Quantcast

കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ സ്വര്‍ണമുയര്‍ത്തി ജറമി ലാല്‍റിനുംഗ

പുരുഷന്മാരുടെ 67 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ജറമി ലാല്‍റിനുംഗയാണ് രാജ്യത്തിന് വീണ്ടും സ്വര്‍ണനേട്ടം സമ്മാനിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-08-29 09:22:36.0

Published:

31 July 2022 11:01 AM GMT

കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ സ്വര്‍ണമുയര്‍ത്തി ജറമി ലാല്‍റിനുംഗ
X

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ജറമി ലാല്‍റിനുംഗയാണ് രാജ്യത്തിന് വീണ്ടും സ്വര്‍ണനേട്ടം സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം അഞ്ചായി ഉയര്‍ന്നു. ഗെയിംസില്‍ ഇന്ത്യ ഇപ്പോള്‍ ആറാം സ്ഥാനത്താണ്.

യൂത്ത് ഒളിമ്പിക്സിൽ സ്വർണം നേടിയ 19 കാരൻ ബെർമിങ്ഹാമിൽ അത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷ തെറ്റിയില്ല. സ്നാച്ചിൽ ആദ്യ അവസരത്തിൽ 136 കിലോ ഉയർത്തിയ ജെറമി രണ്ടാം അവസരത്തിൽ ഗെയിംസ് റെക്കോർഡ് തിരുത്തി 140 കിലോ ഉയർത്തി. മൂന്നാം അവസരത്തിൽ 143 കിലോ ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും തൊട്ടടുത്തുള്ള എതിരാളിയേക്കാൾ 10 കിലോയുടെ നിർണായക ലീഡ് നേടിയിരുന്നു. ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യം 154 കിലോയും രണ്ടാം അവസരത്തിൽ 160 കിലോയും ഉയർത്തി. മൂന്നാം അവസരത്തിൽ 165 കിലോ ഉയർത്താനുള്ള ശ്രമം വിഫലമാവുകയും ചെയ്തു.

സമോവയുടെ വൈപവ നോവ ക്ലീൻ ആൻഡ് ജെർക്കിൽ 166 കിലോ ഉയർത്തി റെക്കോർഡ് പ്രകടനം നടത്തിയെങ്കിലും സ്നാച്ചിൽ നേടിയ 10 കിലോയുടെ ലീഡ് ജെറമിയെ തുണച്ചു. ആകെ 300 കിലോയുമായി ഗെയിം റെക്കോർഡോഡെ സ്വർണം. 293 കിലോ ഉയർത്തിയ വൈപവ നോവക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്ത്യ ഈ കോമണ്‍വെല്‍ത്തില്‍ നേടിയ അഞ്ച് മെഡലുകളും ഭാരോദ്വഹനത്തിൽ നിന്നാണെന്ന പ്രത്യേകതയും ഉണ്ട്



കഴിഞ്ഞ ദിവസമാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വർണം സ്വന്തമാക്കിയത്. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഗെയിം റെക്കോർഡോടെ സ്വർണം നേടിയത്.197 കിലോ ഭാരമാണ് ചാനു ഉയർത്തിയത്. മത്സരത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ മീരാബായ് ചാനു എതിരാളികളേക്കാൾ ബഹുദൂരം മുന്നിലെത്തിയിരുന്നു. ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യ ശ്രമത്തിൽ തന്നെ മീരബായ് സ്വർണം ഉറപ്പിക്കുകയായിരുന്നു.



TAGS :

Next Story