Quantcast

'നിങ്ങൾ അന്താരാഷ്ട്ര മത്സരം കളിക്കരുത്'; അർഷദീപിനെതിരെ ഗംഭീർ

ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ അഞ്ച് നോബാളാണ് അര്‍ഷദീപ് എറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    6 Jan 2023 8:08 AM GMT

നിങ്ങൾ അന്താരാഷ്ട്ര മത്സരം കളിക്കരുത്; അർഷദീപിനെതിരെ ഗംഭീർ
X

ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ടാം ടി20യിൽ അഞ്ചു നോബോൾ എറിഞ്ഞ പേസർ അർഷദീപ് സിങ്ങിനെതിരെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പരിക്കില്‍ നിന്നു തിരിച്ചെത്തിയ അർഷദീപ് അന്താരാഷ്ട്ര മത്സരം കളിക്കാൻ അര്‍ഹനല്ലെന്നാണ് ഗംഭീറിന്റെ പ്രതികരണം.

'ഏഴു പന്തുകൾ സങ്കൽപ്പിക്കുക, ഇത് 21 ഓവറില്‍ കൂടുതല്‍ എറിയുന്നതു പോലെയാണ്. എല്ലാവരും മോശം പന്തുകൾ എറിയുകയും മോശം ഷോട്ടുകൾ കളിക്കുകയും ചെയ്യുന്നുണ്ട്. അത് താളം കണ്ടെത്തുന്നതിന്‍റെ പ്രശ്നമാണ്. പരിക്കിന് ശേഷമാണ് വരുന്നതെങ്കിൽ നിങ്ങൾ അന്താരാഷ്ട്ര മത്സരം കളിക്കരുത്.' - എന്നായിരുന്നു ഗംഭീറിന്റെ വിമർശനം.

'പരിക്കു പറ്റിയാലും നീണ്ട ഇടവേള എടുത്താലും ആഭ്യന്തര ക്രിക്കറ്റ് കളിച്ചാണ് സീനിയർ ടീമിലേക്ക് മടങ്ങി വരേണ്ടത്. അവിടെ 15-20 ഓവർ എറിയണം. എന്നിട്ടുവേണം അന്താരാഷ്ട്ര മത്സരം കളിക്കാൻ. അർഷദീപ് താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു'- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ അർഷദീപിനെ ന്യായീകരിച്ചു. 'നിങ്ങൾക്ക് കളിയിൽ നല്ല ദിവസമുണ്ടാകാം. മോശം ദിവസവുമുണ്ടാകാം. എന്നാൽ അടിസ്ഥാനപാഠങ്ങളിൽ നിന്ന് തെന്നിപ്പോകരുത്. അർഷദീപിനെ സംബന്ധിച്ച് ഈ സാഹചര്യം ഏറെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല. നോ ബോളുകളുകളിൽ കളിയിൽ ഏതു സാഹചര്യത്തിലായാലും കുറ്റകരമാണ്'- അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ രണ്ടോവർ എറിഞ്ഞ അർഷദീപ് വിട്ടുനൽകിയത് 37 റൺസാണ്. കളിയിൽ ഇന്ത്യ വഴങ്ങിയ ഏഴു നോബോളിൽ അഞ്ചും താരത്തിന്റെ വകയായിരുന്നു. ആദ്യ ഓവറിലായിരുന്നു മൂന്നു നോബോൾ. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ നോബോളുകൾ വഴങ്ങുന്ന ഇന്ത്യൻ താരം എന്ന മോശം റെക്കോഡും ഇതോടെ അർഷദീപിന്റെ പേരിലായി.

16 റൺസിനാണ് ലങ്ക ഇന്ത്യയെ കീഴടക്കിയത്. ലങ്കൻ ടീം പടുത്തുയർത്തിയ 206 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനേ ആയുള്ളൂ. ഇതോടെ മൂന്നു മത്സരം അടങ്ങിയ പരമ്പരയിൽ ഓരോ ജയവുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമായി.

TAGS :

Next Story