്ടിട്ടാവണം മുൻ പാക് ക്രിക്കറ്റർ മുഹമ്മദ് യൂസുഫ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി നോക്കേണ്ടെന്നും എല്ലം മാറിമറിയുമെന്നായിരുന്നു യൂസുഫിന്റെ ട്വീറ്റ്.

Watch Video Story


TAGS :

Next Story