Quantcast

റാങ്കിങില്‍ വന്‍ കുതിച്ചു ചാട്ടം; മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡി.കെയുടെ തകര്‍പ്പന്‍ റീ എന്‍ട്രി

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേശീയ ജഴ്സിയില്‍ തിരിച്ചെത്തിയ കാര്‍ത്തിക് തന്‍റെ പ്രകടനം കൊണ്ട് റാങ്കിങിലും വന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-22 11:26:47.0

Published:

22 Jun 2022 11:20 AM GMT

റാങ്കിങില്‍ വന്‍ കുതിച്ചു ചാട്ടം; മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡി.കെയുടെ  തകര്‍പ്പന്‍ റീ എന്‍ട്രി
X

ഐ.പി.എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ദേശീയ ജഴ്സിയില്‍ തിരിച്ചെത്തിയ ദിനേശ് കാര്‍ത്തിക് അതേ പ്രകടനം ആവര്‍ത്തിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരം തോറ്റ് പിന്നില്‍ നിന്നിട്ടും രണ്ട് മത്സരങ്ങള്‍ ജയിച്ച് വീണ്ടും ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാന്‍ സാധിച്ചത് കാര്‍ത്തിക്കിന്‍റെ മിന്നും പ്രകടനം കൊണ്ടുകൂടിയാണ്. ഇപ്പോള്‍ ഇതാ കാര്‍ത്തിക് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി.

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേശീയ ജഴ്സിയില്‍ തിരിച്ചെത്തിയ കാര്‍ത്തിക് തന്‍റെ പ്രകടനം കൊണ്ട് റാങ്കിങിലും വന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നു. ഐ.സി.സിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ് പ്രകാരം കാര്‍ത്തിക് 87ആം സ്ഥാനത്തെത്തി. 108ല്‍ നിന്ന് 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കാര്‍ത്തിക് ആദ്യ നൂറില്‍ ഇടംപിടിച്ചത്. അതേസമയം ഇന്ത്യന്‍ നിരയില്‍ നിന്ന് ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞ ഏക ബാറ്റര്‍ ഇഷാന്‍ കിഷനാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ 206 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്കോറര്‍ ഇഷാന്‍ കിഷനായിരുന്നു. ഏഴാം സ്ഥാനത്തുണ്ടായിരുന്ന കിഷന്‍ ഈ പരമ്പരയിലെ പ്രകടനം മൂലം ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴില്‍ നിന്ന് ആറാം സ്ഥാനത്തേക്കെത്തി.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ നാലാം ടി20 യില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് ദിനേശ് കാര്‍ത്തിക്കിന്‍റെ അര്‍ധസെഞ്ച്വറിയാണ്. ആദ്യം ബാറ്റിങിറങ്ങിയ ഇന്ത്യക്കായി ഋഷഭ് പന്ത് പുറത്തായതിന് പിന്നാലെ ആറാമനായാണ് കാര്‍ത്തിക് ക്രീസിലെത്തുന്നത്. 26 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച കാര്‍ത്തിക് ടി20യില്‍ ഇന്ത്യന്‍ ജഴ്സിയിലെ തന്‍റെ ആദ്യ അര്‍ധസെഞ്ച്വറി കൂടിയാണ് കണ്ടെത്തിയത്. കാര്‍ത്തിക്കിന്‍റെ മികവില്‍ പൊരുതാവുന്ന സ്കോര്‍ കണ്ടെത്തിയ ഇന്ത്യ പിന്നീട് ബൌളര്‍മാരുടെ പ്രകടനത്തിലൂടെ കളി ജയിക്കുകയായിരുന്നു.

27 പന്തില്‍ 55 റണ്‍സെടുത്ത കാര്‍ത്തിക് ഇന്ത്യന്‍ ഇന്നിങ്സിലെ അവസാന ഓവറിലെ ആദ്യ പന്ത് സിക്സറടിച്ചാണ് ഫിഫ്റ്റി തികച്ചത്. ദേശീയ ടീമില്‍ അരങ്ങേറ്റം നടത്തി 16 വര്‍ഷത്തിനുശേഷമാണ് കാര്‍ത്തിക് ടി20യില്‍ അര്‍ധസെഞ്ച്വറി നേടുന്നത്. ഇന്ത്യന്‍ ജഴ്സിയില്‍ താരത്തിന്‍റെ 36-ാം മത്സരം കൂടിയായിരുന്നു അത്. ഒന്‍പത് ഫോറും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സ്. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം മത്സരത്തിലും കാര്‍ത്തിക് തിളങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ 21 ബോളില്‍ നിന്ന് കാര്‍ത്തിക് വാലറ്റത്ത് 30 റണ്‍സ് കണ്ടെത്തിയിരുന്നു.

ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്രിക്കറ്ററെന്ന റെക്കോര്‍ഡും ദക്ഷിണാഫ്രിക്കക്കെതിരെ കാര്‍ത്തിക് സ്വന്തമാക്കി. 37ആം വയസിലാണ് കാര്‍ത്തിക് ദേശീയ ജഴ്സിയില്‍ അര്‍ധസെഞ്ച്വറി നേടിയത്. നേരത്തെ 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 36-ാം വയസില്‍ അര്‍ധസെഞ്ച്വറി തികച്ച എം എസ് ധോണിയുടെ പേരിലായിരുന്നു റെക്കോര്‍ഡ്.

TAGS :

Next Story