Quantcast

2018ൽ ഗ്യാലറിയിൽനിന്ന് സെൽഫിയെടുത്ത് പോയി, ഇന്ന് കിരീടമെടുത്ത് തിളങ്ങി; ഫ്രാൻസിനെ വീഴ്ത്തിയത് എമി

ഇന്ന് ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയത്തിലടക്കം നടന്ന മത്സരങ്ങളിൽ ടീമിന്റെ നെടുന്തൂണായാണ് എമി തിളങ്ങിയത്

MediaOne Logo

Sports Desk

  • Published:

    18 Dec 2022 6:51 PM GMT

2018ൽ ഗ്യാലറിയിൽനിന്ന് സെൽഫിയെടുത്ത് പോയി, ഇന്ന് കിരീടമെടുത്ത് തിളങ്ങി; ഫ്രാൻസിനെ വീഴ്ത്തിയത് എമി
X

ദോഹ: ഷൂട്ടൗട്ട് വരെയെത്തിയ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തിയത് അർജൻറീനൻ ഗോളി എമിലിയാനോ മാർട്ടിനെസ്. ഇന്ന് ചാമ്പ്യൻ ടീമിന്റെ ഹീറോയായ ഗോൾകീപ്പർ മാർട്ടിനെസ് 2018 റഷ്യൻ ലോകകപ്പിൽ സഹോദരനൊപ്പമെത്തിയിരുന്നു. എന്നാൽ അന്ന് ഗ്യാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു താരം. അടുത്ത വട്ടം താൻ ടീമിൽ അണിനിരക്കുമെന്ന് ശപഥമെടുത്തായിരുന്നു അന്ന് മടങ്ങിയത്. ഇന്ന് ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയത്തിലടക്കം നടന്ന മത്സരങ്ങളിൽ ടീമിന്റെ നെടുന്തൂണായാണ് എമി തിളങ്ങിയത്. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവും താരത്തിനാണ്. ഇന്നത്തെ ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് തടുത്തത് മാർട്ടിനെസായിരുന്നു.

കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഫൈനലിൽ അർജൻറനീ ഒടുവിൽ വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജൻറീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി.

ആദ്യ പകുതി മുതൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ എംബാപ്പെയിലൂടെ ഫ്രാൻസ് തിരിച്ചുവരികയായിരുന്നു. എയ്ഞ്ചൽ ഡി മരിയയും ലയണൽ മെസിയുമാണ് ആദ്യം നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുത്തു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു. പക്ഷേ അർജൻറീനയ്ക്ക് ആശ്വസിക്കാൻ എംബാപ്പെ അവസവരം നൽകിയില്ല. 118ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ കിടിലൻ താരം വീണ്ടും എതിർവല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയിൽ നിർത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.

23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. തുടർന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 45ാം മിനുട്ടിൽ ഫ്രഞ്ച് പോസ്റ്റിൽ അർജൻറീനയ്ക്ക് ലഭിച്ച അവസരം ലോറിസ് വിഫലമാക്കി. 95ാം മിനുട്ടിൽ എംബാപ്പെയും കാമവിങ്കയും നടത്തിയ മുന്നേറ്റവും 96ാം മിനുട്ടിൽ മെസിയുടെ ഗോളെന്നുറച്ച ഷോട്ടും വിഫലമായി. ഫ്രാൻസിന്റെ മുന്നേറ്റം അർജൻറീനൻ പ്രതിരോധം തടഞ്ഞപ്പോൾ മെസിയുടെ ഷോട്ട് ലോറിസ് തട്ടിമാറ്റി.

ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ അർജൻറീനൻ നിരയിൽ തിരിച്ചെത്തി. അഡ്രിയാൻ റോബിയോയും ഉപമെകാനോയും ഫ്രാൻസ് ടീമിലും കളിച്ചിരുന്നു. 16ാം മിനുട്ടിൽ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിർപോസ്റ്റിന് മുകളിലൂടെയാണ് അടിച്ചത്. ഫ്രാൻസിനെതിരെ ഫൈനലിൽ അർജൻറീനയിറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. 26ാമത് മത്സരമാണ് ഇന്നത്തോടെ താരം കളിച്ചത്.

TAGS :

Next Story