Quantcast

ഇരട്ട ഗോളുമായി ഹാരി കെയ്ന്‍; യുക്രൈനെ നാല് ഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് സെമിയില്‍

ഒരു ഗോൾ പോലും വഴങ്ങാതെ അവസാന നാലിലെത്തിയ ടീം എന്ന നേട്ടവും ഇതോടെ ഇംഗ്ലണ്ട് ടീം​ കുറിച്ചു...

MediaOne Logo

Web Desk

  • Published:

    4 July 2021 1:49 AM GMT

ഇരട്ട ഗോളുമായി ഹാരി കെയ്ന്‍; യുക്രൈനെ നാല് ഗോളിന് തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് സെമിയില്‍
X

യുക്രൈനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് നിലംപരിശാക്കി ഇംഗ്ലണ്ട് യൂറോ കപ്പ് സെമിയില്‍. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ സംബന്ധിച്ച് എതിരാളികളേ ആയിരുന്നില്ല യുക്രൈൻ എന്ന് കളി കണ്ടവര്‍ക്ക് തോന്നിപോകും വിധമായിരുന്നു ഇംഗ്ലീഷ് പടയുടെ സര്‍വാധിപത്യം. ഒന്ന് പൊരുതാൻ പോലും പണിപ്പെടാതെയായിരുന്നു യുക്രൈന്‍റെ പതനം.

കളിതുടങ്ങി നാലാംമിനിറ്റിൽ തന്നെ മുന്നിലെത്തിയാണ് ഇംഗ്ലണ്ട് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. സ്റ്റെർലിങ്ങിന്‍റെ കിറുകൃത്യമായ പാസിൽ ഗോളിയെ മറികടക്കേണ്ട ബാധ്യതയേ ഹാരികെയ്നുണ്ടായിരുന്നുള്ളൂ. കൃത്യമായ ഫിനിഷിലൂടെ ഹാരി ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഇംഗ്ലണ്ടിന്‍റെ നാല് ഗോളുകളില്‍ രണ്ടും വന്നത് ഹാരി കെയിൻറെ കാലുകളില്‍ നിന്നായിരുന്നു. നിരന്തരംഗോൾമുഖത്ത് ഇരച്ചെത്തിയ ഇംഗ്ലണ്ട് ഫോര്‍വേഡുകളുടെ മുന്നില്‍ യുക്രൈന് രക്ഷയായത് ഗോൾകീപ്പർ ബുഷ്ച്ചാന്റെ കരങ്ങളാണ്.

രണ്ടാംപകുതിയില്‍ ഇംഗ്ലണ്ടിന്‍റെ സർവാധിപത്യമാണ് കണ്ടത്. ആദ്യമിനിറ്റിൽ തന്നെ മഗ്യൂറോ ലീഡ് രണ്ടാക്കി ഉയർത്തി. ലുക്ക് ഷോയെടുത്ത ഫ്രീ കിക്കിൽ നിന്ന് മഗ്യൂറോ പവർഹുൾ ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു. ലുക്ക് ഷോയുടെ തന്നെ അസിസ്റ്റിൽ നിന്ന് അമ്പതാം മിനിറ്റിൽ ഇംഗ്ലണ്ടിന്‍റെ മൂന്നാം ഗോൾ വന്നു. ഹാരി കെയിൻറെ ബൂട്ടില്‍ നിന്നായിരുന്നു ആ ഗോള്‍. തൊട്ട് പിന്നാലെ കെയിനിന്‍റെ ഹാട്രിക് തടഞ്ഞ് യുക്രൈന്‍ ഗോളി ബുഷ്ച്ചാന്‍റെ തകർപ്പൻ സേവ്.

63-ആം മിനിറ്റിൽ ഹെൻഡേഴ്സണിലൂടെ ഇംഗ്ലണ്ട് ഗോളെണ്ണം നാലാക്കി. ഒടുവില്‍ ആശ്വാസഗോളിന് പോലും കാര്യമായി അധ്വാനിക്കാതെ ഷെവ്ച്ചെങ്കോവിന്‍റെ സംഘം ഇംഗ്ലണ്ട് കരുത്തിന് മുന്നിൽ കീഴടങ്ങി.ഒരു ഗോൾ പോലും വഴങ്ങാതെ അവസാന നാലിലെത്തിയ ടീം എന്ന നേട്ടവും ഇതോടെ ഇംഗ്ലണ്ട്​ കുറിച്ചു. ഗ്രൂപ്​ ഘട്ടത്തിലും ഇതുവരെ പൂർത്തിയായ രണ്ടു നോക്കൗട്ട്​ മത്സരങ്ങളിലും ഒരു ഗോൾ പോലും ടീം വഴങ്ങിയിട്ടില്ല. ആദ്യ സെമിയില്‍ ഡെന്മാർക്കാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. ബുധനാഴ്​ച വെംബ്ലിയിലാണ്​ മത്സരം

TAGS :

Next Story