Quantcast

''അവന്‍റെ കളി ഇതിനുമുമ്പ് ഞാന്‍ നേരിട്ട് കണ്ടിട്ടില്ല''; അര്‍ജുന്‍റെ അരങ്ങേറ്റത്തെക്കുറിച്ച് സച്ചിന്‍

സച്ചിന്‍ ഓപ്പണറായി ബാറ്റ് ചെയ്തിരുന്ന അതേ ടീമില്‍ മകന്‍ ഇന്ന് ബൌളിങ് ഓപ്പണ്‍ ചെയ്യുന്നു. സച്ചിന്‍ ആരാധകരെ സംബന്ധിച്ച് അതൊരു വൈകാരിക നിമിഷം തന്നെയായിരുന്നു...

MediaOne Logo

Web Desk

  • Published:

    18 April 2023 8:50 AM GMT

Sachin Tendulkar, Arjun,IPL,സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍,arjun tendulkar,ipl 2023
X

സച്ചിനും മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും

ഐ.പി.എല്ലില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയായിരുന്നു മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനെ സവിശേഷമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ സച്ചിന്‍ തന്നെ ഐക്കണ്‍ പ്ലെയറായി യാത്ര തുടങ്ങിയ ടീമിനായി പന്തെറിയുന്നു... സച്ചിന്‍ ഓപ്പണറായി ബാറ്റ് ചെയ്തിരുന്ന അതേ ടീമില്‍ മകന്‍ ഇന്ന് ബൌളിങ് ഓപ്പണ്‍ ചെയ്യുന്നു. സച്ചിന്‍ ആരാധകരെ സംബന്ധിച്ച് അതൊരു വൈകാരിക നിമിഷം തന്നെയായിരുന്നു.

അങ്ങനെ മുംബൈയുടെ ബൌളിങ് ഓപ്പണ്‍ ചെയ്ത് കൊല്‍ക്കത്തയുടെ റഹ്മാനുള്ളാ ഗുര്‍ബാസിന് നേരെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എറിഞ്ഞ ആദ്യ പന്ത് ഒരു തലമുറ റെക്കോര്‍ഡ് കൂടിയാണ് സൃഷ്ടിച്ചത്. ഐ.പി.എല്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോര്‍ഡാണ് ഇതിഹാസങ്ങളില്‍ ഇതിഹാസമായ സച്ചിന്‍റെയും മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടേയും പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടത്. ഒരു ടീമിനായി 10 വര്‍ഷങ്ങളുടെ ഇടവേളയില്‍ അച്ഛനും മകനും ക്രിക്കറ്റ് കളിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ മുഹൂര്‍ത്തത്തിനാണ് ഇതോടെ ക്രിക്കറ്റ് ലോകം സാക്ഷിയായത്. ക്രിക്കറ്റ് ഞരമ്പിലോടുന്ന ഇന്ത്യന്‍ ജനത അതേ വൈകാരികതയില്‍ത്തന്നെയാണ് ആ നിമിഷത്തെ സ്വീകരിച്ചതും.

മുംബൈക്കായി ബൌളിങ് ഓപ്പണ്‍ ചെയ്ത അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ആറ് ഡോട്ട് ബോളുകള്‍ ഉള്‍പ്പെടെ രണ്ട് ഓവറിൽ 17 റൺസിന് പൂജ്യം എന്ന ഫിഗറിലാണ് തന്‍റെ അരങ്ങേറ്റം പൂര്‍ത്തിയാക്കിയത്. അര്‍ജുന്‍റെ അരങ്ങേറ്റ നിമിഷത്തെക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സംസാരിക്കുന്ന വൈകാരികമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

''ഇതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു, അര്‍ജുന്‍ മാച്ച് കളിക്കുന്നത് ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അവന് പുറത്തുപോകാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അത് പ്രകടിപ്പിക്കാനുള്ള എല്ലാ സ്വതന്ത്രവും സ്പേസും ഉണ്ടായിരുന്നു". സച്ചിൻ പറഞ്ഞു.

''ഇന്നവന്‍ കളിക്കാനിറങ്ങിയപ്പോള്‍ ഞാൻ ഡ്രസിങ് റൂമിലായിരുന്നു. ഞാൻ മത്സരം ശ്രദ്ധിക്കുന്നതായി അവൻ മെഗാസ്‌ക്രീനിൽ കണ്ടാൽ ചിലപ്പോൾ അവന്‍റെ സ്വാഭാവിക കളിയെ അത് ബാധിക്കാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് തന്നെ ഞാന്‍ ഡ്രസിങ് റൂമില്‍ ഇരിക്കുകയായിരുന്നു''. സച്ചിൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം അര്‍ജുനും മുംബൈക്കായി ആദ്യ മത്സരം കളിക്കുന്നതിന്‍റെ ആവേശത്തിലായിരുന്നു. ഇത് ജീവിതത്തിലെ വളരെ വിലപ്പെട്ട നിമിഷമായിരുന്നെന്നും ആദ്യ ഐ.പി.എല്‍ സീസണ്‍ മുതല്‍ പിന്തുണക്കുന്ന ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.


''2008 മുതൽ പിന്തുണക്കുന്ന ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ പറഞ്ഞറിയിക്കാനാകാത്തത്രയും സന്തോഷമുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനും മുംബൈ ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കൈയ്യില്‍ നിന്ന് ക്യാപ് വാങ്ങാന്‍ കഴിഞ്ഞതും ജീവിതത്തിലെ വളരെ വിലപ്പെട്ട നിമിഷമായിരുന്നു''. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story