രോഹിതിന്റെ ക്യാപ്റ്റൻസി മാറ്റം; പ്രതികരിച്ച് വില്യംസണും കൈഫും
രോഹിത് ഇന്ത്യൻ ക്രിക്കറ്റിന് അവിസ്മരണീയമായനേട്ടങ്ങൾ നേടിക്കൊടുത്ത ഇതിഹാസം എന്ന് കെയിൻ വില്യംസൺ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത് ശർമക്ക് പകരം ശുഭ്മൻ ഗില്ലിനെ പരിഗണിച്ചത് ഏറെ വിവാദങ്ങക്ക് വഴിവെച്ചിരുന്നു. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ന്യൂസിലൻഡ് ക്രിക്കറ്റ് താരം കെയിൻ വില്ല്യംസണും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും.
ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി പരിഗണിച്ചതിനെതിരെ സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. '16 വർഷം ക്രിക്കറ്റിനായി സംഭാവന ചെയ്തയാളാണ് രോഹിത് ശർമ. അദ്ദേഹത്തിന് ഒരു വർഷം കൂടി ക്യാപ്റ്റൻസി നൽകാൻ നമുക്ക് സാധിക്കുന്നില്ല. കഴിഞ്ഞ 16 ഐസിസി മത്സരങ്ങളിൽ ഓസ്്ട്രേലിയക്കെതിരായ 2023 ലോകകപ്പ് ഫൈനൽ മാത്രമാണ് പരാജയപ്പെട്ടത്- കൈഫ് പറഞ്ഞു.
''ചാമ്പ്യൻസ് ട്രോഫിയിലെ അവസാന മത്സരത്തിൽ രോഹിത് മാൻ ഓഫ് ദ മാച്ച് ആയിരുന്നു. ഇന്ത്യ 2024 ട20 ലോകകപ്പ് ഇന്ത്യ നേടിയത് രോഹിതിന്റെ പേരിലാണ്. നമ്മൾ 2024 ലോകകപ്പ് നേടി, ഇനി പുതിയ കളിക്കാർ വരട്ടെ എന്ന് പറഞ്ഞ് വിരമിച്ചുകൊണ്ട് മാതൃക കാണിച്ചു. കുറച്ചു കാലം ജനശ്രദ്ധയിൽ നിന്ന് മാറിനിന്നു. പുതിയ കളിക്കാർ വന്നപ്പോൾ രോഹിതിന് സ്ഥാനം നഷ്ടപ്പെട്ടു- അദ്ദേഹം പറഞ്ഞു.
രോഹിത് ശർമയെ ക്രിക്കറ്റിലെ ഇതിഹാസമായാണ് വില്ല്യംസൺ വിശേഷിപ്പിച്ചത്. ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി ഇന്ത്യൻ ടീമിന് ഗുണം ചെയ്യുമെന്നും പറഞ്ഞു. 'ഈ തീരുമാനത്തിന്റെ കൂടുതൽ വിവരങ്ങൾ എനിക്ക് അറിയില്ല. രോഹിത് ഇന്ത്യൻ ക്രിക്കറ്റിന് അവിസ്മരണീയമായ നേട്ടങ്ങൾ നേടിക്കൊടുത്ത ഇതിഹാസമാണ്. ഇന്ത്യൻ ടീമിനും കളിക്കാർക്കും ഏറെ വിലപ്പെട്ട താരമാണ് അദ്ദേഹം. ശുഭ്മനും മറ്റു കളിക്കാർക്കും രോഹിന്റെ സ്വാധീനം ഏറെ ഗുണം ചെയ്യും' അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ന്യൂസിലൻഡ് താരം പറഞ്ഞു.
ഒക്ടോബർ 19 നാണ് ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരക്ക് തുടക്കമാവുന്നത്. മൂന്ന് ഏകദിന മത്സരങ്ങൾക്ക് ശേഷം അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും
Adjust Story Font
16

